ദൈവത്തിന്റെ ദാനമായ മക്കളെ കൈനീട്ടി വാങ്ങിയ ശുശ്രൂഷകൻ – തോമസ് കുര്യൻ

ജീവിത സൗകര്യത്തിന്റെയും പ്രാരാബ്ധങ്ങളുടെയും പേരിൽ മക്കളുടെ എണ്ണം  ഒന്നിലും രണ്ടിലും നിർത്തുന്നവർക്കു മുന്നിലേക്ക് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വാതായനങ്ങൾ തുറക്കുകയാണ് ഏഴുമക്കളുമായി ജീവിതം നയിക്കുന്ന വചന പ്രഘോഷകൻ തോമസ് കുര്യനും കുടുംബവും. ജീവിതം മുന്നോട്ടു വയ്ക്കുന്ന പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ മാത്രം ആശ്രയം വെച്ചുകൊണ്ട് ഇവർ നയിക്കുന്ന സംതൃപ്ത ജീവിതം ഇന്നത്തെ ലോകത്തിന്റെ ന്യൂക്ലിയർ ചിന്താഗതികളെ മാറ്റി മറിക്കുകയാണ്.

സാധാരണക്കാരായ മാതാപിതാക്കളുടെ ഏഴാമത്തെ മകനായി ആണ് തോമസ് കുര്യൻ ജനിക്കുന്നത്. കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞ ഒരു ബാല്യകാലം ആയിരുന്നു അദ്ദേഹത്തിന്റെത്. എങ്കിലും തന്റെ മക്കളെ ദൈവത്തോട് ചേർത്തു  നിർത്തുന്നതിനു ആ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.  അങ്ങനെ ഇരിക്കെ ഒരിക്കൽ ഇടവക പള്ളിയിൽ നടന്ന ധ്യാനത്തിൽ വെച്ചാണ് തോമസ് കുര്യൻ ദൈവത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. താൻ അറിഞ്ഞ് അനുഭവിച്ച ദൈവത്തിനായി ജീവിക്കുന്നതിനുള്ള വെമ്പലായിരുന്നു പിന്നീട് അങ്ങോട്ട്. അത് ചെന്ന് അവസാനിച്ചതോ വചന പ്രഘോഷകനാകുവാനുള്ള ദൈവീക പദ്ധതിയിലേയ്ക്കും.

താൻ അനുഭവിച്ച  ദൈവത്തിനായുള്ള പ്രവർത്തനം തോമസ് കുര്യൻ പൂർണ്ണമായും ആരഭിക്കുന്നത് തന്റെ ഇരുപതാമത്തെ വയസിലാണ്. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ദൈവത്തിന്റെ സ്നേഹം പകർന്നു നൽകിയ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വചന പ്രഘോഷണ ജീവിതം ആരംഭിക്കുന്നത്. അതിനു ശേഷം കുട്ടികൾക്കും മുതിർന്നവർക്കും യുവജനങ്ങൾക്കും ശൂഷകൾ നല്കുന്നതിലേയ്ക്ക് അദ്ദേഹത്തെ ദൈവം വളർത്തി. തുടർന്ന് ദൈവത്തിനായി ഇറങ്ങിത്തിരിക്കുന്നവർക്കുള്ള ഫോര്‍മേഷൻ ക്‌ളാസുകളിലേയ്ക്കായി അദ്ദേഹം ക്ഷണിക്കപ്പെട്ടു തുടങ്ങി. കേരളത്തിനകത്തും പുറത്തുമായി ധാരാളം ആളുകളെ ദൈവം അദ്ദേഹത്തിലൂടെ വാർത്തെടുത്തു.

സുവിശേഷ പ്രഘോഷണത്തിനായി മാറ്റിവെച്ച അദ്ദേഹത്തിൻറെ ജീവിതത്തിലേയ്ക്ക് മറ്റൊരു വ്യക്തി കൂടി കടന്നു വന്നു, പ്രീതി ദൈവം തനിക്കായി കൂട്ടു തന്ന വ്യക്തിയിലൂടെ അവർ ഭൂമിയിലെ ഒരു കൊച്ചു സ്വർഗ്ഗം തീർക്കുകയായിരുന്നു. അവരുടെ ജീവിതത്തിലേയ്ക്ക് ദൈവം അനുവദിച്ച അത്രേം മക്കളെ അവർ കൈനീട്ടി വാങ്ങി. തങ്ങളല്ല ദൈവമാണ് അവരെ വളർത്തുന്നതെന്ന പൂർണ്ണ ബോധ്യത്തിൽ നിന്ന് കൊണ്ട് ദൈവീക പദ്ധതിക്ക് മുന്നിൽ തലകുനിച്ചപ്പോൾ അവർക്കു ദൈവം നൽക്കിയത് ഏഴ് ആൺ മക്കളെ. ഇനിയും ദൈവം തരുന്നത്രേം മകളെ സ്വീകരിക്കുവാൻ ഒരുക്കമാണ് ഇവർ.

ഒന്നോ രണ്ടോ മക്കൾ മതി എന്ന് വയ്ക്കുന്നവരുടെ കാലത്ത് ഏഴുമക്കൾക്കു ജന്മം നല്കാൻ അവരെ പ്രേരിപ്പിച്ച ഘടകം ദൈവ കല്പനയാണ്. ഭൂമിയിൽ പെറ്റു പെരുകി അതിനെ കീഴടക്കുവിൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നു തോമസ് ഓർമ്മിപ്പിക്കുന്നു. തന്നെയുമല്ല സാധാരക്കാരായ ദമ്പതിമാരുടെ മക്കളിൽ ഏഴാമെത്തമനാണ് താൻ. അതിനാൽ തന്നെ തനിക്കു ഏഴ് മക്കളെങ്കിലും ഇല്ലെങ്കിൽ അത് തന്റെ മാതാപിതാക്കളോടുള്ള നീതികേടായിരിക്കും എന്നും അദ്ദേഹം പറയുന്നു.

ജീവിത ചിലവുകളും മറ്റും അടിക്കടി ഏറിവരുന്ന ഈ കാലത്തു ഇത്രയും മക്കളെ എങ്ങനെ വളർത്തുന്നു എന്ന് ചോദിച്ചാൽ ഇവർ അത്യുന്നതങ്ങളിലേക്കു നോക്കും. ഇവർ  ശരണം വയ്ക്കുന്നതും അവിടെ തന്നെയാണ്. കാരണം പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ലോകത്തിൽ അവയെ തരണം ചെയ്തു മുന്നേറുവാനും കഷ്ടതകളെ നന്മകളാക്കി മാറ്റുവാനും ദൈവ കൃപയാൽ ഇവർക്ക് കഴിയുന്നു. തന്നെയുമല്ല കാൽനൂറ്റാണ്ടിലേറെയായി തുടരുന്ന തന്റെ ശുശ്രൂഷാ ജീവിതത്തിൽ ഇദ്ദേഹത്തിന്റെ സമ്പാദ്യമാണ് ഈ മക്കൾ. ശുശ്രൂഷകൾ ധനസമ്പാദ്യത്തിനായുള്ള മാർഗ്ഗങ്ങളായി കണക്കാക്കുന്നവര്‍ കൂടുന്ന കാലത്തു നാളേയ്ക്കായി ഒന്നും കരുതി വയ്ക്കാതെ ദൈവത്തിൽ മാത്രം പ്രത്യാശ വെച്ച് മുന്നേറുകയാണ് തോമസും കുടുംബവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.