
കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിക്കാന്‍ തുടങ്ങിയിട്ട് മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ ജീവിതത്തിലെ മാനസികവും ആത്മീയവും ഭൗതികവുമായ എല്ലാ കെട്ടുകളും പരിശുദ്ധ മാതാവിലൂടെ അഴിക്കാന്‍ നമുക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പയും പഠിപ്പിക്കുന്നു. എപ്രകാരമാണ് തിരുസഭയില്‍, കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയും പ്രാര്‍ത്ഥനയും ഉടലെടുത്തതെന്നു നോക്കാം.
ജര്‍മ്മന്‍കാരനായ വോള്‍ഫ്ഗാങ്ങ് ലാജമാന്റെല്‍, തന്‍റെ ജീവിതപങ്കാളിയായ സോഫിയുമായുള്ള ബന്ധത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ജേക്കബ് റെം എന്ന ഒരു ജസ്യൂട്ട് വൈദികന്റെ അടുക്കല്‍ അദ്ദേഹം തന്റെ പ്രശ്നങ്ങള്‍ പങ്കുവച്ചു. ഓരോ പ്രാവശ്യവും തമ്മില്‍ കണ്ടപ്പോള്‍ അവര്‍ രണ്ടുപേരും പരിശുദ്ധ മാതാവിനോട് ദാമ്പത്യത്തിലെ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. 1615 സെപ്റ്റംബര്‍ 28-ന് അവസാനമായി അവര്‍ തമ്മില്‍ കണ്ടുമുട്ടിയേപ്പാള്‍ വോള്‍ഫ്ഗാങ്ങ്, വിവാഹസമയത്ത് കെട്ടിയ തന്റെ വെഡിങ്ങ് റിബണ്‍ ഫാ. റെമിന്റെ കൈയില്‍ കൊടുത്തു. ആ വൈദികനാകട്ടെ പ്രസ്തുത റിബണ്‍ അവിടെയുണ്ടായിരുന്ന മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘വോള്‍ഫ്ഗാങ്ങിന്റെ ദാമ്പത്യപ്രശ്നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ.’ ഉടന്‍ തന്നെ വെഡിങ്ങ് റിബണിന്റെ കെട്ടുകള്‍ അഴിയുകയും ആ റിബണ്‍ തൂവെള്ള നിറമുള്ളതാവുകയും ചെയ്തുവത്രേ. ഈ ദൈവീക ഇടപെടലിനു ശേഷം വോള്‍ഫ്ഗാങ്ങും സോഫിയും അനുരഞ്ജനത്തിലാവുകയും നല്ലൊരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്തുവെന്ന് ഇതേപ്പറ്റിയുള്ള രേഖകള്‍ പറയുന്നു.
വാസ്തവത്തില്‍ കുരുക്കുകളഴിക്കുന്ന പരിശുദ്ധ മാതാവ് ഒരു പുതിയ സങ്കല്പമായിരുന്നില്ല. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഐറേനിയസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഹവ്വായുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണത്താല്‍ അഴിക്കപ്പെട്ടു. ഹവ്വാ, തന്റെ അവിശ്വാസത്താല്‍ തീര്‍ത്ത കുരുക്ക് മറിയം, തന്റെ വിശ്വാസത്താല്‍ അഴിച്ചുകളഞ്ഞു.’
പില്‍ക്കാലത്ത്, വോള്‍ഫ്ഗാങ്ങിന്റെയും സോഫിയുടെയും പേരക്കുട്ടി വൈദികനായിത്തീര്‍ന്നു. ഫാ. ഹൈരോണിമസ് ലാജമാന്റെല്‍ എന്ന ആ വൈദികന്‍, കുരുക്കുകളഴിക്കുന്ന മാതാവിന്റെ ഒരു ചിത്രം വരപ്പിച്ചെടുക്കാന്‍ ആഗ്രഹിച്ചു. അതുപ്രകാരം 1700-ല്‍ ജൊഹാന്‍ ജോര്‍ജ്ജ് എന്ന ചിത്രകാരനാണ് ആ ചിത്രം വരച്ചത്. ജര്‍മ്മനിയിലെ ഔഗ്‌സ്ബര്‍ഗില്‍ സെയ്ന്റ് പീറ്റര്‍ ആം പെര്‍ലാച്ച് ദൈവാലയത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ നമ്മുടെ ജീവിതത്തിലെ ഏതു കുരുക്കുമാകട്ടെ, അത് അഴിക്കാന്‍ നമുക്ക് മാതാവിന്റെ സഹായം തേടാം. കാരണം, മറിയം ദൈവതിരുമുമ്പില്‍ കാണിച്ച വിശ്വസ്തതയാല്‍ അവളുടെ മാദ്ധ്യസ്ഥത്തിലൂടെ നമ്മുടെ പാപ-ശാപബന്ധനങ്ങളെല്ലാം അഴിക്കാന്‍ സാധിക്കും.




