പതിനായിരത്തോളം വെനിസ്വലൻ കുടിയേറ്റക്കാർക്ക് ഭക്ഷണവും താമസസൗകര്യവുമൊരുക്കി ഒരു അമ്മ

ഇക്വഡോറിലെ ഇബാമ്പുരയിൽ ഒരു ഹോസ്റ്റൽ ഉണ്ട്. ദിനംപ്രതി 138 പേർക്ക് താമസവും 500 പേർക്ക് ഭക്ഷണവും നൽകുന്ന ഇടം. വെനിസ്വലയിലേക്ക് കുടിയേറുന്ന അനേകായിരം ആളുകളുടെ ആശ്വാസകേന്ദ്രമാണ് ഇത്. കാർമെൻ എന്ന ഒരു സാധാരണ സ്ത്രീയാണ് ഇതിന്റെയൊക്കെ പിന്നിൽ. പഴം, പച്ചക്കറി വില്പനക്കാരിയും എട്ടു മക്കളുടെ അമ്മയുമായ ഈ സ്ത്രീയുടെ ജീവിതം തന്നെ ഒരു സേവനമാണ്. ഏകദേശം പതിനായിരത്തോളം ആളുകൾക്കാണ് കാർമെൻ സഹായഹസ്തമായി നിലകൊണ്ടത്.

വെനിസ്വലയിൽ നിന്ന് എത്തുന്ന നിരവധി കുടിയേറ്റക്കാരായ പാവപ്പെട്ട ആളുകൾക്ക് സുരക്ഷിതരായി ജീവിക്കാനും സൗജന്യമായി ഭക്ഷണവും കാർമെൻ നൽകുന്നു. ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെയെത്തി വിശ്രമിച്ച് വയറു നിറയെ ഭക്ഷണം കഴിച്ച് കടന്നുപോകുന്നത്. ഈ പ്രവർത്തികളിലൂടെ തന്റെ എട്ടു മക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാതൃകയാണ് ഇതെന്ന് കാർമെൻ പറയുന്നു. മൂത്ത കുട്ടിക്ക് മുപ്പതും ഇളയ ആൾക്ക് പന്ത്രണ്ടും വയസ് പ്രായമുണ്ട്. ഇതിൽ രണ്ടു പേരെ ദത്തെടുത്തതുമാണ്. കാർമെനും ഭർത്താവും എട്ടു മക്കളും ചേർന്നാണ് ഈ വലിയ ഒരു കാര്യം ഏറ്റവും നിസ്സാരമെന്നപോലെ ഓരോ ദിവസവും പൂർത്തിയാക്കുന്നത്.

മക്കളുടെ സഹായത്തോടെയാണ് അവർ എല്ലാം ചെയ്യുന്നത്. അവർ എല്ലാം സ്വയം ചെയ്യുന്നു. പുറത്തു നിന്ന് ഒരാളെപ്പോലും ജോലിക്ക് വിളിക്കേണ്ടതായി വന്നിട്ടില്ല. ഗവൺമെന്റിൽ നിന്ന് സഹായമൊന്നും ലഭിക്കുന്നില്ലെങ്കിലും ദൈവാനുഗ്രഹത്താൽ ഇന്നു വരെ ഈ സേവനത്തിന്‌ ഒരു കുറവും വന്നിട്ടില്ലെന്ന് കാർമെൻ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ഈ കാരുണ്യപ്രവർത്തികൾ ദൈവം തങ്ങളെ ഏൽപ്പിച്ചതാണെന്നാണ് അവർ വിശ്വസിക്കുന്നത്.

“ഞങ്ങൾ ഒരു മികച്ച ടീമാണ്. ഞങ്ങൾക്ക് പുറത്തു നിന്ന് പാചകക്കാരനില്ല. അലക്കുശാലയുമില്ല. ആർക്കെങ്കിലും പരിക്കേറ്റലോ, മുറിവുണ്ടായാലോ ഞങ്ങൾ തന്നെ ഡോക്ടേഴ്സ് ആകുന്നു. വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ കണ്ടെത്തുവാൻ മക്കൾ തന്നെ മുൻകൈയ്യെടുക്കുന്നു. ഞാൻ പുറത്തുപോകുന്ന സമയത്തു പോലും അവർ എല്ലാം നന്നായി ചെയ്യുന്നു. എന്റെ കാലം കഴിഞ്ഞാൽ പോലും അവർ ഏറ്റവും മനോഹരമായി കാര്യങ്ങൾ ചെയ്യുമെന്നെനിക്കുറപ്പാണ്” – അവർ പറയുന്നു.

തുടക്കത്തിൽ അയൽക്കാർ ഭക്ഷണം, വസ്ത്രം, ഷൂസ് എന്നിവയൊക്കെ തന്നു സഹായിച്ചിരുന്നെങ്കിലും പിന്നീട് അവർക്കും ബുദ്ധിമുട്ടായി. കഴിഞ്ഞ വർഷം കോവിഡ് വന്നതോടെ കാര്യങ്ങൾ ബുദ്ധിമുട്ടിലായി. ജെസ്യൂട്ട് മിഷനറിമാർ ഇപ്പോൾ അവരെ സഹായിക്കുന്നുണ്ട്. അഭയാർത്ഥികൾക്കായുള്ള യുഎൻ സംഘടന അവർക്കുള്ള സുരക്ഷാകിറ്റ് നൽകിവരുന്നു. പലപ്പോഴും കുടിയേറ്റക്കാർക്ക്, ഏത് ദിശയിലേക്കാണ് പോകേണ്ടതെന്നുപോലും അറിയാതെ വരുന്ന സാഹചര്യമുണ്ട്. യുഎൻ എച്സിആറുമായുള്ള കാർമെന്റെ ബന്ധത്തിന് ഇത്തരക്കാരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരണം ഇക്വഡോറിലോ അവരുടെ അയൽരാജ്യമായ ചിലിയിലെയോ പെറുവിലെയോ നിയമവ്യവസ്ഥിതികളിലുഉള്ള മാറ്റങ്ങളെക്കുറിച്ചൊക്കെയുള്ള വിവരം സംഘടന നൽകിവരുന്നു. അതിനാൽ അവരെ വളരെ നല്ല രീതിയിൽ സഹായിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

സ്ഥിരമായി ആളുകൾ ഉണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ കാർമെനും മക്കളും ഒട്ടും പിന്നിലല്ല. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിനിടയിലും കാർമെൻ തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. ദൈവാലയത്തിലെ ഗായകസംഘാംഗം കൂടിയാണ് കാർമെൻ. എൽ ജങ്കൽ ഷെൽറ്ററിലെ അവളുടെ ഓരോ പ്രവർത്തികളിലും ആഴമായ കത്തോലിക്കാ വിശ്വാസമാണ് പ്രതിഫലിക്കുന്നത്.

കാരുണ്യപ്രവർത്തികളുടെ വക്താക്കളായിട്ടാണ് കാർമെനും കുടുംബവും ജീവിക്കുന്നത്. നഗ്നരായിരിക്കുന്നവർക്ക് വസ്ത്രം കൊടുക്കുക, വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അവർ സന്തോഷപൂർവ്വം ചെയ്യുന്നുണ്ട്. “ജോസഫും മറിയവും കുടിയേറ്റക്കാരായിരുന്നു. ബെത്ലഹേമിൽ നിന്ന് നസ്രേത്തിലേക്ക് അവർ കുടിയേറിപ്പാർത്തു” – കാർമെൻ പറയുന്നു.

ഒരു കിടക്ക, വൃത്തിയുള്ള ഷീറ്റുകൾ, കഴുകാനുള്ള വെള്ളം, മേൽക്കൂരയ്ക്കടിയിൽ ഉറങ്ങുന്നതിന്റെ സുരക്ഷ… ഇവയെല്ലാം കുടിയേറ്റക്കാർ വളരെയധികം വിലമതിക്കുന്നു. കഴിഞ്ഞ നാലുവർഷത്തെ അവരുടെ സേവനത്തെ അവരുടെ മക്കൾക്കും അവർ ഭക്ഷണവും പാർപ്പിടവും നൽകി സുരക്ഷിതരായി പറഞ്ഞയച്ചവർക്കും ദൈവത്തിനുമായി സമർപ്പിക്കുകയാണ് കാർമെൻ. കൃതജ്ഞതയോടെ അവിടുത്തെ മുൻപിൽ കരുണയുടെ പ്രകാശവുമായി എക്കാലവും നിലകൊള്ളാൻ സാധിക്കട്ടെ കാർമെമൻ എന്ന വെനിസ്വലയുടെ ഈ അമ്മമുഖത്തിന്..!

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.