കുരിശടയാളം എന്ന സംരക്ഷണം

തിന്മയുടെ ശക്തിയും സ്വാധീനവും അകന്നുപോകുവാനും ദൈവത്തിന്റെ സംരക്ഷണം ലഭിക്കുവാനും മേലില്‍ തിന്മയുടെ ശക്തി നമ്മെ ആക്രമിക്കാതിരിക്കുവാനും ഏവര്‍ക്കും ഉപയോഗിക്കാവുന്നതാണ് കുരിശടയാളം. വിശ്വാസത്തോടു കൂടി ചെയ്താലേ അനുഗ്രഹം ലഭിക്കുകയുള്ളൂ എന്നത് മറ്റൊരു കാര്യം.

വിശുദ്ധ ജലത്തിന്റെയും വിശുദ്ധ കുരിശിന്റെയും ശക്തി കൊണ്ടും, യേശുവിന്റെ നാമം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും പിശാചിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാം. അവന്‍ ആക്രമിച്ചാല്‍ അവനെ പുറത്താക്കാം; അവന്‍ ഉപദ്രവിക്കുന്നവരെ കണ്ടാല്‍ അവരെ സുഖപ്പെടുത്താം. വിശ്വാസവും പ്രാര്‍ത്ഥനയും കുരിശും യേശുവിന്റെ നാമവും ആയുധങ്ങളായി ഉണ്ടാകണമെന്നു മാത്രം.

അതുകൊണ്ട്, നാം ദിവസവും രാവിലെയും കിടക്കാന്‍ നേരത്തും കുരിശു വരയ്ക്കണം. വിശ്വാസത്തോടും ബോധ്യത്തോടും കൂടി കുരിശു വരച്ച് പ്രാര്‍ത്ഥിക്കണം. കുരിശിന്റെ ആകൃതിയില്‍ തന്നെ കുരിശു വരക്കണം. അര്‍ത്ഥം കൊടുത്തു തന്നെ ഈ പ്രാര്‍ത്ഥന ചൊല്ലുകയും കുരിശടയാളം വരയ്ക്കുകയും വേണം. തീര്‍ച്ചയായും യേശുവിന്റെ സാന്നിധ്യവും കുരിശിന്റെ ശക്തിയും തിന്മയുടെ ആക്രമണത്തില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കും. കുരിശു വരയ്ക്കാത്തവര്‍ ഉണ്ട്. ചിലര്‍ കുരിശിന്റെ ആകൃതിയിലൊന്നും കുരിശു വരയ്ക്കാറുമില്ല. കുരിശിന്റെ സംരക്ഷണം കിട്ടണം എന്ന് ഹൃദയത്തില്‍ ആഗ്രഹിക്കാറുമില്ല. വെറുമൊരു ചടങ്ങായി മാത്രം ചെയ്യുന്നു. അതുകൊണ്ട് കാര്യമില്ലല്ലോ.

നമ്മുടെ കഴുത്തില്‍ കുരിശ്, കാശുരൂപം, ജപമാല ഇവയിലേതെങ്കിലും ഒന്ന് ധരിക്കുന്നത് വലിയ സംരക്ഷണമാണ്. ഇവയിലേതാണ് ധരിക്കുന്നതെങ്കിലും അത് വെഞ്ചരിപ്പിച്ച ശേഷം ധരിക്കണം. അമ്മമാര്‍, തങ്ങളുടെ മക്കളുടെ കഴുത്തില്‍ കുരിശ് അഥവാ കാശുരൂപം ധരിപ്പിക്കുന്നത് അവര്‍ക്ക് കര്‍ത്താവിന്റെ സംരക്ഷണം കിട്ടുവാന്‍ കാരണമാകും. മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഇവ ധരിക്കുന്നതും, ധരിക്കുവാന്‍ ഇളംതലമുറയെ പ്രചോദിപ്പിക്കുന്നതും ദുഷ്ടാരൂപിക്ക് എതിരെയുള്ള കര്‍ത്താവിന്റെ സംരക്ഷണം ഉറപ്പാക്കും.