കത്തോലിക്കാ കലയിലെ ഏറ്റവും ഹൃദയസ്പർശിയായ ശില്പമായ മൈക്കലാഞ്ചലോയുടെ പിയെത്തായെക്കുറിച്ച് അറിയേണ്ട ഏഴ് യാഥാർത്ഥ്യങ്ങൾ 

ജയ്സൺ കുന്നേൽ

മൈക്കലാഞ്ചലോ പൂർത്തിയാക്കിയ നിരവധി ശില്പങ്ങളിൽ കത്തോലിക്കർക്ക് ഏറ്റവും പ്രിയങ്കരമായത് പിയെത്തായാണ്. ഒരു മാലാഖയുടെ മുഖമുള്ള മറിയത്തിന്റെ മടിയിൽ ജീവനറ്റ യേശുവിന്റെ ശരീരം – ആരുടെയും ഹൃദയം ചലിപ്പിക്കുന്ന ചിത്രീകരണം.

1. ഒരു കല്ലറ അലങ്കരിക്കുന്നതിനാണ് പിയെത്താ നിർമ്മിച്ചത്  

ഫ്രഞ്ചുകാരനായ കർദ്ദിനാൾ ജീൻ ഡി ബിൽഹെറസ്, തന്റെ ശവകുടീരം അലങ്കരിക്കാൻ ഒരു ശില്പം നിർമ്മിക്കാൻ 24-കാരനായ മൈക്കലാഞ്ചലോയെ സമീപിച്ചു. ഈ ശില്പപത്തിനുള്ള വിഷയം നിർദ്ദേശിച്ചതും കർദ്ദിനാൾ ജീൻ ഡി ബിൽഹെറസ് ആയിരുന്നു. ഡേവിഡ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മറ്റു ചില മാസ്റ്റർപീസുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യന്റെ വികാരങ്ങൾക്ക് മുഖ്യപ്രാധാന്യം നൽകി മൈക്കലാഞ്ചലോ കൊത്തിയുണ്ടാക്കിയ ആദ്യത്തെ ശില്പം കൂടിയാണിത്.

2. മൈക്കലാഞ്ചലോ കൈയ്യെപ്പ് പതിപ്പിച്ചിരിക്കുന്ന ഒരേയൊരു ശില്പമാണ് പിയെത്താ

മൈക്കലാഞ്ചലോ കൊത്തിയുണ്ടാക്കിയ നിരവധി ശില്പങ്ങൾ ഉണ്ടെങ്കിലും കൈയ്യൊപ്പ് പതിപ്പിച്ച ഒരേയൊരു ശില്പം പിയെത്തായാണ്. പിയെത്തായിലെ മറിയത്തിന്റെ വസ്ത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ശില്പിയുടെ പേര് അവളുടെ നെഞ്ചിനു തൊട്ടുതാഴെയായി കൊത്തിവച്ചിരിക്കുന്നത് കാണുവാൻ കഴിയും.

കലാചരിത്രകാരനായ ജോർജിയോ വസാരി പറയുന്നതനുസരിച്ച്, പിയെത്താ കണ്ട ഏതാനും വഴിയാത്രക്കാർ അത് മറ്റാരുടെയോ ശില്പമാണന്നു പറയുന്നതുകേട്ട  മൈക്കലാഞ്ചലോ ശില്പത്തിൽ തന്റെ പേര് എഴുതിച്ചേർക്കാൻ തീരുമാനിക്കുകയായിരുന്നു.

3. ഒറ്റ മാർബിൾ കല്ലിൽ കൊത്തിയുണ്ടാക്കിയ പിയെത്താ 

5′ 9″ x 6′ 5″ വിസ്തൃതിയുള്ള പ്രൗഢഗംഭീരമായ പിയെത്താ ശില്പം നിർമ്മിച്ചിരിക്കുന്നത് ഒറ്റ മാർബിൾ കല്ലിലാണ്. ഇറ്റലിയിലെ ടസ്കാനിയിലെ പ്രശസ്തമായ കാരാര ഗുഹകളിൽ നിന്നു കണ്ടെത്തിയ വെള്ളയും നീലയും കലർന്ന ഒറ്റ മാർബിളിലാണ് പിയെത്താ  ശില്പം നിർമ്മിച്ചിരിക്കുന്നത്.

4. പിയെത്തായുടെ ആദ്യസ്ഥാനം വി. പത്രോസിന്റെ ബസിലിക്കാ അല്ലായിരുന്നു 

നിർമ്മിച്ചതിന് 200 വർഷങ്ങൾക്കുശേഷമാണ് പിയെത്താ ഇന്നു കാണുന്ന റോമിലെ  വി. പത്രാസിന്റെ ബസിലിക്കയിലേയ്ക്കു മാറ്റിയത്. ആദ്യത്തെ 200 വർഷക്കാലം പത്രോസിന്റെ ബസിലിക്കയ്തക്കു സമീപം കർദ്ദിനാൾ ഡി ബിൽഹെറസിന്റെ    ശവകുടീരം സ്ഥിതി ചെയ്തിരുന്ന സാന്താ പെട്രോണില്ലയുടെ ചാപ്പലായിരുന്നു പിയെത്തയുടെ സ്ഥാനം. 1699-ലാണ് വി. പത്രോസിന്റെ ബസിലിക്കായിൽ ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റിയത്.

5. അമേരിക്ക സന്ദർശിച്ച പിയെത്താ

1964-ൽ, 1964-65 വർഷങ്ങളിൽ ന്യൂയോർക്കിൽ വേൾഡ്സ് ഫെയറിന്റെ ഭാഗമായി പിയെത്താ പ്രദർശിപ്പിക്കുവാൻ അമേരിക്കന്‍ കർദ്ദിനാൾ ഫ്രാൻസിസ് ജോസഫ് സ്പെൽമാൻ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയോട് അനുവാദം ചോദിക്കുകയും പാപ്പാ അതിന് അനുവദിക്കുകയും ചെയ്തു. തൽഫലമായി ലക്ഷക്കണക്കിന് അമേരിക്കക്കാർക്കും ട്രേഡ് ഫെയർ സന്ദർശകർക്കും പിയെത്താ നേരിട്ടുകാണാനുള്ള ഭാഗ്യം സിദ്ധിച്ചു. 4,900 പൗണ്ടിലധികം ഭാരമുള്ള ഒരു വലിയ പ്ലെക്സിഗ്ലാസ് കവചനത്തിനുള്ളിലാണ് പിയെത്താ ശില്പം ന്യൂയോർക്കിൽ സുരക്ഷിതമായി വച്ചിരിക്കുന്നത്.

6. മറിയത്തിന് പ്രായം കുറഞ്ഞെന്ന വിമർശനം

1499-ൽ ശില്പം പൂർത്തിയായപ്പോൾ, 33 വയസ്സുള്ള ഒരു പുരുഷന്റെ അമ്മയായ മറിയം വളരെ സുന്ദരിയും ചെറുപ്പമാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു. തന്റെ ജീവചരിത്രത്തിൽ മൈക്കലാഞ്ചലോ തന്നെ തന്റെ ഡിസൈൻ തിരഞ്ഞെടുപ്പിനെ ന്യായീകരിച്ചു: “കന്യകകളായ സ്ത്രീകൾക്ക് കന്യകകളല്ലാത്ത സ്ത്രീകളേക്കാൾ കൂടുതൽ ഊര്‍ജ്ജസ്വലത കാണുമെന്ന് നിങ്ങൾക്കറിയില്ലേ? ശരീരത്തെ മാറ്റിമറിച്ചേക്കാവുന്ന കാമഭ്രാന്തമായ ആഗ്രഹം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കന്യകയുടെ കാര്യത്തിൽ അത് എത്രയോ കൂടുതലായിരിക്കും?“ എന്നായിരുന്നു മൈക്കലാഞ്ചലയുടെ മറുപടി.

7. ഒരിക്കൽ നശിപ്പിക്കപ്പെട്ട പിയെത്താ 

1972-ലെ പെന്തെക്കൊസ്ത് തിരുനാൾ ദിനത്തിൽ, ഹംഗറിയിൽ നിന്നുള്ള മാനസികരോഗിയായ ലാസ്ലോ ടോത്ത് എന്ന വ്യക്തി വി. പത്രോസിന്റെ ബസിലിക്കയിൽ കയറി പിയെത്താ നശിപ്പിക്കാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനുമുമ്പ് പ്രതിമയിൽ പതിനഞ്ചോളം കേടുപാടുകൾ ലാസ്ലോ സൃഷ്ടിച്ചിരുന്നു. മറിയത്തിന്റെ ഇടതുകൈയും മൂക്കിന്റെ അഗ്രവും കവിളും നശിപ്പിച്ചിരുന്നു.

ഫാ. ജയ്സണ്‍ കുന്നേല്‍