ചാനലിലെ പാചക പരിപാടിയിൽ മികവ് തെളിയിക്കാനൊരുങ്ങി വൈദികൻ

ദൈവിക ചൈതന്യം കൊണ്ടും, പാണ്ഡിത്യം കൊണ്ടും മിഷനറി പ്രവർത്തനങ്ങൾ കൊണ്ടുമൊക്കെ പ്രശസ്തരായിട്ടുള്ള ധാരാളം വൈദികരുണ്ട്. എന്നാൽ തന്റെ പാചക മികവുകൊണ്ട് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് ഒഹിയോയിലെ ഒരു വൈദികനായ ഫാ. കൈൽ സ്നിപ്പേൽ. ‘ദ ഗ്രേറ്റ് അമേരിക്കൻ ബേക്കിംഗ് ഷോ’ എന്ന ചാനൽ പരിപാടിയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ. പ്രധാനമായും അകത്തോലിക്കരെ ലക്ഷ്യം വച്ചാണ് ഈ ഷോയിൽ പങ്കെടുക്കുന്നത് എന്നാണ് ഫാ സ്നിപ്പേൽ പറയുന്നത്. കാരണം ഒരു വൈദികന്റെ ജീവിതത്തിലെ മാനുഷിക തലത്തെക്കുറിച്ച് മനസിലാക്കാൻ അതവരെ സഹായിക്കും.

“അവരുടെ ജീവിതം എനിക്ക് അന്യമായിരിക്കുന്നതുപോലെ എന്റെ ജീവിതം അവർക്കും അന്യമായതിനാൽ അതിനൊരു മാറ്റം വരുത്തുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണ്. ഡിസംബർ ഏഴു മുതൽ ആറ് എപ്പിസോഡുകളായാണ് ഷോ. പങ്കെടുക്കുന്നവർ അമേരിക്കയിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് വ്യത്യസ്ത രുചികളാണ് പരീക്ഷിക്കേണ്ടത്.” ഫാ. കൈൽ സ്നിപ്പേൽ പറയുന്നു. സിൻസിനാറ്റിയിലെ രണ്ട് ഇടവകകളുടെ വികാരി കൂടിയാണ് ഫാ. സ്നിപ്പേൽ. ചെറുപ്പം മുതൽ പാചകത്തിൽ താത്പര്യം ഉണ്ടായിരുന്നെങ്കിലും മൂന്ന് വർഷങ്ങൾക്കുമുമ്പാണ് തനിക്കിത്രയും കഴിവുണ്ടെന്ന് ഫാ. സ്നിപ്പേൽ മനസിലാക്കിയത്. ഇടവകയിൽ നടത്തിയ ഒരു ഫെസ്റ്റിനു വേണ്ടി ഭക്ഷണസാധനങ്ങൾ തയാറാക്കിയപ്പോഴായിരുന്നു അത്. പിന്നീട് ഇടയ്ക്കിടെ പുതിയ പരീക്ഷണങ്ങൾ നടത്തുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു.

ഒരു സുഹൃത്തുവഴിയാണ് നാഷനല്‍ ഷോയിലേയ്ക്ക് അപേക്ഷിക്കേണ്ടതിന്റെ ലിങ്ക് കിട്ടിയത്. പിന്നീട് ഇന്റർവ്യൂവും ചെറിയ രീതിയിലുള്ള പാചക പരീക്ഷണവും അവർ നടത്തി. അതോടെ ഫാ. സ്നിപ്പേൽ ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെറുമൊരു ഷോയായി കാണാതെ ഇതിനെയും ഒരു പ്രേഷിത പ്രവർത്തനമായി കാണാനാണ് ഫാ. സ്നിപ്പേൽ ശ്രമിക്കുന്നത്. ഈ ഷോയിൽ പങ്കെടുത്തതോടുകൂടി വൈദികരെ സംബന്ധിച്ച് ആളുകൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റാൻ സാധിച്ചതായും ഫാ. സ്നിപ്പേൽ പറയുന്നു. വൈദികർ എപ്പോഴും വളരെ ഗൗരവമായിരിക്കണം എന്ന ചിന്താഗതി മാറ്റിയെടുക്കാൻ തനിക്ക് സാധിച്ചതായും ഫാ സ്നിപ്പേൽ സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും വിപ്ലവകരമായ ഒരു കാര്യം തന്നെയായിരിക്കുകയാണ് ഒരു വൈദികന്റെ ഈ പാചകമികവ് പ്രദർശനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.