പകര്‍ച്ചവ്യാധിയുടെ ദൈവശാസ്ത്രം – 5 

(പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. ഈ ലേഖനപരമ്പരയിലെ അഞ്ചാം ഭാഗം. ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ https://www.lifeday.in/lifeday-theology-of-epidemic-01/ https://www.lifeday.in/lifeday-theology-of-epidemic-02/ ക്ലിക്ക് ചെയ്യുക).   

18. യുഗാന്ത്യോന്മുഖമായ ജീവിതം

വിശ്വാസജീവിതം അന്ത്യോന്മുഖമാണ്. ദൈവാനുഭവത്തിലും ദൈവൈക്യത്തിലുമാണ് വിശ്വാസി സായൂജ്യമടയുന്നത്. ഓരോ ദിവസവും ഈ പ്രതീക്ഷയിലും അതിന് ഒരുങ്ങിയുമാണ് അവൻ ജീവിക്കുന്നത്. എല്ലാത്തിന്റെയും അടിസ്ഥാനം യുഗാന്ത്യോന്മുഖതയും. കൈസ്തവജീവിതത്തിന്റെ ഈ യുഗാന്ത്യോന്മുഖഭാവം പകർച്ചവ്യാധിയുടെ കാലങ്ങളിൽ ഒരു വിശ്വാസിക്ക് കൂടുതൽ വ്യക്തമായി പ്രകടമാകും. ഭാവിയെക്കുറിച്ച് നിശ്ചയമില്ലായ്മയും രോഗത്തിന്റെ തീവ്രതയെക്കുറിച്ചുള്ള ആകുലതയും എല്ലാവരിലേയ്ക്കുമുള്ള ഒരു വേര്‍തിരിവുമില്ലാത്ത രോഗത്തിന്റെ പകർച്ചയും ഒരുതരത്തിലുള്ള സാമൂഹ്യസമത്വവും എല്ലാവരും ഒരേ യുഗാന്ത്യോന്മുഖതയിൽ വിശ്വസിക്കുന്നവരാണെന്ന ബോധവും എല്ലാവരിലും ഉണർത്തും.

ക്രൈസ്തവജീവിതം യുഗാന്ത്യോന്മുഖമാണെന്ന് അനുസ്മരിപ്പിക്കുന്ന പെസഹാ തിരുനാളും ദുഃഖവെള്ളിയാചരണവും ഉയിർപ്പു തിരുനാളും കൊണ്ടാടേണ്ട ദിനങ്ങളിൽ, കൊറോണ പടർന്നതുമൂലം ഈ അതിപ്രധാന തിരുനാളുകളൊക്കെ ഈ വർഷം ആഘോഷരഹിതമായിരുന്നു. പല മതങ്ങളിൽ വിശ്വസിക്കുന്ന ദൈവവിശ്വാസികൾക്കെല്ലാം ഈ വർഷം അവരുടെ ആചാരങ്ങളും മതാനുഷ്ടാനങ്ങളും തെറ്റി. എന്നാൽ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തീവ്രതയും ഉത്ഥാനത്തിന്റെ പ്രതീക്ഷയും കൊറോണ നൽകിയ വ്യഗ്രത മൂലം നൂറ്റാണ്ടുകളായി അനുഭവിച്ചുവന്നതിലും  തീവ്രമായും കൂടിയ വേദനയിലും ആകുലതയിലും ഉദാത്തമായ പ്രതീക്ഷയിലും ഈ  വര്‍ഷം അനുഭവിച്ചു.

കർത്താവിന്റെ രക്ഷാകര കർമ്മങ്ങൾ പ്രതീകങ്ങളിലൂടെ പുനാരാവിഷ്കരിക്കപ്പെടുന്ന വലിയ ആഴ്ചയിൽ അവയുടെ സിരാകേന്ദ്രമായ റോമാനഗരവും ഇറ്റലിയും ഈ വര്‍ഷം കൊറോണ മരണങ്ങളാൽ മുഖരിതമായിരുന്നു. ലോകം മുഴുവൻ അടച്ചുപൂട്ടലിൽ അമർന്നിരുന്നതിനാൽ, ആഘോഷമായ പീഡാനുഭവ കർമ്മങ്ങളൊന്നും ഈ വർഷം നടന്നില്ല. എന്നാൽ, ആചാരങ്ങളുടെ അർത്ഥവും ധ്വനിയും സ്വജീവിതത്തിലും സ്വസമൂഹത്തിലും ക്രൈസ്തവർക്ക് ഈ വർഷം വ്യക്തമായും കൃത്യമായും അനുഭവിക്കാനായി. ക്രിസ്തു അനുഭവിച്ചതും ക്രിസ്ത്യാനികൾ ആദിമനൂറ്റാണ്ടിൽ അനുഭവിച്ചതുമായ പീഡാസഹനങ്ങൾ അപ്രതീക്ഷിതമായി എത്തിയ പകർച്ചവ്യാധി മൂലം പീഡാനുഭവ വാരത്തിൽ ഈ വർഷം മറ്റൊരു ഭാവത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ചു. അക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, അവർ വിശ്വസിക്കുന്ന മതപാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ മറ്റു വിഗ്രഹങ്ങളാകാം ഉണ്ടാകുക.

ദുഃഖങ്ങളോടും ദുരിതങ്ങളോടുമുള്ള ക്രൈസ്തവസമീപനം അനുഭവമാക്കാനും ക്രിസ്തുവിന്റയും ആദിമക്രൈസ്തവരുടെയും സഹനത്തിലൂടെയും അതിജീവനം യാഥാര്‍ത്ഥ്യമാക്കാനും കോറോണയെന്ന പകർച്ചവ്യാധി മൂലം ഈ വര്‍ഷം ക്രൈസ്തവർക്കായി ഏകാന്തതയും കാരാഗൃഹവാസവും അനിശ്ചിതത്വവും ആശങ്കയും ക്രിസ്തുവിനും ക്രിസ്‌തുശിഷ്യർക്കും ഒരുപാടുണ്ടായിരുന്നു. ദൈവവിശ്വാസവും ദൈവാശ്രയബോധവും കൈവിടാതെ പ്രതീക്ഷയിലും പ്രത്യാശയിലും അവർ അവരുടെ സാഹചര്യങ്ങളെ നേരിട്ടു. അവരതിൽ വിജയിച്ചു. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ അന്ത്യോന്മുഖമായി ജീവിക്കാൻ ശ്രമിക്കുന്ന ക്രൈസ്തവരുടെയും വിളിയും ദൗത്യവും അതുതന്നെയാണ്.

19. ലോക്ക് ഡൌൺ

ലോക്ക് ഡൌൺ കാലഘട്ടം കൊറോണയെ നശിപ്പിച്ചിട്ടു പുറത്തിറങ്ങാമെന്നു കരുതി അടച്ചുപൂട്ടി അകത്തിരിക്കാനുള്ള കാലഘട്ടമല്ലായിരുന്നു. കോറോണയോടു കൂടി ജീവിക്കാൻ തയ്യാറെടുക്കാനുള്ള കാലഘട്ടമായിരുന്നു. ജീവിതശൈലീ മാറ്റത്തിലൂടെയും ശുചിത്വത്തിലൂടെയും കൊറോണയോടു കൂടി ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. എക്കാലത്തും ഏതെങ്കിലും ദുരന്തങ്ങൾ ഇടവിട്ട് ഉണ്ടാകാറുണ്ടായിരുന്നു. എന്നും ഏതെങ്കിലും പകർച്ചവ്യാധിയോ പ്രകൃതിദുരന്തമോ ഉണ്ടാകുകയും ചെയ്യും. അവയൊന്നും നമ്മുടെ സാധാരണജീവിതത്തെ ബാധിക്കാത്ത തരത്തിലുള്ള ജീവിതശൈലി രൂപപ്പെടുത്തുകയും ജീവിതസാഹചര്യങ്ങൾ ക്രമപ്പെടുത്തുകയും വേണം.

അടച്ചുപൂട്ടൽ വേണമെന്നും അടച്ചുപൂട്ടൽ ഇല്ലാതെയുമുള്ള ഉത്തരവാദിത്വപൂര്‍ണ്ണവും നിയന്ത്രിതവുമായ സാമൂഹ്യജീവിതം സാധ്യമാക്കണമെന്നു വാദിക്കുമ്പോഴും ലോക്ക് ഡൌൺ നൽകിയ പാഠങ്ങളും അനവധിയാണ്. കൃത്യമായ പ്ലാനോടു കൂടിയും ലക്ഷ്യത്തോടെയുമാണ് വിവിധ രാജ്യങ്ങളിൽ അടച്ചുപൂട്ടൽ നടപ്പാക്കിയത്. ഒരു കുറ്റവാളിയെ ഒരു വർഷത്തേയ്ക്കോ ഒന്നിലകം വര്‍ഷങ്ങളോ തടവിൽ പാർപ്പിക്കാൻ ശിക്ഷിക്കുന്നതുപോലെയാണ് ലോക്ക് ഡൌൺ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കുറ്റവാളികൾ മനപരിവർത്തനത്തിലൂടെയും ജീവിതക്രമം നവീകരിക്കുന്നതിലൂടെയും സമൂഹത്തിൽ സാധാരണജീവിതം നയിക്കുവാൻ പ്രാപ്തരാകുമെന്ന വിശ്വാസത്തിലാണ് ജയിൽശിക്ഷ നൽകുന്നത്.

ലോക്ക് ഡൌൺ ഒരുതരത്തിൽ സമയബന്ധിതമായ ഒരു ജയിൽ ശിക്ഷ പോലെയാണ്. അടച്ചുപൂട്ടപ്പെട്ട കാലഘട്ടത്തിൽ കൊറോണയോടു കൂടി സുരക്ഷിതമായി ജീവിക്കാൻ പഠിക്കുകയും പരിശീലിക്കുകയും ചെയ്യണം. ജീവിതകാലം മുഴുവനുമോ ഒരു നിശ്ചിത കാലയളവിൽ കൂടുതലോ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവനും തടങ്കലിൽ പാർപ്പിച്ച്‌ അവരുടെ ജീവൻ നിലനിർത്താനും അവരെ രോഗങ്ങളിൽ നിന്നും വിമുക്തമാക്കാനും ശ്രമിച്ചാൽ അവർ ഭാവിയിൽ അതിലും മാരകമായ രോഗങ്ങൾക്ക് അടിമയാകുമെന്നത് തീർച്ചയാണ്. അതുകൊണ്ട് കരുതലോടെയുള്ള സാധാരണജീവിതം കഴിവതും വേഗത്തിൽ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സാധിതമാകേണ്ടിയിരിക്കുന്നു.

20. അടച്ചുപൂട്ടലിന്റെ നേട്ടങ്ങൾ

കൊറോണയെ പ്രതിരോധിക്കുക മാത്രമായിരുന്നില്ല അടച്ചുപൂട്ടൽ മൂലം കരഗതമായ നേട്ടങ്ങൾ. ഉദാഹരണത്തിന് പലരെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൌൺ ഇല്ലായിരുന്നുവെങ്കിൽ ഇത്രനാൾ ഇത്രനേരം സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പലർക്കും കഴിയുമായിരുന്നില്ല. സ്വന്തം കുടുംബത്തിന്റെ ഗുണവും ദോഷവും ഇത്ര കൃത്യമായി പലർക്കും മനസിലാകുമായിരുന്നില്ല. നന്നായി ഉറങ്ങി വിശ്രമിക്കുവാനും സ്വന്തം ഭൂതകാലം ഒന്ന് വിലയിരുത്തുവാനും ഒരു തീർച്ചയുമില്ലാത്ത നാളേയ്ക്കു വേണ്ടിയുള്ള പല അനാവശ്യമായ പ്ലാനുകളും സ്വപ്നങ്ങളും ഉപേഷിക്കുവാനും കൊറോണയില്ലായിരുന്നുവെങ്കിൽ പലർക്കുമാകുമായിരുന്നോ?

ജീവിതത്തിൽ പ്രധാനമായതും അപ്രധാനമായതും എന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയതും കൊറോണയല്ലേ? മുമ്പ് ചെയ്യണമെന്നു കരുതുകയും എന്നാൽ സമയക്കുറവു മൂലം നടക്കാതെ പോയതുമായ പല കാര്യങ്ങളും ചെയ്തുതീർക്കുവാനും പല കടമകളും നിറവേറ്റുവാനും കൊറോണക്കാലം പലർക്കും ഉപകരിച്ചു. വ്യക്തിജീവിതത്തിലെ ക്രമചട്ടങ്ങൾ കൃത്യമാക്കാനും ചില വീഴ്ചകൾ പരിഹരിക്കുവാനും ചില ആഗ്രഹങ്ങൾ നിറവേറ്റുവാനും ലോക്ക് ഡൌൺ കാരണമായി. വായനാശീലം പുനരാരംഭിക്കാൻ, അടച്ചുപൂട്ടലിന്റെ കാലഘട്ടത്തിൽ  ഒട്ടനവധി പേർക്കായി എന്ന് അറിയുവാനിടയായി. ബഹിരാകാശയുദ്ധത്തിനും ചൊവ്വാവാസത്തിനും ബഹുദൂര മിസൈലിനും ഏറ്റവും ശക്തമായ അണ്വായുധത്തിനും സുരക്ഷിതമായ ഭൂഗര്‍ഭഗൃഹത്തിനുമൊക്കെ പണവും സമയവും ശക്തിയും ബുദ്ധിയും ചിലവഴിക്കുന്നതിനു പകരം നിസാരങ്ങളായ ബാക്ടീരിയയെയും വൈറസിനെയും വരുതിക്കു നിർത്താൻ നമുക്കായിരുന്നുവെങ്കിൽ പകർച്ചവ്യാധികൾ ഉണ്ടാവില്ലായിരുന്നു. ഇനിയെങ്കിലും പകർച്ചവ്യാധികളെ ചെറുക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകണം. അല്ലെങ്കിൽ പകർച്ചവ്യാധികൾ മാനവരാശിയെ ഇല്ലാതാക്കും.

21. ആധുനികമാധ്യമങ്ങളും ആത്മീയതയും

ഒരു ഇരുപത്തിയഞ്ചോ മുപ്പതോ വർഷങ്ങൾക്കു മുമ്പ് കംപ്യൂട്ടർ യുഗത്തെക്കുറിച്ച് മനുഷർ ഒരുപാടു സംസാരിക്കുകയും എഴുതുകയും ചെയ്തു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ ഒരു ഇ-മെയിൽ കണക്ഷൻ എടുത്തതിന്റെ പേരിൽ എന്റെ സഭാസമൂഹത്തിലെ ഒരു സഹോദരൻ എന്നെ അതികഠിനമായി വിമർശിച്ചതും ഇ-മെയിൽ സഭാചൈതന്യത്തിനെതിരായ മാധ്യമമായി ചിത്രീകരിച്ചതും ഞാനോർക്കുന്നു. (അദേഹം ഈ കുറിപ്പ് വായിക്കുമെന്നു കരുതുന്നു).

ഇന്ന് മറ്റേതൊരു രംഗത്തെന്നപോലെ ആദ്ധ്യാത്മികരംഗത്തും ആധുനിക-സാമൂഹിക മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമൂഹ്യബന്ധങ്ങൾ ഓൺലൈൻ മാത്രമായി ചുരുങ്ങുമോയെന്നും പലരും സംശയിക്കുന്നുണ്ട്. ഓൺലൈൻ ആരാധനയും ഓൺലൈൻ ക്‌ളാസ്സുകളും ഇന്ന് സാധാരണമായി. ആധുനിക മാധ്യമങ്ങളെ പിന്നീട് ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമത്തിന്റെയും നാളുകളെക്കുറിച്ചായി ചിന്തകളും എഴുത്തും. അതാതു നിമിഷങ്ങളില്‍ ലോകത്ത് എല്ലായിടത്തെയും വിവരങ്ങൾ അറിയുവാനും ലോകത്ത് എല്ലായിടത്തേയ്ക്കും വിവരങ്ങൾ അറിയിക്കുവാനും ഇന്ന് നമുക്കാകുന്നു. എന്നാൽ ഈ രണ്ടു യുഗങ്ങളും വളരെ ചെറിയ കാലയളവിൽ കടന്നുപൊയ്ക്കൊണ്ടിരുന്നു. മനുഷ്യർക്ക് ഇതു രണ്ടുമില്ലാത്ത ജീവിതം ഭാവന ചെയ്യാനാകില്ലെങ്കിലും, ഇതു രണ്ടും ജീവിതം എളുപ്പമാക്കിയെങ്കിലും രണ്ടിനോടും പലരും മടുത്തുതുടങ്ങി. മെയിലുകളും വാട്‍സ് അപ്പ് മെസ്സേജുകളും വായിക്കുന്നതും മറുപടി കൊടുക്കുന്നതും ഭാരമായിത്തുടങ്ങി. അപരിചിതരോട് സംസാരിക്കുന്നതും അപരിചിതർ ആവശ്യമില്ലാതെ കടന്നുകയറുന്നതും സംശയവും ഭയവും സൃഷ്ടിച്ചു. എപ്പോഴും എല്ലായിടത്തും സംലഭ്യമായിരിക്കുന്നത് മാനസികസംഘർഷത്തിനു കാരണമായി.

വരമൊഴിയും വാമൊഴിയും ചിത്രമൊഴിയും ഇന്നും പ്രസക്തമാണെന്നോർക്കണം.  അങ്ങനെ പലപല കാരണങ്ങളാൽ മനുഷ്യൻ ആത്മദർശനത്തിന്റെയും ആത്മബോധത്തിന്റെയും തലത്തിലേയ്ക്ക് തിരിഞ്ഞുനടക്കാൻ തുടങ്ങി. വലിയ ജനക്കൂട്ടത്തിലെ ശാരീരികസാന്നിധ്യവും സാമീപ്യവുമല്ല, രണ്ടോ മൂന്നോ പേര്‍ ഉൾക്കൊള്ളുന്ന സാന്നിധ്യവും സാമീപ്യവും മനുഷ്യൻ ആസ്വദിച്ചു തുടങ്ങി. പതിനായിരങ്ങൾ ഒത്തുചേരുന്ന കോൺസെർട്ടുകൾക്കും ഫുട്ബോൾ മത്സരങ്ങൾക്കും പോകാതെ അവയൊക്കെ വീട്ടിലിരുന്ന് മീഡിയയിലൂടെ കാണാനും ആസ്വദിക്കാനും തുടങ്ങി. അമ്പതു ലക്ഷത്തോളം ആളുകൾ പങ്കെടുത്തിരുന്ന കത്തോലിക്കാ സാർവ്വത്രിക യുവജന സമ്മേളനങ്ങൾക്കും വലിയ തിരുനാളാഘോഷങ്ങൾക്കും പകരം ചെറിയതും ഹൃദ്യവുമായ ആഘോഷങ്ങൾ മനുഷ്യൻ ഇഷ്ടപ്പെട്ടുതുടങ്ങി. വലിയ ആഘോഷങ്ങളും അവയോടനുബന്ധിച്ചുള്ള കച്ചവടസാധ്യതയും പലർക്കും ഉപജീവനം നൽകുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല.

ഓൺലൈൻ ക്‌ളാസുകളും ഓൺലൈൻ കോൺഫറൻസുകളും ഓൺലൈൻ ആരാധനയും ഒന്നും ശാശ്വതപരിഹാരമല്ല. ഓൺലൈൻ ഭക്ഷണം കൊണ്ട് ആരും ജീവിക്കില്ലല്ലോ. ഇതൊക്കെ താൽക്കാലിക പരിഹാരമായി കണ്ട് സാവധാനം കൃത്യമായ ജാഗ്രതയോടെയും മുൻകരുതലോടെയും ജീവിതശൈലീ മാറ്റത്തിലൂടെയും സാധാരണജീവിതത്തിലേയ്ക്ക് നമ്മൾ മടങ്ങണം. ഓൺലൈൻ വെറും രണ്ടാംനിര സഹായം പോലെ മാത്രം അങ്ങ് നടക്കട്ടെ. അല്ലെങ്കിൽ ഒരു സഹായിയായി മാത്രം കൂടെ കൂട്ടിക്കൊള്ളുക.

(തുടരും)

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
(ദൈവശാസ്ത്രത്തില്‍ ജർമ്മനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍).  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.