അമ്മയെ ക്രിസ്തുവിലേയ്ക്ക് അടുപ്പിച്ച മകന്റെ രക്തസാക്ഷിത്വം 

ഒരു അമ്മയ്ക്ക് ക്രിസ്തുവിലേയ്ക്കുള്ള വഴികാട്ടിയാവുക – ക്രിസ്തുവിനെ നാഥനും രക്ഷകനുമായി അംഗീകരിച്ച ഏതൊരു മകനും പുണ്യമുഹൂര്‍ത്തമായിരിക്കും അത്തരം ഒരു നിമിഷം. ഇതുപോലെ ഒരു നിമിത്തത്തിനു കാരണക്കാരനായി മാറിയ വ്യക്തിയാണ് ബെനഡിക്ട് ദസ്വാ. എന്നാല്‍, അത് തന്റെ രക്തസാക്ഷിത്വം കൊണ്ടായിരുന്നു എന്നുമാത്രം. ആ മകന്റെ ജീവിതം ഇങ്ങനെ…

1946 ജൂണ്‍ പതിനാറിനായിരുന്നു ബെനഡിക്ട് ദസ്വാ ജനിച്ചത്. അതും ഒരു പുരാതന ജൂത കുടുംബത്തില്‍. ജനനസമയത്ത് മാതാപിതാക്കള്‍ നല്കിയ പേര് സാമുവല്‍ എന്നായിരുന്നു. ജൂതപാരമ്പര്യങ്ങള്‍ അണുവിട തെറ്റാതെ അനുവര്‍ത്തിച്ചു പോന്നിരുന്ന കുടുംബസാഹചര്യം. അതിനിടയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കുഞ്ഞുസാമുവല്‍ അറിയുന്നത് തന്റെ സുഹൃത്തില്‍ നിന്നാണ്. രക്ഷകന്‍ വരുവാനിരിക്കുന്നതേയുള്ളു എന്ന വിശ്വാസത്തില്‍ നിന്ന്, തനിക്കായി ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയ ക്രിസ്തുവിലേയ്ക്കുള്ള അവന്റെ വിശ്വാസയാത്ര ക്രിസ്തുമതത്തിലേയ്ക്ക് ചേരുവാനുള്ള പ്രേരണ അവനു നല്‍കി.

ഓരോ തവണയും ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അവന്റെ ഹൃദയം ജ്വലിക്കുകയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചതു മുതല്‍ തന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥവും ഭാവവും കൈവന്നതായി ആ കുട്ടി തിരിച്ചറിഞ്ഞു. അങ്ങനെ രണ്ടു വര്‍ഷത്തെ കത്തോലിക്കാ പഠനത്തിനു ശേഷം 1963 ഏപ്രില്‍ 21-ന് ബെനഡിക്ട് എന്ന പേര് സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗമായി. വെറും ഒരു കത്തോലിക്കാനായി ജീവിക്കുവാന്‍ ബെനഡിക്ട് ആഗ്രഹിച്ചില്ല. താന്‍ അനുഭവിച്ചറിഞ്ഞ ഈശോയെ അനുകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയിലും അദ്ദേഹം ഈശോയെ ദര്‍ശിച്ചു.

പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ആപ്തവാക്യം. കത്തോലിക്കനായ നാള്‍ മുതല്‍ സൗത്ത് ആഫ്രിക്കയിലെ സഭയിലെ ഊര്‍ജ്ജ്വസ്വലനായ അംഗമായിരുന്നു ബെനഡിക്ട്. കുടുംബങ്ങളെയും യുവജനങ്ങളെയും അദ്ദേഹം ക്രിസ്തീയവിശ്വാസത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു. ക്രിസ്തുവിന്റെ സ്‌നേഹം ഒഴുക്കുവാനായി രാപ്പകലില്ലാതെ ഓടുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ഒപ്പം സൗത്ത് ആഫ്രിക്കയില്‍ നിലവിലിരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അദ്ദേഹം നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന് നിരവധി ശത്രുക്കളുണ്ടാകാന്‍ കാരണമായിത്തീര്‍ന്നു.

ഒരു ദിവസം അദ്ദേഹം കാറില്‍ യാത്രചെയ്തു വരികയായിരുന്നു. കല്ലുകള്‍ പെറുക്കിവച്ചു കൊണ്ട് റോഡ് ഉപരോധിച്ചിരിക്കുന്നത് ബെനഡിക്ട് കണ്ടു. അദ്ദേഹം പുറത്തിറങ്ങി കല്ലുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് കല്ലുമഴ അദ്ദേഹത്തിന് നേരെ പെയ്തുതുടങ്ങി. അപകടം തിരിച്ചറിഞ്ഞ ബെനഡിക്ട് അടുത്ത വീട്ടിലേക്കോടി. അക്രമികള്‍ പിന്തുടര്‍ന്നു. ആ വീട്ടിലെ സ്ത്രീയെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അക്രമികള്‍ ബെനഡിക്ടിനെ പുറത്തേക്കെത്തിച്ചു. തുടര്‍ന്ന് മൃഗീയമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായി.

തന്റെ വേദനകള്‍ക്കിടയിലും ക്രൂരമായ പീഡനങ്ങള്‍ക്കിടയിലും പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം മരണത്തെ പുല്‍കി. ബെനഡിക്ടിന്റെ മൃതദേഹത്തെപ്പോലും അവര്‍ മൃഗീയമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. തന്റെ മകന്റെ, ചോരയില്‍ കുതിര്‍ന്ന ശരീരം അദ്ദേഹത്തിന്റെ അമ്മയെ ക്രിസ്തുവിലേയ്ക്ക് നയിച്ചു. അവന്‍ ജീവിച്ചു മരിച്ച ക്രിസ്തുവിനായി താനും ജീവിതം സമര്‍പ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ അമ്മയും കത്തോലിക്കാവിശ്വാസം സ്വീകരിച്ചു.

അദ്ദേഹത്തിന്റെ ജീവിതമാതൃക അനേകരെ കത്തോലിക്കാവിശ്വാസത്തിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. 2015 സെപ്തംബര്‍ 13-ന് അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. ദൈവം തന്റെ ഉപകരണമാകുവാന്‍ തിരഞ്ഞെടുത്ത ആ ധീരപോരാളി ഇന്നും അനേകര്‍ക്ക് പ്രചോദനമായി തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.