അത്ഭുതങ്ങൾ തീർന്നിട്ടില്ല

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഷില്ലോങ്ങിലെ സേക്രട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഗ്രാജ്യുവേഷൻ ചെയ്യുന്ന സമയം. പഠനസംബന്ധമായ പ്രബന്ധത്തിന്റെ വർക്കുകൾ നടക്കുന്നു. ആദ്യ അദ്ധ്യായം പൂർത്തിയായി. തിരുത്തലിനായി ഗൈഡിന് സമർപ്പിച്ചു. രണ്ടാം അദ്ധ്യായത്തിന്റെ ജോലി ആരംഭിച്ചിട്ടും ഒരുനിലയ്ക്കും മുമ്പോട്ടു പോകാനായില്ല. തിരുത്തലിന് നൽകേണ്ട സമയമായിട്ടും അധികമൊന്നും എഴുതാൻ കഴിഞ്ഞില്ല.

നിരാശനായി സലേഷ്യൻ സഭാംഗമായ ജെയിംസ് പൂന്തുരുത്തിലച്ചന്റെ അടുത്തെത്തി. ഇദ്ദേഹമാണ് എന്റെ പ്രബന്ധത്തിന്റെ ഗൈഡ്. ഞാൻ പറഞ്ഞു: “അച്ചാ, എത്ര ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങുന്നില്ല. പഠനം മതിയാക്കിയാലോ എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത.”

അച്ചൻ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “ഉപരിപഠനത്തിനു വരുന്ന ഏതൊരു വ്യക്തിയും അനുഭവിക്കുന്ന മനോവ്യഥയാണിത്. ചിലർ പഠനം മതിയാക്കി മടങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നേ പറയാനുള്ളൂ. നിരാശപ്പെടുത്. നന്നായി പ്രാർത്ഥിക്കുക. ദൈവത്തിൽ ആശ്രയിക്കുക. എല്ലാം ശരിയാകും.”

ഇത്രയും പറഞ്ഞതിനുശേഷം അച്ചൻ എന്നെ ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അച്ചന്റെ പേഴ്സണൽ ലൈബ്രറിയുണ്ടായിരുന്നു. റൂമിന്റെ താക്കോൽ എന്നെ ഏൽപിച്ചിട്ട് അച്ചൻ പറഞ്ഞു: “ജെൻസാ, ഇവിടെ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ നിനക്ക് എടുക്കാം. ദൈവം എന്തെങ്കിലും ഇവിടെ കരുതിയിട്ടുണ്ടാകും. പ്രത്യാശയോടെ അന്വേഷിക്കുക…”

എന്റെ കണ്ണു നിറഞ്ഞു. എന്തെന്നാൽ, സാധാരണഗതിയിൽ ഒരു ഗൈഡും ചെയ്യാത്ത പ്രവൃത്തിയാണ് അച്ചൻ ചെയ്തത്. അച്ചന്റെ വാക്കുകളും പ്രവൃത്തിയും എനിക്ക് വല്ലാത്ത ഊർജ്ജം പകർന്നു. പറഞ്ഞതുപോലെ അവിടെ നിന്നും എനിക്കാവശ്യമുള്ള കുറച്ച് പുസ്തകങ്ങൾ ലഭിച്ചു. ഞാൻ കൂടുതൽ ദൈവത്തിലാശ്രയിച്ചു. നന്നായി പ്രാർത്ഥിച്ചു.

എന്നെയും അച്ചനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ പ്രബന്ധം തയ്യാറായി. പഠനം കഴിയുന്നതോടെ അത് പുസ്തകമാക്കി പ്രകാശനം ചെയ്യാനും ദൈവം എന്നെ അനുവദിച്ചു (രണ്ടു വർഷം മുമ്പ് ഒരു വാഹനാപകടത്തിൽ ജെയിംസ് അച്ചൻ നിര്യാതനായി. അച്ചന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം).

എന്നെപ്പോലെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും നിങ്ങളും വല്ലാത്ത നിരാശയിൽ പതിച്ചിട്ടില്ലേ? പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാകാതെ വിഷമിച്ചിട്ടില്ലേ? ഇനിയെങ്ങോട്ട് എന്ത് എന്ന് ചോദിച്ചിട്ടില്ലേ? അങ്ങനെയൊരു ചോദ്യം ചോദിച്ച വ്യക്തിയായിരുന്നു ശിമയോൻ. ആ ദിവസം ഏറെ അദ്ധ്വാനിച്ചിട്ടും മത്സ്യമൊന്നും ലഭിച്ചില്ല. കടുത്ത നിരാശയിൽ തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് ക്രിസ്തു വന്ന്, വീണ്ടും വള്ളമിറക്കുവാനും ആഴത്തിലേയ്ക്ക് നീക്കി വലയെറിയാനും പറയുന്നത് (Ref: ലൂക്കാ 5:1- 11). “രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം” (ലൂക്കാ 5:5) എന്നുപറഞ്ഞ് ശിമയോൻ വലയിറക്കുന്നു.

ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെടുമ്പോൾ ജെയിംസ് അച്ചനെപ്പോലെ ചില വ്യക്തികളെ കണ്ടെത്താനാകണം. അവർ പറയുന്നതിലെ ദൈവഹിതം തിരിച്ചറിഞ്ഞ് വീണ്ടും പരിശ്രമിക്കുവാൻ തയ്യാറാകുമ്പോൾ നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കും!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.