“എന്റെ മകൾ ജീവിച്ചത് 24 ദിവസം മാത്രം. എങ്കിലും അവളെ എന്റെ കൈകളിലെടുക്കാൻ സാധിച്ചു” – ഗർഭച്ഛിദ്രം നിരസിച്ച ഒരമ്മയുടെ വാക്കുകൾ

“കുഞ്ഞിന് ജീവിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. അതിനാൽ, ആ കുഞ്ഞിനെ അബോർഷൻ ചെയ്യുന്നതാണ് നല്ലതെന്നും. എന്നാൽ എനിക്കതിന് ആകുമായിരുന്നില്ല. അങ്ങനെ അവൾ ജനിച്ചു. പക്ഷേ ജീവിച്ചത് 24 ദിവസം മാത്രം” – തന്റെ മകളെ ഈ ഭൂമിയിൽ ഏതാനും ദിവസങ്ങൾ മാത്രമെങ്കിലും ജീവിക്കാൻ അനുവദിച്ച നിക്കരാഗ്വയിൽ നിന്നുള്ള ഗാബി എന്ന അമ്മയുടെ വാക്കുകളാണിത്.

1985 -ലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിയമപരമായി അനുവദിച്ചത്. അതിന്റെ വാർഷികമായ ജൂലൈ അഞ്ചിനാണ് ഗാബി എന്ന അമ്മയുടെ കഥ പുറത്തുവരുന്നത്‌. 2019 -ൽ ഗാബി 17 ആഴ്ച ഗർഭിണിയായിരുന്നു. മകൾക്ക് ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചു. “ഡോക്ടർമാർ എന്നെ ഗർഭച്ഛിദ്രത്തിന് അയച്ചു. എന്റെ മകളെ ഗർഭച്ഛിദ്രം ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തതിനാൽ ഭയത്തോടെയാണ് ഞാന്‍ അങ്ങോട്ടേക്ക് പോയത്. അവിടെ വച്ച് രണ്ട് ആൺകുട്ടികളെ കണ്ടുമുട്ടി. അവർ എന്നെ അബോർഷൻ നടത്താതിരിക്കാൻ സഹായിച്ചു. അവൾക്ക് അസുഖമുണ്ടെങ്കിലും അവളെ എന്റെ കൈകളിൽ ഒന്നെടുക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു” – ഗാബി പറയുന്നു.

അങ്ങനെ മകൾ ജനിച്ചു. എന്നാൽ ആ കുഞ്ഞ് ഗാബിയോടൊപ്പം ജീവിച്ചത് വെറും 24 ദിവസം മാത്രമാണ്. അവളുടെ വേർപാട് ഗാബിയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായിരുന്നു. എന്നാൽ, തന്റെ മകളെ ജീവനോടെ കൈകളിലെടുക്കണമെന്ന ആ അമ്മയുടെ ആഗ്രഹം നിറവേറി. “എന്നെ സഹായിച്ച രക്ഷാപ്രവർത്തകരോട് ഞാൻ നന്ദി പറയുന്നു” – ഇപ്പോൾ ആറ് മാസം ഗർഭിണിയായിരിക്കുന്ന ഗാബി പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.