മനസിന്റെ താളം തെറ്റിയവരെ ചേർത്തുപിടിച്ച സന്യാസിനിമാർ

സി. സൗമ്യ DSHJ

തെറ്റായ പ്രചരണങ്ങളും സന്യാസത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളും ഏറിവരുന്ന ഈ കാലത്ത് ദൈവമഹത്വം മാത്രം പ്രതീക്ഷിച്ച് മനുഷ്യന്റെ നല്ല വാക്കുകളിൽ പ്രത്യാശ അർപ്പിക്കാതെ വിശുദ്ധിയിൽ ജീവിക്കുന്ന ഒരുപറ്റം സന്യാസിനിമാരും ഉണ്ട്. അവർക്ക് സന്യാസം എന്നാൽ വിശുദ്ധമായ ജീവിതമാണ്. ദൈവവുമായുള്ള താദാത്മ്യപ്പെടലാണ്. മറ്റുള്ളവർക്ക് അവർ അനുഭവിച്ച നിസ്വാർത്ഥ സ്നേഹത്തിന്റെ പങ്കുവയ്ക്കലാണ്.

ആ പങ്കുവയ്ക്കലിൽ അവർ ജാതിയോ മതമോ അവരുടെ കുറവുകളോ വൈകല്യങ്ങളോ ഒന്നും നോക്കുന്നില്ല. ദൈവസ്നേഹം, കരുതൽ എവിടെയെല്ലാം ആവശ്യമുണ്ടോ അവിടെയെല്ലാം ദൈവത്തിന്റെ കരുണയുടെ വറ്റാത്ത ഉറവയായി മാറുകയാണ്. ഇത്തരത്തിൽ കരുണയുടെ മുഖമായി മാറിയ ഒരു കൂട്ടം സന്യാസിനിമാർ ഇതാ… മനസിന്റെ താളംതെറ്റിയ മക്കളുടെ ഇടയിൽ ദൈവസ്നേഹത്തിന്റെ കരവലയം തീർത്തവർ… ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ ‘പരിപാലനാ ഭവൻ’ -ലെ സന്യാസിനിമാരുടെ ജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം.

പരിപാലനാ ഭവന്റെ മുറ്റം തികച്ചും ശാന്തമായിരുന്നു. എന്നാൽ അവിടെയുള്ള 25-ഓളം വരുന്ന അന്തേവാസികളുടെ മനസ് അത്രകണ്ട് ശാന്തമല്ലായിരുന്നു. മാനസിക വൈകല്യമുള്ള 25 പേരും അവരെ ശുശ്രൂഷിക്കുന്ന നാല് സിസ്റ്റേഴ്‌സും അടങ്ങുന്നതാണ് ‘പരിപാലനാ ഭവൻ’ എന്ന ഈ ഭവനം. ഈ മഠത്തിലേയ്ക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യാൻ സിസ്റ്റേഴ്സിനൊപ്പം ഇവരും എത്താറുണ്ട്. പുഞ്ചിരിക്കുന്ന അവരുടെ മുഖങ്ങളിൽ നിന്നും ആർക്കും വായിച്ചറിയാൻ സാധിക്കുകയില്ല, അവരുടെ താളംതെറ്റിയ മനസ് ജീവിതമെന്ന മനോഹരഗാനത്തിന്റെ ശ്രുതിയും തെറ്റിച്ചുവെന്ന്.

ദൈവപരിപാലനയിൽ തുടക്കം കുറിച്ച ‘പരിപാലന ഭവൻ’

തൃപ്പൂണിത്തറയ്ക്കടുത്ത് ഉദയം പേരൂരിൽ 2006 മാർച്ച് 25-നായിരുന്നു പരിപാലനാ ഭവന്റെ തുടക്കം. ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ സഹോദരിമാർ ഈ സമൂഹം തുടങ്ങുമ്പോൾ, ദൈവം തരും എന്ന വിശ്വാസം മാത്രമായിരുന്നു കൈമുതൽ. നാനാജാതി മതസ്ഥരായ ആളുകളുടെ സഹായഹസ്തം പരിപാലന ഭവന് തണലായി കൂടെയുണ്ടായി. വളരെ അക്രമാസക്തരായ ആളുകൾ പോലും ഇവിടെ എത്തിയശേഷം ശാന്തരായി മാറാറുണ്ട്. കാരണം, ജോലിക്കാരാരുമല്ല ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. സ്വന്തം മക്കളെപ്പോലെ അവരെ നോക്കുന്ന സിസ്റ്റർമാരുടെ സ്നേഹം. ആ സ്നേഹമാണ് അവരുടെ രോഗത്തിനുള്ള മരുന്ന്. ഒപ്പം പ്രാർത്ഥനയുടെ ശക്തിയും. ഇവിടെയുള്ള സി. റാണി, സി. എലിസബത്ത്, സി. മരിയ സ്റ്റെല്ല, സി. അനിത എന്നീ സഹോദരിമാർ മക്കളെപ്പോലെ ഈ 25 പേരെയും പരിപാലിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളാണ്. മുടക്കം കൂടാതെ മരുന്നുകളും ഭക്ഷണവും വ്യായാമ മുറകളും നൽകി സശ്രദ്ധം ഇവരെ പരിപാലിക്കുന്നു.

കരുതലോടെ… സ്നേഹത്തോടെ…

വളരെ പ്രശ്നക്കാരായി വരുന്നവർപോലും ഇവിടെയെത്തുമ്പോൾ ശാന്തരാകാറുണ്ട്. ഇവിടെയുള്ള 4 സിസ്റ്റേഴ്സ്  ഈ 25 സഹോദരങ്ങളെ ശുശ്രൂഷിക്കുവാൻ തങ്ങളുടെ കഴിവും സമയവുമെല്ലാം രാപകൽ ഇല്ലാതെ ചിലവഴിക്കുന്നു. രാവിലെ 4.30 മുതൽ ആരംഭിക്കുന്ന ഈ സിസ്റ്റേഴ്സിന്റെ ദിവസം രാത്രി 11 മണി വരെ നീളും.

പരിപാലനാ ഭവനിലെ അന്തേവാസികൾ പൊതുവേ ഊർജ്ജസ്വലരാണ്. കാരണം, ഇവർ പകൽ സമയം മുഴുവൻ ചെറിയ ജോലികളിൽ വ്യാപൃതരാണ്. തയ്യൽ, ക്രാഫ്റ്റ് വർക്ക്, മെഴുകുതിരി നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായ സ്വയംപര്യാപ്തമായ തൊഴിലുകൾ ഇവർ അഭ്യസിക്കുന്നു. ഇവർ നിർമ്മിച്ച ഇത്തരം വസ്തുക്കൾ പുറത്തു വിൽക്കുവാനും സാധിക്കുന്നുണ്ട്. “വളരെ കൂടിയ ഡോസിലുള്ള മരുന്നുകൾ കഴിക്കുന്ന ഇവർ വെറുതെയിരുന്നാൽ അമിതമായി വണ്ണം വയ്ക്കും. കൂടുതൽ സമയം ഉറങ്ങുന്നതിനാലാണ് ഇത്തരം ചെറിയ തൊഴിലുകൾ അവരെ അഭ്യസിപ്പിക്കുന്നത്. മാനസിക ഊർജ്ജത്തിന് ഇവർക്ക് ഇത് ആവശ്യവുമാണ്.” പരിപാലനാ ഭവന്റെ സുപ്പീരിയറും നേഴ്‌സുമായ സി.  റാണി പറയുന്നു.

മാനസികോല്ലാസം അനിവാര്യം

ഇവരുടെ മാനസികനിലയിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകും. അതിനാൽ ശാരീരിക ഉല്ലാസത്തോടൊപ്പം മാനസികോർജ്ജവും ഇവിടെ നൽകിവരുന്നു. പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം മുതലായ കാര്യങ്ങളിൽ അവർ വ്യാപൃതരാകുന്നതുകൊണ്ട് മാനസികോല്ലാസം വർദ്ധിക്കുന്നു. ഡോ. തോമസ് ജോൺ ഇവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആഴ്ചയിൽ രണ്ടു ദിവസം രോഗികളെ നേരിൽ കാണാൻ എത്തുകയും ചെയ്യുന്നു.

സ്കിസോഫീനിയ, മാനിയ, സൈക്കോസിസ്, ഡിപ്രെഷൻ, മൂഡ് ഡിസ്ഓർഡേഴ്സ് എന്നിങ്ങനെയുള്ള മാനസിക വൈകല്യമുള്ളവരാണ്‌ ഇവിടെയുള്ളവർ. തികച്ചും ശാന്തമായ അന്തരീക്ഷം ഇവരുടെ മനസിനെ കൂടുതൽ സ്വസ്ഥമാക്കുന്നു.

പ്രതീക്ഷയുടെ നാമ്പുകൾ

പരിപാലന ഭവനിലെ 25 മക്കളിലേയ്ക്കും പ്രതീക്ഷയുടെ വെളിച്ചം തെളിക്കാൻ ഈ സഹോദരിമാർ ശ്രമിക്കുന്നു. പാട്ടും ഡാൻസുമൊക്കെയായി ജീവിതത്തെ കൂടുതൽ സന്തോഷപ്രദമാക്കുവാനുള്ള ശ്രമത്തിലാണ് ഇവർ. കാലത്തിന്റെ ചതുപ്പുനിലങ്ങൾ ഈ മക്കളെ തളർത്തിയെങ്കിലും പ്രതീക്ഷയുടെ നാമ്പുകൾ ഇവരുടെ നാളെയെ പ്രകാശമാക്കുക തന്നെ ചെയ്യും. കാരണം, ഈ സന്യാസിനികൾ നൽകുന്ന മനോബലം ഇവർക്ക് പ്രദാനം ചെയ്യുന്നത് നാളെയുടെ പുത്തൻ പ്രതീക്ഷകളാണ്. നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ നെട്ടോട്ടമോടുന്ന ഒരു ലോകത്തിൽ നിസ്വാർത്ഥത വറ്റിപ്പോയിട്ടില്ല എന്നതിന്റെ വലിയ തെളിവാണ് ഈ സന്യാസിനിമാരുടെ ജീവിതം.

സി. സൗമ്യ DSHJ