വിമലഹൃദയത്തിൽ ഉരുവായ തിരുഹൃദയം

ഒരമ്മയുടെ കയ്യിൽ നിന്നും സ്വന്തം കുഞ്ഞിനെ തട്ടിപ്പറിക്കുമ്പോൾ ചങ്കുപിടയാത്ത ഒരമ്മയും ഈ ഭൂമിയിൽ ഉണ്ടാവാനിടയില്ല. മൃഗങ്ങളും പക്ഷികളും പോലും എന്തൊരു സംരക്ഷണമാണ് കുഞ്ഞുങ്ങൾക്കു നൽകുന്നത്.

ജനിച്ചു ദിവസങ്ങൾ കഴിയുന്നതിനുമുമ്പേ അമ്മയിൽ നിന്നും കൈക്കുഞ്ഞിനെ തട്ടിപ്പറിച്ച് വധിക്കാൻ ശ്രമിക്കുന്ന ദാരുണമായ രംഗം പരിശുദ്ധ അമ്മയ്ക്ക് എത്രയേറെ ഹൃദയവേദന നൽകിയിരിക്കണം. ഒരുതവണയല്ല ഒരായിരം തവണ സ്വന്തം പുത്രനെ തട്ടിപ്പറിക്കാൻ പതിയിരിക്കുന്നവരുടെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന അമ്മഹൃദയം. ഓരോ മുറിവുകളിലും വചനമാണ് അമ്മയ്ക്ക് കരുത്ത്!!

ആദ്യം മുട്ടിയ കതക് കൊട്ടിയടച്ചപ്പോൾ, പ്രസവവേദനയോടൊപ്പം അവളുടെ ഹൃദയവും ചോര പൊടിച്ചിട്ടുണ്ടാകണം. കുഞ്ഞിനെ കാണാതെ ഓടിത്തീർത്ത ആ വഴികളിൽ, ഈജിപ്തിലേയ്ക്കുള്ള ആധി തീർത്ത രാത്രിയാത്രയൊക്കെ അവൾക്ക് ചുടുകണ്ണീർ സമ്മാനിച്ചിട്ടുണ്ടാവില്ലേ? ഒരിക്കൽ കുർബാനയാകാനുള്ളവനെ ഉന്തിയിട്ടു തകർക്കാൻ തന്നെ അവനിൽ നോട്ടം വച്ചിരുന്ന ഒരുകൂട്ടം ആൾക്കാർ ഉണ്ടായിരുന്നു.

ഭൂമിയിൽ ഒരമ്മ മാത്രം, ബലിക്കല്ലിലേയ്ക്ക് സ്വന്തം മകനെ വളർത്തിക്കൊണ്ടു വരുകയാണ്. മുന്നോട്ടുള്ള ഓരോ പ്രയാണത്തിലും കുരിശുമരം മുന്നിൽ വന്നുനിൽക്കുന്ന കാഴ്ച്ച അമ്മയെ എത്രയേറെ തളർത്തിയിട്ടുണ്ടാകാം!! പഴയനിയമം മുഴുവന്‍ ഹൃദിസ്ഥമാക്കിയ അമ്മയ്ക്ക് സ്വന്തം പുത്രനിൽ നിറവേറേണ്ട ഏശയ്യയുടെ പ്രവചനം മുന്നിൽക്കണ്ട് മിഴിപൂട്ടി ഉറങ്ങാനാകുമോ! കുരിശിൽ ബലി പൂർത്തിയാകും മുമ്പേ വഴിയോരത്തിലൂടെ മാംസപിണ്ഡമായി വലിച്ചിഴച്ച പുത്രനെ ചേർന്ന് അനുഗമിക്കുന്ന അമ്മയുടെ ഹൃദയം വെന്തുപൊള്ളുന്നത് ഊഹിക്കാനാകുമോ..

വികൃതമായ ഒരു മാംസക്കഷണം കണക്കെ ജീവനറ്റ പുത്രനെ മടിയിൽ ഏറ്റുവാങ്ങിയ അമ്മ, പുത്രന്റെ എല്ലാ ഇഷ്ടങ്ങളിലും കൂട്ടായി നിന്നവളല്ലേ?? ആ പുത്രനിൽ വീശിയടിച്ച ചാട്ടവാറിന്റെ ധ്വനി അവളുടെ കര്‍ണ്ണപുടങ്ങളെ പിളർന്നിട്ടുണ്ടാകില്ലേ? പുത്രനു പകരം മറ്റൊരുവനെ കൈയിൽ എല്പിച്ച്’ പൊന്നുമോൻ മിഴിയടച്ചപ്പോൾ പരിശുദ്ധന് വഴിമാറി പാപിക്ക് ചുമലാകുവാനുള്ള അവളുടെ വിളിക്കു മുന്നിൽ അവൾ വിറങ്ങലിച്ചിട്ടുണ്ടാവില്ലേ?? അമ്മയുടെ ഹൃദയം പുത്രനിൽ നിന്നും പറിച്ചുമാറ്റപ്പെടാൻ പാടില്ല. അതിനാലാകണമല്ലോ തിരുസഭ വിമലഹൃദയ തിരുനാൾ പുത്രന്റെ തിരുഹൃദയത്തോടു ചേർത്ത് ആഘോഷിക്കുന്നത്!! എല്ലാ പാപിക്കും പുത്രനിലേയ്ക്കുള്ള വാതിലാണ് അമ്മ..

എല്ലാവർക്കും വിമലഹൃദയ തിരുനാൾ ആശംസകൾ…

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.