തിരുഹൃദയ തിരുനാൾ ദിനത്തിൽ ഈ അമ്മയുടെ കഥ നമ്മൾ അറിയണം

ഈ കുറിപ്പിനാധാരം കഴിഞ്ഞ ദിവസം ഞാൻ കണ്ട ഒരു വീഡിയോ ആണ്. ഈശോയുടെ തിരുഹൃദയ തിരുനാളിനൊരുക്കമായി CMC Sisters-ന്റെ നേതൃത്വത്തിൽ ‘തിരുഹൃദയസ്പന്ദനം 2020’ എന്ന പേരിൽ ഓൺലൈനിൽ ത്രിദിനധ്യാനം ഉണ്ടായിരുന്നു. കോതമംഗലത്തിനടത്തുള്ള രാമല്ലൂരിലുള്ള സാൻജോ ഭവൻ ധ്യാനകേന്ദ്രത്തിലെ സി. ലിസ്യു മരിയ CMC ആണ് ധ്യാനം നയിച്ചിരുന്നത്.

മൂന്നാം ദിനത്തിലെ ഏകദേശം അമ്പതു മിനിറ്റു നീണ്ടുനിൽക്കുന്ന പ്രഭാഷണം കഴിഞ്ഞ ദിവസം (ജൂൺ 17, 2020) കേൾക്കാനിടയായി. മൂന്നാം ദിനത്തിൽ സി. ലിസ്യു മരിയ പറഞ്ഞ ഒരു സംഭവകഥ തിരുഹൃദയ തിരുനാൾ ദിനത്തിൽ എല്ലാവരും  കേൾക്കേണ്ടതാണന്നു തോന്നിയതിനാൽ ഇവിടെ കുറിക്കട്ടെ.

അപ്പനും അമ്മയും അഞ്ചു പെൺമക്കളുമടങ്ങുന്ന ഒരു കുടുംബം. അമ്മയും മക്കളും പള്ളിയിലെ ഗായകസംഘത്തിൽ പാടുന്നവരാണ്. മക്കളിൽ ആരുടെയും വിവാഹം നടന്നട്ടില്ല. അങ്ങനെയിരിക്കെ മൂത്തമകൾക്ക് സൗദിയിൽ നേഴ്സായി ജോലി ലഭിച്ചു.  സൗദിയിൽ ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഒരു മാസം ചെലവഴിക്കാൻ അപ്പനും അമ്മയും പോകുന്നു. പതിമൂന്നു ദിവസം കഴിഞ്ഞതേയുള്ളൂ, ഹാർട്ട് അറ്റാക്ക് വന്ന് അപ്പൻ മരിക്കുന്നു. അപ്പന്റെ മൃതദേഹവുമായി ആ അമ്മയും മകളും വീട്ടിലെത്തി.  നിറകണ്ണുകളോടെ നോക്കിനിൽക്കുന്ന ബന്ധുക്കളും അയൽക്കാരും… ആ അമ്മയും അഞ്ചു പെൺമക്കളും നാഥൻ നഷ്ടപ്പെട്ട അവസ്ഥയിൽ… ആരും ഒന്നും പതറിപ്പോകും. ആരുടെയും കല്യാണം കഴിഞ്ഞിട്ടുമില്ല.

ഇനി ഇവർക്കാരുമില്ലല്ലോ? അയൽക്കാരുടെയും ബന്ധുമിത്രാദികളുടെയും മുഖങ്ങൾ പറയാതെ തന്നെ അതു പറയുന്നുണ്ട്. മൃതസംസ്കാരത്തിനായി ശരീരം എടുക്കാൻ രണ്ടു മണിക്കൂർ മാത്രം ബാക്കി. ഫോട്ടോ എടുക്കുന്നവരുടെ തിരക്കവസാനിച്ചു. വൈദികൻ വരാൻ ഇനിയും സമയമുണ്ട്. തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന്റെ അടുത്തെത്തി മൃതശരീരത്തിലേയ്ക്കു നോക്കി ആ അമ്മ മക്കളോടായി പറഞ്ഞു: “മക്കളേ, ഇനി ഇന്നുമുതൽ ഈ കുടുംബത്തിനു നാഥനില്ല. അഞ്ചു പെൺമക്കളെയും എന്നെയും തനിച്ചാക്കി നമ്മുടെ പപ്പാ ഇന്നു യാത്രയായി. അതുകൊണ്ട് ഇന്നുമുതൽ ഈശോയുടെ തിരുഹൃദയമാണ് നമ്മുടെ വീട് ഭരിക്കേണ്ടത്. ഈശോയുടെ മാധുര്യമേറും ഹൃദയമേ… ഈ  കുടുംബത്തിന്റെ നാഥനായിരിക്കേണമേ എന്ന പ്രാർത്ഥന എത്ര തവണ നമ്മൾ പാടി പ്രാർത്ഥിച്ചതാണ്. അന്നൊക്കെ ഹൃദയത്തിൽ നിന്നല്ല നാം പാടിയത്, അധരം കൊണ്ട് അർത്ഥമറിയാതെയല്ലേ നാം പാടിയത്. ഇന്ന് നമ്മുടെ അപ്പൻ  ഈ വീട്ടിൽ ചിലവഴിക്കുന്ന അവസാന മണിക്കൂറിൽ ഹൃദയത്തിൽ നിന്ന് ആ ഗാനം പാടി നമുക്കു പ്രാർത്ഥിക്കാം… അപ്പനെ യാത്രയാക്കാം…”

ആ അമ്മയും മക്കളും ഹൃദയം നുറുങ്ങി ഇങ്ങനെ പാടി…

യേശുവിൻ മാധുര്യമേറും ഹൃദയമേ
നിൻ മുന്നിൽ ആദരവോടെ നിൽപ്പൂ…
ഈ സമൂഹത്തിന്റെ ദൈവവും കർത്താവും
നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങൾ….

കുടുംബത്തിന്റെ കാര്യസ്ഥത ഈശോയുടെ കരങ്ങളിലേൽപ്പിച്ച ആ അമ്മയെ സി. ലിസ്യു മരിയ രണ്ടു മാസങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോളുണ്ടായ കാര്യവും വചനപ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്. അന്ന് സിസ്റ്ററിന്റെ കൈകളിൽ പിടിച്ച് ആ തിരുഹൃദയ അമ്മ പറഞ്ഞു: “സിസ്റ്റർ, എന്റെ ഭർത്താവേ മരിച്ചിട്ടുള്ളൂ. എന്റെ കർത്താവ് മരിച്ചട്ടില്ല… ഞാൻ എന്റെ ജീവിതത്തിൽ എന്നും കർത്താവിന് ഒന്നാം സ്ഥാനം കൊടുത്തതിനാൽ ഞാൻ ഭാഗ്യവതിയാണ് സിസ്റ്റർ…”

ഓരോ തിരുഹൃദയ തിരുനാളും ഈശോയുടെ തിരുഹൃദയത്തിന് നമ്മെയും നമ്മുടെ ഭവനത്തേയും സമർപ്പിക്കാനുള്ള ക്ഷണമാണ്. ഈശോയുടെ തിരുഹൃദയത്തിൽ സ്ഥാനം കണ്ടെത്തുക എന്നതാണ് ഏറ്റവും സുരക്ഷിതമായ അവസ്ഥ. ഈശോയുടെ  മാധുര്യമേറുന്ന തിരുഹൃദയത്തിന്റെ മുന്നിൽ ആദരവോടെ നമ്മുടെ ജീവിതങ്ങളെ സമർപ്പിക്കാം, അനുഗ്രഹം കരസ്ഥമാക്കാം…

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.