പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 6 ഇന്തോനേഷ്യ – അവസാന ബഞ്ചിലെ ക്രിസ്ത്യാനി 

2017 – ല്‍ ഇന്തോനേഷ്യയില്‍ വച്ച് ഒരു സെമിനാര്‍ നടന്നു. തുടര്‍ച്ചയായ ക്രൈസ്തവ പീഡനങ്ങള്‍ക്കിടയിലും എങ്ങനെ ക്രിസ്തീയ സ്നേഹവും വിശ്വാസവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘ഫോബിയ’ – ഭയം – ഇല്ലാതെ എങ്ങനെ മുസ്ലീം മതത്തില്‍ പെട്ടവരെ സമീപിക്കാം എന്നും അവര്‍ ചര്‍ച്ച ചെയ്തു. വിവിധ സഭകളില്‍പെട്ട 40 പേരാണ് അതില്‍ പങ്കെടുത്തത്. ഇസ്ലാമോഫോബിയ മാറ്റാന്‍ തങ്ങള്‍ ശ്രമിക്കുമ്പോഴും മറുവശത്ത് വലിയൊരു പ്രശനമുള്ളത് അവര്‍ ചൂണ്ടിക്കാട്ടി.

“വെള്ളിയാഴ്ചത്തെ മോസ്ക്കുകളിലെ പ്രാര്‍ത്ഥനകളില്‍, ക്രിസ്ത്യാനികള്‍ അവിശ്വസികളാണ് എന്ന രീതിയില്‍ ഉള്ള പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. അവിശ്വാസികളെ ജീവിക്കാന്‍ അവരുടെ വിശ്വാസം അനുവദിക്കുന്നുമില്ല. പിന്നെങ്ങനെ ഞങ്ങള്‍ക്കുള്ള ‘ഫോബിയാ’ മാറും?” സത്യത്തില്‍ ഇവര്‍ക്കുള്ളത് ‘ഫോബിയ’ അല്ല. മറിച്ച്, യഥാര്‍ത്ഥത്തില്‍ ഉള്ള ഭയമാണ്. ഓരോ നിമിഷവും തങ്ങള്‍ കൊല്ലപ്പെടുമെന്നുള്ള ഭയം!

ക്രിസ്തുമതം ഇന്തോനേഷ്യയില്‍

14 – ആം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ഫ്രാന്‍സിസ്ക്കനായ ഫ്രയര്‍ മാത്തിയൂസി ഇന്തോനേഷ്യ സന്ദര്‍ശിച്ചതായി രേഖകളുണ്ട്. എന്നാല്‍ 16 – ആം നൂറ്റാണ്ടു മുതലാണ് ക്രിസ്തുമതം ഇന്തോനേഷ്യയില്‍ പ്രചാരിച്ചത്. പോര്‍ത്തുഗീസ് മിഷണറിമാരായിരുന്നു അതിനു പിന്നില്‍.  ഇപ്പോള്‍ പ്രോട്ടസ്റ്റന്റ്കാരും കത്തോലിക്കാസഭയും ഇന്തോനേഷ്യയില്‍ ഉണ്ട്. കൂടുതലും പ്രോട്ടസ്റ്റന്റ്കാരാണ്. രണ്ടുകൂട്ടരും ഒരുപോലെ മുസ്ലീം പീഡനത്തിനു വിധേയരാണ്.

മുസ്ലീങ്ങളുടെ ഭീഷണിയുടെ നിഴലില്‍ 

ഇസ്ലാം മത ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍, മുസ്ലീങ്ങളുടെ ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയിലെ 26 കോടി ജനങ്ങളില്‍ പത്തു ശതമാനമാണ് ക്രൈസ്തവര്‍. ഇന്തോനേഷ്യന്‍ ഭരണകൂടം ആധുനിക കാലത്തിനനുസൃതമായി സഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമീപനമാണ് പൊതുവായി സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ‘ശരി-അത്ത്’ നിയമത്തിനു കീഴില്‍ സമ്പൂര്‍ണ്ണ മുസ്ലീം രാഷ്ട്രം എന്ന ആവശ്യമുന്നയിച്ച് നിരവധി തീവ്ര മുസ്ലീം സംഘടനകള്‍ അവിടെ രൂപം കൊള്ളുന്നുണ്ട്.

12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,000-ത്തോളം ദേവാലയങ്ങള്‍ ബലമായി അടച്ചുപൂട്ടി

ഇന്തോനേഷ്യയുടെ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 1,000-ത്തോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. പ്രാദേശികാധികാരികള്‍, ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി യാതൊരു കാരണവുമില്ലാതെ വൈകിപ്പിക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യുന്നതും ഇവിടെ പതിവാണ്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരവാദികള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളേയും ആക്രമിക്കുന്നുണ്ട്. അധികാരികള്‍, പോലീസ് സഹായത്തോടെ ക്രൈസ്തവ ആരാധനാലയങ്ങളിലെ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുന്ന പ്രവണതയുമുണ്ട്. കൂടാതെ, മതമൗലികവാദികള്‍ പാസ്റ്റര്‍മാരെയും പുരോഹിതരേയും വിശ്വാസികളേയും ആക്രമിക്കുന്നതും ഇന്തോനേഷ്യയില്‍ പതിവു കാഴ്ചയാണ്. ക്രിസ്തുമതത്തിലേയ്ക്ക് മാറുന്നവരെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും ഒറ്റപ്പെടുത്തുകയും വാക്കുകളാലും പ്രവര്‍ത്തികളാലും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. മനംമാറ്റത്തിന് വിധേയമാകുന്നതുവരെ അവരോടുള്ള ക്രൂരത അവര്‍ തുടരുകയും ചെയ്യും.

2017- ലെ സെമിനാറില്‍ പങ്കെടുത്ത, ഹൈസ്കൂള്‍ വിദ്യാഭ്യാസം‍ കഴിഞ്ഞ ഒരാള്‍ തന്റെ അനുഭവം പങ്കുവച്ചു: “എന്റെ അമ്മ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നാണ്. അപ്പന്‍ പണ്ട് ക്രിസ്ത്യാനിയായിരുന്നു. അമ്മയെ കല്യാണം കഴിക്കാന്‍ വേണ്ടി മുസ്ലീം ആയതാണ്. ഇന്തോനേഷ്യന്‍ നിയമം രണ്ട് മതവിശ്വാസങ്ങളില്‍ ഉള്ളവര്‍ തമ്മിലുള്ള വിവാഹം അനുവദിക്കുന്നില്ല.”

ഒന്നു നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു: “എന്റെ ആന്റിയാണ് എന്നെ ക്രിസ്തു വിശ്വാസത്തിലേയ്ക്ക് നയിച്ചത്. ആന്റി ഒരു സുവിശേഷ പ്രസംഗകയാണ്. എന്റെ അമ്മയ്ക്ക് ആദ്യം എന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പള്ളിയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അരിശം പൂണ്ട അവര്‍ ആദ്യം കൈയില്‍ കിട്ടിയ സാധനം വച്ച് എന്നെ എറിഞ്ഞു. അതൊരു കത്തിയായിരുന്നു.” ഇസ്ലാമില്‍ നിന്നും മതംമാറുന്നവര്‍ എല്ലാം ഇതിനെക്കാളും വലിയ അവഗണന സ്വതക്കാരില്‍ നിന്നും അനിഭവിക്കുന്നുണ്ട്‌!

ക്രൈസ്തവരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളിലും വിവേചനം നേരിടേണ്ടതായി വരുന്നുണ്ട്. അവര്‍ക്ക് ക്ലാസിലെ അവസാന ബഞ്ചുകളിലാണ് സ്ഥാനം; മറ്റ് അവഗണനകള്‍ വേറെയും. ചില മുസ്ലിം വിശ്വാസികള്‍ അവരുടെ മക്കളെ ക്രിസ്ത്യന്‍ കുട്ടികളുടെ കൂടെ കളിക്കാന്‍ പോലും അനുവദിക്കാറില്ല.

ക്രിസ്ത്യന്‍ മേഖലകളില്‍ ശുദ്ധികലശം

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ തിമോര്‍ നഷ്ടപ്പെട്ടത് മുസ്ലിങ്ങളെ പ്രതികാരചിത്തരാക്കുന്നു. മുപ്പതിനായിരത്തിലധികം വരുന്ന ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ മേഖലകളില്‍ ഒരു ശുദ്ധികലശം എന്ന രീതിയിലാണ് അവര്‍ കൊലപാതകങ്ങളും അക്രമണങ്ങളും നടത്തുന്നത്. ഇസ്ലാം മതത്തിലേയ്ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുക, ബലമായി സുന്നത്ത് നടത്തുക എന്നിവ ഇസ്ലാം സൈനികരുടെ ക്രൂരതകളില്‍ ഉള്‍പ്പെടുന്നു. ഇവിടെ ക്രിസ്തുമതത്തില്‍പെട്ട സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു.

കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍

2000-ല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2014-ല്‍ മാത്രം ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരായി 67 അതിക്രമങ്ങള്‍ നടന്നു. അതില്‍ 30-ലേറെ കേസുകളും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാത്തതുമായ സംഭവങ്ങളാണ്. ചാവേറുകളാണ് പലപ്പോഴും ആക്രമണം നടത്താറ്. 2016-ല്‍ ഇസ്ലാം മതവിശ്വാസികളായ ഒരു സംഘം ആളുകള്‍ ഇടപെട്ട് ഇന്തോനേഷ്യയിലെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മധ്യ ജാവയിലെ സുരാകാര്‍ത്ത എന്ന സ്ഥലത്തുള്ള സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് സംഭവം നടന്നത്. വിശുദ്ധ ബലി അര്‍പ്പിക്കാനെത്തിയ വൈദികനും സഹായികളായി എത്തിയവര്‍ക്കും നേരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദികനും സഹായികളും സ്ഥലത്തു നിന്നും പലായനം ചെയ്യേണ്ടിവന്നു.

മരണപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി 1000 ദിവസം കഴിയുമ്പോള്‍ വിശുദ്ധ കുര്‍ബാന ആചരിക്കുകയും അവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പതിവ് ജാവായിലുള്ള കത്തോലിക്കാ വിശ്വാസികളുടെ ഇടയിലുണ്ട്. വീട്ടുകാര്‍ നടത്തുന്ന ഈ കുര്‍ബാനയിലേയ്ക്ക് മതഭേദമന്യേ എല്ലാവരേയും ക്ഷണിക്കാറുണ്ട്. ദിവ്യബലി ആരംഭിച്ച് ഒന്നാം വായനയ്ക്കുശേഷം രണ്ടു മുസ്ലീങ്ങള്‍, വൈദികനു നേരെ തിരിയുകയും അദ്ദേഹത്തെ അപമാനിക്കുവാന്‍ തുടങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയവര്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് കൊണ്ടുവന്ന ശേഷം അക്രമാസക്തരാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വിശുദ്ധ ബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. അഡ്രിയാനസ് സിലിസ്റ്റിയോനോയും സഹായികളും പ്രദേശത്തു നിന്നും പലായനം ചെയ്തു.

പിന്നില്‍ ഇസ്ലാമിക് ഡിഫെന്‍സ് ഫ്രണ്ട്

2011 -ല്‍, ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ജാംബി സംസ്ഥാനത്തിലെ അലാം ബാരാജോ ജില്ലയിലെ വെസ്റ്റ് കെനാലി ഗ്രാമത്തിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പോലീസ് അടച്ചുപൂട്ടി. ഇന്തോനേഷ്യ ക്രിസ്റ്റ്യന്‍ ഹുരിയ (ഹുരിയ ക്രിസ്റ്റെന്‍ ഇന്തോനേഷ്യ), ഇന്തോനേഷ്യന്‍ മെത്തഡിസ്റ്റ് ചര്‍ച്ച് (ഗെരെജാ മെത്തഡിസ്റ്റ് ഇന്തോനേഷ്യ), ഗോഡ്‌സ് അസംബ്ലീസ് ചര്‍ച്ച് (ഗെരെജാ സിഡാങ്ങ് ജമാഅത് അല്ലാ) എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സെപ്റ്റംബര്‍ 27-ന് ജാംബി നഗരത്തിലെ സിവില്‍ സര്‍വീസ് പോലീസ് അടച്ചു മുദ്ര വച്ചത്. സാമുദായിക ജീവിതത്തിനു ഭംഗം വരുത്തുന്നതിനാലും മതിയായ അനുമതി ഇല്ലാത്തതിനുമാണ് നടപടി എന്നായിരുന്നു ഔദ്യോഗികഭാഷ്യം. അതേസമയം സര്‍ക്കാര്‍ നടപടിക്കു പിന്നില്‍ ഇസ്ലാമിക് ഡിഫെന്‍സ് ഫ്രണ്ട് എന്ന ഇസ്ലാമിക സംഘടനയ്ക്ക് പങ്കുണ്ടായിരുന്നു എന്നാണ് പിന്നീട് തെളിഞ്ഞത്.

ഇതേ വര്‍ഷം, ഇന്തോനേഷ്യയിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരെ ഐഎസുമായി ബന്ധമുള്ള ഒരു കുടുംബത്തിലെ ആറു അംഗങ്ങള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായിലെ പള്ളികളിലാണ് അന്ന് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസാണ് ഏറ്റെടുത്തത്.

തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ ഗിരിലേയോയിലെ പൊതുശ്മശാനത്തിലുണ്ടായിരുന്ന 11 കുഴിമാടങ്ങളില്‍ സ്ഥാപിച്ചിരുന്ന കുരിശുകള്‍ അക്രമികള്‍ നശിപ്പിച്ചു. യോഗ്യാകാര്‍ത്ത പട്ടണത്തിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ ശ്മശാനത്തില്‍ നിന്ന് കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ഗ്രാമവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മേല്‍ സൂചിപ്പിച്ച സംഭവമെന്നതും ശ്രദ്ധേയം.

2019-ല്‍ ക്രിസ്തുമസിന് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണ ഭീഷണികള്‍ നിലനിന്നിരുന്നതിനാല്‍ ഇന്തോനേഷ്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വന്‍സുരക്ഷ ഏര്‍പ്പെടുത്തി. ഒന്നര ലക്ഷത്തിലധികം സൈനികരെ ഇതിനായി അധികാരികള്‍ വിന്യസിക്കുകയും ചെയ്തു. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ആ ദിവസങ്ങളില്‍ സുരക്ഷ നല്‍കുന്നതിന് 90,000 സൈനികരെയും നിയോഗിച്ചു.

പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ മൂന്ന് പതിറ്റാണ്ടുകളായി സാധിച്ചിട്ടില്ല. സ്വന്തം ഭവനങ്ങളില്‍ വച്ചു മാത്രമേ ക്രിസ്തുമസ് ആഘോഷിക്കാന്‍ പാടുള്ളൂവെന്ന് അവിടുത്തെ പ്രാദേശിക സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.

അടിയ്ക്കടി ഉണ്ടാകുന്ന ഭൂകമ്പത്തേയും മറ്റ് പ്രകൃതിദുരന്തങ്ങളേയും കരുത്തോടെ നേരിടുകയും അതിജീവിക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ ജനതയ്ക്ക് ക്രിസ്തുവിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളും ദുരിതങ്ങളും നേരിടാനും ശക്തിയും ധൈര്യവുമുണ്ടെന്ന് മനസിലാക്കാം. ഒപ്പം പ്രാര്‍ത്ഥിക്കാം, പ്രതിസന്ധികളെ അതീജിവിക്കാനുള്ള കരുത്ത് അവിടുത്തെ ക്രിസ്തുവിശ്വാസികള്‍ക്ക് ലഭിക്കുന്നതിനായി…

തുടരും 

നാളെ: എത്യോപ്യയിലെ ക്രിസ്ത്യന്‍ ഇരകൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.