സന്യാസ സമൂഹാംഗങ്ങൾക്കു വ്യക്തിഗത റേഷൻ കാർഡ് അനുവദിക്കുന്ന നടപടി വൈകുന്നു

സംസ്ഥാനത്തെ വിവിധ സന്യാസ സമൂഹാംഗങ്ങൾക്കു വ്യക്തിഗത റേഷൻ കാർഡ് അനുവദിക്കുന്ന സർക്കാർ നടപടി പാതി വഴിയിൽ. നാളുകളായുള്ള സന്യാസമൂഹങ്ങളുടെ ആവശ്യത്തോടു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുകൂല നിലപാടെടുത്തെങ്കിലും മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതാണു തുടർനടപടികൾ ഇഴയാൻ കാരണം.

നിലവിൽ സന്യാസ സ്ഥാപനങ്ങളിൽ മദർ സുപ്പീരിയറുടെയോ ആശ്രമാധിപന്റെയോ പേരിൽ റേഷൻ കാർഡ് അനുവദിക്കുന്നുണ്ടെങ്കിലും അവിടുത്തെ താമസക്കാരായ സന്യസ്തരുടെ പേരുകൾ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ, അവർക്ക് റേഷൻ കാർഡ് ആധാരമാക്കിയുള്ള ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിക്കില്ല. സന്യാസ ജീവിതത്തിലേക്കു പ്രവേശിച്ചവരെന്ന നിലയിൽ അവരിൽ ഭൂരിപക്ഷത്തിന്റെയും പേരുകൾ തങ്ങളുടെ വീടുകളിലെ റേഷൻ കാർഡുകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഭാഗം സന്യാസമഠങ്ങളിലെ റേഷൻ പെർമിറ്റ് അകാരണമായി റദ്ദാക്കിയതായും ആരോപണമുണ്ട്. വിവിധ കോൺഗ്രിഗേഷനുകളിലായി 239 ബ്രദർമാരും സേവനം ചെയ്യുന്നുണ്ട്. റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനൊപ്പം, വാർധക്യ പെൻഷൻ പദ്ധതിയുടെ പ്രയോജനവും സന്യസ്തർക്കു കിട്ടുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.