ഉത്തരമേകുന്ന തിരുഹൃദയം

അടഞ്ഞുപോയവയെയും, വെളിച്ചം കാണാത്തവയെയും, ഒറ്റപ്പെടുത്തിയവരെയും, ഒറ്റുകൊടുത്തവനെയും അരികിലേയ്ക്ക് വിളിച്ച് അഭയമരുളിയവനാണ് ക്രിസ്തു. “എഫാത്താ..” അടഞ്ഞുകിടക്കുന്ന മനുഷ്യന്റെ വതായനങ്ങൾക്കു മുമ്പിലുള്ള ക്രിസ്തുവിന്റെ വിളിയാണിത്.

എന്നെക്കൊണ്ട് സാധിക്കില്ല എന്നുകരുതി അടച്ചിട്ടിരിക്കുന്ന വാതിലുകൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ട്. ഇതൊന്നും എനിക്കുള്ളതല്ല എന്ന രീതിയിൽ നാം മുട്ടാത്ത വാതിലുകളുമുണ്ട്. നാവിന്റെ കെട്ടഴിക്കുന്നവനും, അന്ധന് പ്രകാശമായവനും, കുറുകിയ കാൽമുട്ടുകൾക്ക് ബലം പകരുന്നവനുമായ ദൈവത്തിന്റെ മുമ്പിൽ അടഞ്ഞ അധ്യായങ്ങളില്ല. ക്രിസ്തുവിന്റെ കയ്യിലേക്ക് വിട്ടുകൊടുക്കുന്ന ഒരു വാതിലുകളും എനിക്കുവേണ്ടി തുറക്കപ്പെടാതിരിക്കുകയുമില്ല.

ജീവിതഭാരങ്ങളുടെ മുമ്പിൽ, കടബാധ്യതകളുടെ മുമ്പിൽ മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞുപോകുന്നതായി തോന്നുമ്പോൾ, വഴിയരികിൽ ഇരുന്ന അന്ധയാചകനെപ്പോലെ ക്രിസ്തുവിന്റെ നാമം ഉരുവിടാനാകണം. അപ്പോൾ അവൻ അരുളിച്ചെയ്യും,”എഫാത്താ” – തുറക്കപ്പെടട്ടെ… നമ്മുടെ കൂടെ നമ്മുടെ ജീവിതപ്രശ്നങ്ങളെ നേരിടുവാൻ വഴിയായി അവനണയും.

റോസിനാ പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.