ദൈവത്തിന്‍റെ സമയം മാറ്റാന്‍ കഴിവുള്ള സ്ത്രീ

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.
ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

പല ജീവിതങ്ങളെയും നോക്കി കൊതിയോടെ പറയുന്ന കമന്റ്: ഹോ..അവന്‍റെയൊരു സമയം..! അവരുടെയൊക്കെ ഭാഗ്യം..! മറ്റു ചില ജീവിതങ്ങളുടെ തകര്‍ച്ച കണ്ടും ഇതുതന്നെ പറഞ്ഞുപോകാറുണ്ട്: കഷ്ടകാലമാ അവര്‍ക്ക്.. അവന്‍റെ സമയം മോശമാ..

അന്ധവിശ്വാസവുമായി ചേര്‍ത്തു ചിന്തിക്കേണ്ട മനോഭാവമല്ല ഇത്.. മറിച്ച്, ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന സമയം എന്നൊന്നുണ്ട് എന്നതിന്‍റെ ഭാഷാന്തരം എന്ന് കരുതിയാല്‍ മതി. ഇവിടെ മനസ്സില്‍ തോന്നാവുന്ന ഒരു സംശയം, ദൈവം എല്ലാം കാണുന്നവനല്ലേ, ഓരോന്നിനും ഓരോ സമയം ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലേ, അതല്ലേ പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവത്തിന്‍റെ സമയം വരെയും കാത്തിരിക്കണം എന്ന് പറയുന്നതും പഠിപ്പിക്കുന്നതും. അപ്പോള്‍ പ്രാര്‍ത്ഥന കൊണ്ട് ഇതൊന്നും മാറ്റാന്‍ പറ്റില്ലല്ലോ. ദൈവം നിശ്ചയിച്ച സമയം മാറ്റാന്‍ ആര്‍ക്കാണ് കഴിയുക!

വി. യോഹന്നാന്‍റെ സുവിശേഷം രണ്ടാം അധ്യായത്തിലെ ‘കാനായിലെ വിവാഹവിരുന്ന്’ എന്ന ഭാഗം മനസ്സിരുത്തി ഒന്നു ധ്യാനിച്ചാല്‍ ഈ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും. ഒരു കുടുംബം മുഴുവന്‍ നാണക്കേടിലേയ്ക്കു നീങ്ങുന്ന സാഹചര്യത്തെ, ഒരു സ്ത്രീയുടെ വിവാഹം മുടങ്ങേണ്ടി വരുന്ന സാഹചര്യത്തെ (പാരമ്പര്യം) സമൂഹം വിളിക്കുന്നത് ‘അവരുടെ മോശം സമയം’ എന്നാണ്. പഴയരീതി അനുസരിച്ച് ശാപഗ്രസ്തം എന്നുപറയാവുന്ന സമയത്തിനു പിന്നിലുള്ള കണ്ണീരിനെയും ആ പാവം പെണ്‍കുട്ടിയുടെ ഏങ്ങലടിച്ചുള്ള കരച്ചിലിനെയും ദയയോടെ അറിഞ്ഞ ഒരു വ്യക്തിയാണ് ഈശോയുടെ അമ്മ.

ആ പാവം സ്തീക്ക് എന്തു ചെയ്യാന്‍ കഴിയും? വിളിക്കപ്പെട്ടവരെല്ലാം അസ്വസ്ഥരായി വന്നുപോകുമ്പോള്‍ വെറുമൊരു അതിഥിക്ക് എന്തു ചെയ്യാന്‍ കഴിയും? അല്ല; ഈശോയുടെ പക്കല്‍ സ്വാധീനമുള്ള അവിടുത്തെ അമ്മയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയാത്തത്..!

‘മോനേ, അവര്‍ക്ക് വീഞ്ഞില്ല.. കുടുംബം വലിയ നാണക്കേടിലാകും.. ആ പെണ്‍കുട്ടിയുടെ കാര്യം.. നീ എന്തെങ്കിലുമൊന്നു ചെയ്യ്’ എന്ന വക്കാലത്തുമായി ഈശോയുടെ പക്കല്‍ ചെന്ന അമ്മയോട് ഈശോ പറഞ്ഞ വാക്യം: “സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ലല്ലോ.” പുത്രനെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്‍റെ പദ്ധതിയെക്കുറിച്ചും അതിന്‍റെ സമയത്തെക്കുറിച്ചുമാണ് സൂചന. അമ്മയുണ്ടോ വിടുന്നു..! മക്കളേ, അവന്‍ പറയുന്നതുപോലെ ചെയ്യ് കെട്ടോ.. എന്ന് പരിചാരകരോട് പറഞ്ഞ് അമ്മ സ്ഥലം വിട്ടു. അമ്മയുടെ വാക്കിന്, അമ്മയുടെ അപേക്ഷയ്ക്ക് – ചില മോശപ്പെട്ട സമയങ്ങളെ തിരുത്താന്‍ കഴിവുണ്ട് എന്ന് കാനായിലെ വിവാഹം പഠിപ്പിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ പക്കലുള്ള നമ്മുടെ അപേക്ഷകള്‍ എത്ര ശക്തിയുള്ളതാണ് എന്നതിന് വചനം നല്‍കുന്ന വ്യക്തമായ പാഠമാണിത്. ദൈവം ഒരുക്കിയ ചില സമയങ്ങളെപ്പോലും മാറ്റാന്‍ പരിശുദ്ധ അമ്മയ്ക്ക് കഴിയും. ജപമാലയുടെ ശക്തിയോടെ, മരിയഭക്തിയുടെ സ്നേഹത്തോടെ അപേക്ഷകളെ അമ്മവഴി ഈശോയ്ക്ക് നല്‍കിയാല്‍, ഇരുണ്ട സമയങ്ങളും മോശം കാലങ്ങളും വഴിമാറുമെന്നും പ്രശ്നപരിഹാരം നേരത്തെയാകുമെന്നും  കാനായിലെ കല്യാണം ഓര്‍മ്മപ്പെടുത്തുന്നു.

ഇത് എന്റെ സമയദോഷം എന്നോ, എന്റെ കഷ്ടകാലമാണിത് എന്നോ, എന്റെ ഈ ദുരിതങ്ങള്‍ എന്നു തീരുമെന്നോ ഓര്‍ത്ത് നിരാശപ്പെടുന്നതിനു പകരം, ഒരുക്കമുള്ള ഹൃദയത്തോടെ ജപമാല ആ കരങ്ങളില്‍ എടുത്ത് ഒന്നു പ്രാര്‍ത്ഥിക്കുക. അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ അവസ്ഥ പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ തുറന്നുവയ്ക്കുക. കണ്ണീരിന്‍റെ ചൂടും അതിന്‍റെ ആഴവും അമ്മയോളം അറിഞ്ഞവരാരുണ്ട്..! വചനത്തെ ഉദരത്തില്‍ സ്വീകരിച്ചതു മുതല്‍ വചനം കാല്‍വരിയായി മാറ്റപ്പെട്ടതു വരെയും ആ അമ്മ വഹിച്ച സങ്കടഭാരത്തോളം ദു:ഖിച്ചവരായി ആരുണ്ട്! അതുകൊണ്ടു തന്നെ ആരുടെയും നനഞ്ഞ കണ്ണുകളെയും വിതുമ്പുന്ന മനസ്സിനെയും ആരെയുംകാള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ പരിശുദ്ധ  അമ്മയ്ക്കു കഴിയും. അതു തന്നെയാണ് പരിശുദ്ധ മാതാവ് വഴിയായുള്ള പ്രാര്‍ത്ഥനകളുടെ പ്രാധാന്യവും.

എല്ലാ കുറവുകളും ജീവിതത്തില്‍ സങ്കടകരം തന്നെയാണ്. ആരോഗ്യത്തിന്റെ കുറവ്, സൗകര്യങ്ങളുടെ കുറവ്, അവശ്യസമ്പത്തിന്റെ കുറവ്, മന:സമാധാനത്തിന്റെ കുറവ്, വിജയങ്ങളുടെ കുറവ്, കുടുംബത്തിലെ സന്തോഷത്തിന്‍റെ കുറവ്… എന്നിങ്ങനെയെല്ലാം വ്യക്തിജീവിതത്തില്‍ കാനായിലെ കുറവുപോലെ തന്നെ അനുഭവപ്പെട്ടെന്നുവരാം. കണ്ടുനില്‍ക്കുന്നവര്‍ക്ക് കമന്‍റടിക്കാനും അനുഭവിക്കുന്നവര്‍ക്ക് കണ്ണീരൊഴുക്കാനുമുള്ള അവസരങ്ങള്‍. ‘ദേ.. അവന്‍റെ സദ്യക്ക് ഭക്ഷണം തികഞ്ഞില്ല, ദേ അവന്‍റെ ജീവിതത്തില്‍ ആ പ്രശ്നമുണ്ട്, ദേ അവളുടെ അവസ്ഥ അങ്ങനെയാ…’ എന്നിങ്ങനെ അന്തരീക്ഷത്തിലൂടെ വായുവേഗത്തില്‍ പരക്കുന്ന വൈറസ്-കമന്‍റുകള്‍ എത്ര ജീവിതങ്ങളെയാണ് കണ്ണീര്‍പ്പുഴയില്‍ മുക്കിനശിപ്പിച്ചിരിക്കുന്നത്.

ഇത്തരം തീരാനഷ്ടങ്ങളിലേയ്ക്കു വീഴുന്ന ഓരോ ജീവിതത്തിലെയും മോശപ്പെട്ട സമയത്തെ തിരുത്താന്‍ കഴിവുള്ളവളാണ് പരിശുദ്ധ കന്യാമറിയം. ഈശോയുടെ അമ്മയാണവള്‍ എന്നതുതന്നെ അവളുടെ യോഗ്യതയും ശക്തിയും സ്ഥാനവും. വിശ്വാസത്തോടെ ജീവിതാവസ്ഥകളെ പരിശുദ്ധ അമ്മ വഴിയായി ഈശോയിലേയ്ക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ മോശപ്പെട്ട സമയങ്ങള്‍ വിജയത്തിന്റേറേതായി മാറ്റപ്പെടും, ചില തലേവരകള്‍ (വിധി) തിരുത്തപ്പെടും, ദൈവം നിശ്ചയിച്ച സമയം പരിശുദ്ധ അമ്മയുടെ അപേക്ഷകള്‍ക്കു മുന്നില്‍ നേരത്തെയാകും കാത്തിരിപ്പുകള്‍ക്ക് അവസാനമാകും, ദൈവത്തിന്‍റെ സമയം പോലും തിരുത്താന്‍ കഴിവുള്ളവളാണവള്‍ – പരിശുദ്ധ അമ്മ കന്യാമറിയം.

അമ്മേ മാതാവേ, കാനായില്‍ അനുഗ്രഹസാന്നിധ്യമായി നിറഞ്ഞവളേ, എന്‍റെ ജീവിതത്തില്‍ ഞാനനുഭവിക്കുന്ന കുറവുകളെ, കാലങ്ങളായി കാത്തിരിക്കുന്ന പ്രശ്നപരിഹാരത്തെ അമ്മയുടെ മുന്നില്‍ അപേക്ഷയായി സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു. കണ്ണീരിന്‍റെ നനവുള്ള ഒരപേക്ഷയെപ്പോലും ഉപേക്ഷിക്കാത്ത അമ്മേ, പുത്രന്‍ തമ്പുരാന്‍റെ പക്കല്‍ നിന്നും എനിക്കായ് ഈ  അനുഗ്രഹം നീ വാങ്ങിത്തരേണമേ. എന്നും സ്നേഹവും വിശ്വാസവുമുള്ള മകനായ്/ മകളായ് ജീവിക്കുവാന്‍ കൃപ തരേണമെ. ആമേന്‍.

ഫാ. ജിയോ കണ്ണന്‍കുളം സിഎംഐ