കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ ഓർക്കാം പകർച്ചവ്യാധികൾ അത്ഭുതകരമായി തടഞ്ഞ ഈ വിശുദ്ധരെ

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ആളുകളെ ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് കൊറോണ വൈറസ് ബാധ. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ ഭീതി വിതച്ചു കഴിഞ്ഞു. പകർച്ചവ്യാധിയെ പേടിച്ചു പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിച്ചു കൂട്ടുന്ന അനേകം ആളുകളും ഉണ്ട്.

കൊറോണ പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ പ്രാർത്ഥനയ്ക്കായി ധാരാളം ആളുകൾ നമ്മോടു യാചിക്കുന്നുണ്ട്. ഈ അവസരത്തിൽ നമുക്ക് പ്രത്യേകം മാധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിക്കുവാൻ രണ്ടു വിശുദ്ധരെ പരിചയപ്പെടുത്താം. പണ്ട് പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ വിശുദ്ധരുടെ ശക്തമായ മാധ്യസ്ഥ്യത്തിലൂടെ ആ പകർച്ചവ്യാധി പൂർണ്ണമായും നഗരങ്ങളെ വിട്ടു പോയിരുന്നു. അധികം കേട്ട് കേൾവിയില്ലാത്ത ആ വിശുദ്ധരെ നമുക്കൊന്ന് പരിചയപ്പെടാം. പ്രാർത്ഥിക്കാം…

1. വിശുദ്ധ റോച്ച്

ഫ്രാൻസിലെ ഒരു ഇടത്തരം കുടുംബത്തിൽ ആണ് വിശുദ്ധ റോച്ച് ജനിച്ചത്. പാരമ്പര്യങ്ങൾ പറയുന്നതനുസരിച്ച് റോച്ച് ജനിച്ചപ്പോൾ നെഞ്ചിൽ അത്ഭുതകരമായി ഒരു ചുവന്ന കുരിശ് ഉണ്ടായിരുന്നു. തന്റെ മാതാപിതാക്കളുടെ മരണ ശേഷം തനിക്ക് ഉണ്ടായിരുന്നതെല്ലാം അദ്ദേഹം പാവങ്ങൾക്കായി നൽകി. ഏതാണ്ട് 20 വയസായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം.

1315-ൽ പല ഇറ്റാലിയൻ നഗരങ്ങളിൽ പ്ലേഗ് പടർന്നു പിടിച്ചു. ഈ സമയം റോച്ച് തന്റെ പക്കൽ എത്തുന്ന പ്ലേഗ് രോഗികളെ കുരിശടയാളത്താൽ അത്ഭുതകരമായി സുഖപ്പെടുത്തി. രോഗികളെ സഹായിക്കുന്നതിനിടയിൽ അദ്ദേഹത്തിനും രോഗം പിടിപെട്ടു. എങ്കിലും അദ്ദേഹം അത്ഭുതകരമായി ആ രോഗത്തിൽ നിന്നും രക്ഷപെട്ടു. രോഗബാധിതനായ അദ്ദേഹം കാട്ടിലേക്ക് പോയപ്പോൾ ഒരു നായ എത്തുകയും അദ്ദേഹത്തിന്റെ മുറിവുകൾ നക്കുകയും ചെയ്‌തു. വൈകാതെ തന്നെ അദ്ദേഹം സുഖപ്പെടുകയും ചെയ്തു. ഇത് ദൈവത്തിന്റെ പ്രത്യേകം കരുതലായി അദ്ദേഹം കരുതി.

എന്നാൽ വൈകാതെ ചാരനെന്നു മുദ്രകുത്തി ഭരണാധികാരികൾ അദ്ദേഹത്തെ തടവിലാക്കി. ശേഷിച്ച കാലം അദ്ദേഹം ജയിലിൽ ആയിരുന്നു. അദ്ദേഹം മരിച്ചതും ആ തടവറയിൽ കിടന്നായിരുന്നു. എന്നാൽ മരണ ശേഷം അദ്ദേഹം കിടന്നിരുന്ന സെല്ലിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു എന്നും ആരൊക്കെ അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നുവോ അവർക്കൊക്കെ പ്ളേഗിൽ നിന്നും സൗഖ്യം ലഭിക്കുമെന്നും ആ മാലാഖ വെളിപ്പെടുത്തിയതായി പാരമ്പര്യത്തിൽ പറയുന്നു. തുടർന്ന് റോച്ചിനോട് മാധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിക്കുന്നവരിൽ അത്ഭുതകരമായ സൗഖ്യം വെളിപ്പെട്ടു തുടങ്ങി.

2. വിശുദ്ധ റോസാലി

വിശുദ്ധ റോസാലിയുടെ ജീവിതത്തെ കുറിച്ച് വളരെ കുറച്ചു കാര്യങ്ങളെ സഭയ്ക്കും അറിയുകയുള്ളൂ. ഈ വിശുദ്ധയുടെ ജീവിത കഥ അറിയപ്പെട്ടു തുടങ്ങുന്നത് തന്നെ ഇവരുടെ മരണത്തിനു 500 വർഷങ്ങൾക്കു ശേഷം ആണ്. 1625-ൽ ഇറ്റലിയിലെ സിസിലിയിലെ പലേർമോയിൽ പ്ളേഗ് ബാധ ഉണ്ടായി. നഗരത്തിൽ പ്ളേഗ് ബാധിതരെ കൊണ്ട് നിറഞ്ഞു. സാഹചര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുമ്പോൾ ഒരു വേട്ടക്കാരന് വിശുദ്ധ പ്രത്യക്ഷപ്പെട്ടു. ഒരു ഗുഹയിൽ നിന്നും വിശുദ്ധയുടെ തിരുശേഷിപ്പുകൾ കണ്ടെത്തുവാനും അതുമായി നഗരത്തിനു ചുറ്റും പ്രദക്ഷിണം നടത്തുവാനും വിശുദ്ധ ആ വേട്ടക്കാരനോട് ആവശ്യപ്പെട്ടു.

വിശുദ്ധയുടെ നിർദ്ദേശം അനുസരിച്ചു വിശ്വാസികൾ ആ നഗരത്തിനു ചുറ്റും മൂന്നു പ്രാവശ്യം തിരുശേഷിപ്പുമായി പ്രദക്ഷിണം നടത്തി. അത്ഭുതകരമായി പ്ളേഗ് ബാധ ആ നഗരത്തിൽ നിന്ന് മാറി. വേട്ടക്കാർ തിരുശേഷിപ്പ് കണ്ടെത്തിയ ആ ഗുഹ സ്ഥിതി ചെയ്യുന്ന പലേർമോയുടെ രക്ഷാധികാരിയായി ആണ് അറിയപ്പെടുന്നത്.