ജപമാല മധുരം: 2019 ഒക്ടോബർ 11 (മഹിമയുടെ രഹസ്യം -1)

“ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം. അവന്‍ ഇവിടെയില്ല; താന്‍ അരുള്‍ചെയ്‌തതു പേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു” (മത്തായി 28: 5-6).

കാത്തിരിപ്പിൻ്റെ ശനി

ഫാ. അജോ രാമച്ചനാട്ട്

മൂന്നാം ദിവസം ആകെപ്പാടെയങ്ങ് മാറുകയാണ്. ഇരുള്‍ മൂടിയ സ്റ്റേജിലേയ്ക്ക് മനോഹരമായ പ്രകാശം വന്നുവീണതു പോലെ.. പീഡാനുഭവങ്ങളുടെ കയ്പ്പിനു ശേഷം ഉത്ഥാനത്തിൻ്റെ മധുരം..

എന്റെ സുഹൃത്തേ, മൂന്ന് നാളിനപ്പുറമൊന്നും ഒരു കണ്ണീരും വേദനയും അതേപടി നിലനിൽക്കുന്നില്ല. പ്രിയപ്പെട്ടവരുടെ വേർപാടിൽ അലമുറയിട്ടവരും, പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവരും, ക്യാൻസറാണെന്നൊക്കെയുള്ള  അശുഭവാർത്തകൾ കേട്ടവരുമൊക്കെ പതിയെ ജീവിതത്തെ നേരിട്ടു തുടങ്ങുകയാണ്.. യാഥാർത്ഥ്യ ബോധങ്ങളിലേയ്ക്ക്‌ ഉണർന്നു തുടങ്ങുകയാണ്..

ഇരുളിനെ മനോബലം കൊണ്ട് പകലാക്കുന്ന എത്രയോ പേരെ നമ്മൾ കാണുന്നു?സത്യത്തിൽ ഈ മൂന്നാം ദിനം അത്രയ്ക്ക് മൂന്ന് ആകുന്നുമില്ല. ഇരുണ്ട വെള്ളിയാഴ്ച്ചയ്ക്കു ശേഷമുള്ള ശനിയുടെ പകൽ.. ഞായർ വെളുപ്പിന് ഉത്ഥാനമായി.. എന്നു പറഞ്ഞാൽ, മരണത്തിനും ഉയിർപ്പിനുമിടയിലുള്ളത് ഒരു പകൽ ആണ് – കാത്തിരിപ്പിന്റെ ശനി!

എന്റെ കുഞ്ഞേ, കണ്ണീരിൻ്റെ പ്രളയത്തിനപ്പുറം ശനിയാഴ്ച ദിവസം കാത്തിരുന്ന മറിയമെന്ന അമ്മ നിനക്ക് കൂട്ടാവട്ടെ.. ജപമാല മാസത്തിൽ അവൾ നിനക്ക് അതിജീവനത്തിന്റെ പാഠങ്ങൾ പറഞ്ഞുതരട്ടെ.. അമ്മയുടെ മേലങ്കി നിനക്ക് ഉയിർപ്പിനുള്ള ചൂടേകട്ടെ.. അമ്മയോടൊപ്പം ഒരു പകൽ കാത്തിരുന്നാൽ തെളിയാത്ത ഇരുളുകളില്ലെന്നാണ് ഓരോ ജപമാലയുടെയും നനവുള്ള ഓർമപ്പെടുത്തൽ..

നല്ല ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്