
(എല്ലാവരും അത്താഴത്തിനു ശേഷമോ, വേറെ ഏതെങ്കിലും സമയത്തോ വീട്ടില്‍ പ്രാര്‍ത്ഥന ചൊല്ലുന്ന സ്ഥലത്ത് ഒരുമിച്ച് ചേരുന്നു. തിരി കത്തിച്ചു വയ്ക്കുന്നു. എല്ലാവരും കൈയില്‍ കുരുത്തോലകള്‍ പിടിക്കുന്നു).
കുടുംബനാഥൻ: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍
എല്ലാവരും: ആമ്മേന്‍
കുടുംബനാഥൻ: അത്യുന്നതങ്ങളിൽ ഓശാന, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ.
എല്ലാവരും: അത്യുന്നതങ്ങളിൽ ഓശാന.
കുടുംബനാഥൻ: നാം വിശുദ്ധ ആഴ്ചയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇന്ന് ദേവാലയത്തില്‍ വച്ച് നമ്മള് വെഞ്ചിരിച്ച കുരുത്തോലകള്‍ സ്വീകരിച്ചു. ഒരുമിച്ച് ഓശാന പാടി, ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി. ആ കുരുത്തോലകള്‍ നമ്മുടെ വീട്ടില്‍ പ്രതിഷ്ഠിക്കാനാണ് നമ്മള് ഇപ്പോള്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. ഈ കുരുത്തോലകളുടെ വിശുദ്ധ സാന്നിധ്യം അടുത്ത ഒരു വര്‍ഷം മുഴുവന്‍ നമ്മുടെ ഭവനത്തില്‍ ഉണ്ടായിരിക്കട്ടെ.
(കുട്ടികളില്‍ ഒരാള്‍ തിരുവചനം വായിക്കുന്നു)
വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം 4:10-11 വരെ ഉള്ള വാക്യങ്ങൾ.
“യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന് പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്പിക്കപ്പെടുന്നു.”
എല്ലാവരും: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി
(നിശബ്ദമായി അല്പം നേരം സ്തുതിക്കുന്നു).
കുടുംബനാഥൻ: നമുക്ക് പ്രാർത്ഥിക്കാം, കരുണയും സ്നേഹവും നിറഞ്ഞ ദൈവമേ നീ അനുഗ്രഹീതനാകുന്നു. പുത്രനായ ഈശോയെ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു . അങ്ങയുടെ മഹനീയമായ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ ഇന്ന് ഞങ്ങള്‍ അനുസ്മരിക്കുന്നു. ഓശാന പാടി, അങ്ങയെ എതിരേറ്റ അന്നത്തെ ജനങ്ങളോടൊപ്പം ഇന്ന് ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ കൈകളിലുള്ള കുരുത്തോലകള്‍ അങ്ങയുടെ വിജയത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ കുരുത്തോലകള്‍ ഞങ്ങള്‍ക്കിടയിലുള്ള അങ്ങയുടെ
സാന്നിധ്യത്തിന്റെ മറ്റൊരു അടയാളമാകട്ടെ. പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ നിരന്തരം നവീകരിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ എന്നേയ്ക്കും.
എല്ലാവരും: ആമ്മേന്‍
(ഓശാനയുടെ ഒരു ഗാനം എല്ലാവരുംകൂടി പാടുന്നു. തുടര്‍ന്ന് കുടുംബനാഥൻ മുതല്‍ ഓരോരുത്തരും തങ്ങളുടെ കുരുത്തോല നിശ്ചിത സ്ഥലത്ത് വയ്ക്കുന്നു. എല്ലാവരും കുരിശുവരയ്ക്കുന്നു. പരസ്പരം സ്തുതി ചൊല്ലുന്നു).
ഫാ. സൈജു തുരുത്തിയിൽ എം.സി.ബി.എസ്