പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 1 ഈജിപ്തിലെ  ക്രൈസ്തവരുടെ ദുരിത ജീവിതം

(ക്രിസ്ത്യാനി എന്നതിന്റെ പേരില്‍ ഓരോ ദിവസവും എട്ടു പേര്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് കണക്ക്. എന്നുവച്ചാല്‍ ഓരോ ദിവസവും നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോഴേയ്ക്കും, എട്ടു പേര്‍, അവര്‍ ക്രിസ്തുവിനെ അനുഗമിക്കാന്‍ തീരുമാനം എടുത്തു എന്നതിന്റെ പേരില്‍ മാത്രം വധിക്കപ്പെടുന്നു! ലോകത്തിലെ വിവിധ ഭാഗങ്ങളില്‍, ക്രിസ്ത്യാനികള്‍ക്ക് എതിരായി നടക്കുന്ന പീഡനങ്ങള്‍ വംശഹത്യയുടെ അടുത്തെത്തിയിരിക്കുന്നു എന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്ക്, മനുഷ്യര്‍ എന്ന പരിഗണന പോലും ചില രാജ്യങ്ങള്‍ നല്‍കുന്നില്ല. ക്രൈസ്തവപീഡനം മുഖമുദ്രയെന്നോണം കൊണ്ടുനടക്കുന്ന ചില രാജ്യങ്ങളിലൂടെ ഒരു യാത്ര.)

 

ക്രൈസ്തവ സന്യാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നാടാണ്‌ ഈജിപ്റ്റ്‌. ഈജിപ്റ്റിലെ വി. അന്തോനീസ്, വി. പക്കോമിയൂസ്, വി. അത്തനാസിയൂസ്, അലക്സാണ്ട്രിയായിലെ വി. ക്ലമന്റ്റ്, അലക്സാണ്ട്രിയായിലെ വി. കാതറൈന്‍, അലക്സാണ്ട്രിയായിലെ വി. ഡയോനീഷ്യസ്, അലക്സാണ്ട്രിയായിലെ വി. തെയോഫിലൂസ് തുടങ്ങിയ നിരവധി വിശുദ്ധരുടെ ജീവിത സ്ഥലം.

നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘ഈജിപ്തിലെ സന്യാസിമാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “സന്യാസാശ്രമങ്ങളാല്‍ ചുറ്റപ്പെടാത്തതായി ഈജിപ്റ്റില്‍ ഒരു പട്ടണമോ ഗ്രാമമോ പോലും ഇല്ലായിരുന്നു. മതിലുകള്‍ പോലെ സന്യസാശ്രമങ്ങളായിരുന്നു. ആളുകള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ ദൈവത്തില്‍ എന്നതുപോലെ ആശ്രയിച്ചിരുന്നു.” പക്ഷേ, ഇന്നത്തെ ഈജിപ്റ്റിലെ ക്രൈസ്തവരുടെ അവസ്ഥയെന്താണ് എന്ന് അറിയുന്നത് നല്ലതാണ്.

ഈജിപ്തിലെ  ക്രൈസ്തവരുടെ ദുരിത ജീവിതം

“ഞങ്ങളുടെ പള്ളി തകര്‍ക്കല്ലേ. ഞങ്ങള്‍ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?” നിലവിളികള്‍ക്കിടിലൂടെ 3,000-ഓളം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളുടെ യാചനകളുടെ സ്വരമുയര്‍ന്നു. പക്ഷേ, ക്രൂരരായ തീവ്രഇസ്ലാമിക വക്താക്കള്‍ അവരുടെ നിലവിളി പരിഗണിച്ചില്ല. ആറു മണിക്കൂറിനുള്ളില്‍ മൂന്നു നിലകളുള്ള ആ ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് അവര്‍ തകര്‍ത്തു. കഴിഞ്ഞ 15 വര്‍ഷങ്ങളായി അവര്‍ ആരാധന നടത്തിയ പള്ളിയാണത്.

ആ പള്ളിയില്‍ വച്ചായിരുന്നു അവരുടെ വിവാഹം നടന്നിരുന്നത്, അവരുടെ കുട്ടികളെ മാമ്മോദീസാ മുക്കിയിരുന്നത്, അവരുടെ പ്രിയപ്പെട്ടവരോട് അന്ത്യയാത്ര പറഞ്ഞിരുന്നത്. ആ പള്ളിയാണ് തകര്‍ക്കപ്പട്ടത്‌!

2020 മെയ് 21-ന് ഈജിപ്റ്റിലെ കോം അല്‍ ദാഗ (Kom El Deka) എന്ന ഗ്രാമത്തില്‍ നടന്ന സംഭവമാണിത്. ആ തകര്‍ക്കലിന്റെ പിന്നിലെ കഥയിതാണ്. ആ ഗ്രാമത്തിലെ ഏക പള്ളിയായിരുന്നു അത്. അടുത്ത ക്രിസ്ത്യന്‍ പള്ളി ഒമ്പതു കിലോമീറ്റര്‍ ദൂരത്തിലാണ്. സണ്‍ഡേ ക്ലാസ്സുകള്‍ക്കായി നിലവിലുണ്ടായിരുന്ന പള്ളിയുടെ മുകളില്‍ രണ്ടു നിലകള്‍ കൂടി ക്രൈസ്തവര്‍ നിര്‍മ്മിച്ചതാണ് അവിടുത്തെ തീവ്ര ഇസ്ലാമിക ആളുകളെ ചൊടിപ്പിച്ചത്. കെട്ടിടനിര്‍മ്മാണം എല്ലാ നിയമങ്ങളും അനുസരിച്ചായിരുന്നു. പക്ഷേ, മുസ്ലീംങ്ങള്‍ എതിര്‍പ്പുമായി വന്നു. മൃദുനിലപാടുള്ള മുസ്ലീംങ്ങള്‍ കെട്ടിടനിര്‍മ്മാണത്തിന് അനുകൂലമായിരുന്നു എന്നുമാത്രമല്ല, തീവ്രനിലപാടുകാരെ തടയുകയും ചെയ്തു. പക്ഷേ, പള്ളി പൊളിക്കണം എന്ന നിലപാട് മാറ്റാന്‍ തീവ്രവാദികള്‍ തയ്യാറായില്ല.

അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ക്രൂരമായിരുന്നു. ക്രിസ്ത്യന്‍ പള്ളിയോടു ചേര്‍ന്ന് അവര്‍ ഒരു മോസ്‌ക് പണിതു – അനധികൃതമായി. അതോടെ, ഗ്രാമഭരണാധികാരികള്‍ പള്ളിയും മോസ്‌കും ഒന്നിച്ചു പൊളിക്കാന്‍ ഉത്തരവിട്ടു. ആദ്യം അവര്‍ ക്രിസ്ത്യന്‍ പള്ളി മുഴുവന്‍ പൊളിച്ചു. പിന്നീട് മോസ്‌കിന്റെ ഒരു മതിലു മാത്രം പൊളിച്ചു.

‘ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ നാല് മോസ്‌കുകളുണ്ട്. യാതൊരു ആവശ്യവുമില്ലാതെയാണ് അവര്‍  ഞങ്ങളുടെ പള്ളിയോടു ചേര്‍ന്ന് പുതിയ മോസ്‌ക് യാതൊരു നിയമവും പാലിക്കാതെ പണിതുയര്‍ത്തിയത്’ – ഇടവകക്കാരനായ ബിഷോയ് വേദനയോടെ പറയുന്നു.

ഈജിപ്റ്റ് മുഴുവന്‍ നടക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ക്രിസ്ത്യാനികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍! ലോകത്തില്‍ തന്നെ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട സമൂഹമായി ക്രൈസ്തവര്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് പല മേഖലകളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എതിരായ പീഡനങ്ങള്‍ വംശഹത്യയുടെ അടുത്തെത്തിയിരിക്കുന്നു എന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ട രാജ്യമാണ് ഈജിപ്ത്.

പ്രാചീനമായ ക്രിസ്തീയ സമൂഹം 

ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രിസ്തീയ സമൂഹങ്ങളില്‍ ഒന്നാണ് ഈജിപ്തിലേത്. ക്രിസ്ത്വാബ്ദം ആദ്യ ശതകത്തില്‍, സുവിശേഷകനായ വിശുദ്ധ മര്‍ക്കോസാണ് ഈജിപ്തില്‍ ക്രൈസ്തവ വിശ്വാസം കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. 1 ാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രൈസ്തവ വിശ്വാസം ആദ്യ നൂറ്റാണ്ടുകളില്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. എ.ഡി. 639–642 – ല്‍ നടന്ന അറബ് കടന്നുകയറ്റത്തിനു ശേഷം എന്നും ക്രിസ്ത്യാനികള്‍ക്ക് ദുരിതകാലം ആയിരുന്നു.  ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല എന്നതാണ് വിഷമകരമായ വസ്തുത.

രണ്ടാം കിട പൗരന്‍മാരായി കാണുന്ന മനോഭാവം 

ഈജിപ്തിലെ രണ്ടാമത്തെ വലിയ മതവിഭാഗമാണ് ക്രൈസ്തവരെങ്കിലും ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണവര്‍ (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 നും 15 നും ഇടയില്‍). ഇക്കാരണത്താല്‍ തന്നെ ഈജിപ്തില്‍ തീവ്രവാദ ആക്രമണത്തില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു. പലര്‍ക്കും വാസസ്ഥലങ്ങള്‍ വിട്ട് ഓടിപ്പോകേണ്ടി വരുന്നു. സര്‍ക്കാരിന്റെ ഒത്താശയോടെ പല ദേവാലയങ്ങളും അടച്ചു പൂട്ടുന്നു. പുതിയത് പണിയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും എന്‍.ഒ.സി ലഭിക്കുന്നതുമില്ല. ഒരു പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കണമെങ്കില്‍ പ്രസിഡന്റിന്റെ പ്രത്യേക അനുവാദം വേണം.

1952 മുതല്‍ ക്രിസ്ത്യാനികളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന ഒരു മനോഭാവം നിലവിലുണ്ട്. മാറി വരുന്ന സര്‍ക്കാരുകളെ ആശ്രയിച്ചാണ് ഈജിപ്തില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്രത്തിന്റെ തോതിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. ക്രൈസ്തവര്‍ക്ക് മുസ്‌ലീം മതത്തിലേയ്ക്ക് മാറുന്നതിന് എല്ലാവിധ പിന്തുണയും ലഭിക്കും. എന്നാല്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവരെ കാത്തിരിക്കുന്നത് ക്രൂരപീഡനങ്ങളും. സ്റ്റേറ്റ് സ്‌കൂളുകളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കും ഇസ്ലാം മതം പാഠ്യവിഷയമാണ്.

കോപ്റ്റിക് ക്രൈസ്തവര്‍ 

കോപ്റ്റിക് ക്രൈസ്തവരാണ് കൂടുതലായും ഭീകരസംഘടനകളുടേയും മുസ്ലീം തീവ്രവാദികളുടേയും ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നത്. 2019 – ല്‍ ‘ദ വാല്‍സ്ട്രീറ്റ് ജേര്‍ണല്‍’ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈജിപ്തില്‍ ക്രൈസ്തവര്‍ക്കു കൂടുതല്‍ പള്ളികള്‍ പണിയാന്‍ അനുമതി കൊടുക്കുന്നതിനെതിരെ മുസ്ലീങ്ങള്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. പള്ളിയ്‌ക്കെതിരെ മുസ്ലീങ്ങള്‍ നടത്തുന്ന പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകാറുമുണ്ട്. 2018 ല്‍ പള്ളികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഈജിപ്ത് ഭരണകൂടം കൂടുതല്‍ ഉദാരമാക്കിയിരുന്നു. മുന്‍കാലപ്രാബല്യത്തോടെ പള്ളികള്‍ക്ക് അംഗീകാരം നേടുന്നതിന് ഇതുവഴി സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്രകാരം കൂടുതല്‍ പള്ളികള്‍ ക്രൈസ്തവര്‍ നിര്‍മ്മിക്കുന്നതിനെതിരെ മുസ്ലീങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആള്‍ക്കൂട്ടങ്ങളായി സംഘടിച്ചാണ് പലപ്പോഴും പ്രതിഷേധങ്ങള്‍ നടത്തിയിരുന്നതും. 2020 ലെ ‘വേള്‍ഡ് വാച്ചി’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ദേവാലയങ്ങള്‍ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയും ഡസന്‍ കണക്കിനു ദേവാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

അടിസ്ഥാന നീതി നിഷേധിക്കല്‍ 

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്ത്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമാക്കി മാറ്റുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. നീതി, വിദ്യാഭ്യാസം, അടിസ്ഥാന സാമൂഹിക ആവശ്യങ്ങള്‍ എന്നിവയെല്ലാം ക്രൈസ്തവരായവര്‍ക്ക് നിഷേധിക്കുകയാണ് പതിവ്. നിര്‍ബന്ധിത വിവാഹം, ചൂഷണം എന്നിവയാണ് ക്രിസ്ത്യന്‍ സ്ത്രീകളെ ആക്രമിക്കാനുപയോഗിക്കുന്ന ആയുധങ്ങള്‍.

ഈജിപ്തില്‍ഇസ്ലാമിക്‌ ഭീകരരുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവ കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതും പതിവാണ്. കുഞ്ഞുങ്ങളേയും കൊണ്ട് ഉടുതുണി മാത്രമായി രക്ഷപെട്ടോടുന്നവര്‍. ഈജിപ്തിലെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ വീഡിയോയും പലപ്പോഴായി അവര്‍ പുറത്തു വിട്ടിരുന്നു. ഐഎസ് ശക്തിയാര്‍ജിച്ച കാലത്തായിരുന്നു ഇതു കൂടുതല്‍.

ക്രൈസ്തവര്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന മതവിഭാഗമാണെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച ‘ജെറമി ഹണ്ട് സമിതി’ അടുത്തിടെ അവരുടെ റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. പലയിടത്തേയും ക്രൈസ്തവ പീഡനം വംശഹത്യയ്ക്ക് തുല്യമാണെന്നും ക്രൈസ്തവര്‍ ദുരിതപൂര്‍ണമായ കൂട്ടപലായനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവ പീഡനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഉറക്കം നടിക്കുകയാണെന്നും അന്ന് സമിതി കുറ്റപ്പെടുത്തിയിരുന്നു.

ഇസ്ലാം മതവിശ്വാസം വിട്ട് ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കാണ് കൂടുതല്‍ ദുരിതം. അവരെ നിരന്തരം തിരിച്ചു വരവിന് ആളുകള്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ക്രൈസ്തവരായ സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തും പൊതു സ്ഥലങ്ങളിലും മറ്റും ചൂഷണവും അവഗണനയും നേരിടേണ്ടി വരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി വിവാഹംകഴിച്ചു മതം മാറ്റുന്ന രീതിയും ഉണ്ട്. അടുത്ത നാളിലായി തീവ്ര ഇസ്ലാമിക വാദികള്‍ ക്രൈസ്തവരേയും സഭയേയും വ്യക്തിപരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവും മരണകാരണവുമായ പ്രവര്‍ത്തികളാണ് പലപ്പോഴും അവര്‍ ആക്രമണത്തിനായി സ്വീകരിക്കുന്നതും.

തുടര്‍ച്ചയായ ആക്രമണങ്ങള്‍

1981 നവംബര്‍ 17 – നായിരുന്നു കോപ്ടിക് വൈദികനായ മാക്സിമോസ് ഗീര്‍ഗിസിനെ തട്ടിക്കൊണ്ടു പോയത്. ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ച്, പബ്ലിക്കായി ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. അദ്ദേഹം അതിനു തയാറായില്ല. തുടര്‍ന്നു തീവ്ര ഇസ്ലാമിക വാദികള്‍ അദ്ദേഹത്തിന്റെ കഴുത്തു കണ്ടിച്ചു. രക്തം വാര്‍ന്നൊഴുകി അദ്ദേഹം മരിച്ചു.

2018 നവംബര്‍ രണ്ടിന് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഇസ്ലാം തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ഏഴു പേര്‍ തത്ക്ഷണം മരിക്കുകയും ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 നവംബര്‍ 23 ാം തിയതി കോപ്റ്റിക് ആക്ടിവിസ്റ്റ് റാമി കാമലിനെ ക്രൈസ്തവ വിരുദ്ധ നടപടികള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. 2019 ജൂണില്‍ ദൈവദൂഷണപരമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു എന്ന് കള്ളക്കേസ് ഉണ്ടാക്കി കോപ്റ്റിക് ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇതിനെല്ലാം പുറമേ ഔദ്യോഗിക അംഗീകാരത്തിനായി നിരവധി ദേവാലയങ്ങള്‍ കാത്തിരിക്കുമ്പോഴും ദൈവാലയങ്ങള്‍ പലതും പലപ്പോഴായി അഗ്നിക്കിരയാവുകയും ചെയ്യുന്നു. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതോ മറിച്ചോ എന്നതുമാത്രമാണ് ഈജിപ്തിലെ ക്രൈസ്തവ വിഭാഗത്തിന് അറിയേണ്ടത്.

ഹേറോദേസില്‍ നിന്നു രക്ഷപെടാനായി തിരുക്കുടുബം ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുന്നതായി നമ്മള്‍ ബൈബിളില്‍ കാണുന്നുണ്ട് (മത്താ. 2:13-15). അന്ന് രക്ഷയുടെ ഇടമായിരുന്നു ഈജിപ്ത്. ഇന്ന് അതേ ഈജിപ്തില്‍ നിന്ന് രക്ഷയ്ക്കായി ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടി വരുന്നു.

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  നമ്മില്‍ ആളിക്കത്തുന്ന വിശ്വാസത്തിന്റെ കനല്‍ പ്രാര്‍ത്ഥനയായും പ്രവര്‍ത്തനമായും പെയ്തിറങ്ങട്ടെ.

തുടരും

നാളെ ‘പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 2 ഇറാനിലെ  ക്രൈസ്തവരുടെ കണ്ണീര്‍’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.