രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ബുഡാപ്പെസ്റ്റില്‍

ഹംഗറിയിലെ ബുഡാപെസ്റ്റു നഗരം രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുങ്ങുന്നു. 2020 സെപ്തംബര്‍ 13 മുതല്‍ 20 വരെ തീയതികളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് അരങ്ങേറുന്നത്. തലസ്ഥാന നഗരമായ ബുടാപെസ്റ്റിലെ ഫെരെങ്ക് പുസ്‌കസ് സ്റ്റേഡിയമാണ് ഈ രാജ്യാന്തര ആത്മീയസംഗമത്തിന് വേദിയാകുന്നത്. രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി മെയ് 15-ന് നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

സങ്കീ. 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത, ”എന്റെ എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ്” എന്നതാണ് 54-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ ആപ്തവാക്യം.

78-കാരന്‍ ഹംഗേറിയന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ്, യാനോസ് ലാംപെര്‍ട് ദിവ്യകാരുണ്യ സന്ദേശത്തിന് ഒരുങ്ങുന്ന ചിത്രീകരണം അവതരിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ ജീവന്റെ അപ്പവും ജീവന്റെ സ്രോതസ്സുമായ പരിശുദ്ധ ദിവ്യകാരുണ്യത്തെ ആകാശം പോലെയുള്ള ഇളംനീലയുടെ മീതെ തെളിഞ്ഞു നില്‍ക്കുന്ന ലോലമായ വെളുത്തവരകളില്‍ ലാംപേര്‍ട് ചിത്രീകരിച്ചിരിക്കുന്നു. ദിവ്യകാരുണ്യ അപ്പവും വീഞ്ഞും ചിത്രീകരിക്കുന്ന ഉയര്‍ന്ന ചഷകമാണ് മുഖ്യഘടകം. ജീവന്റെ അപ്പമായി ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന കുരിശില്‍ നിന്നും നിര്‍ഗളിക്കുന്ന നിര്‍ഝരി ഏഴു വരകളുടെ കൂട്ടമാണ്. ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറയും ആത്മീയജീവന്റെ ഉറവിടങ്ങളുമായ ഏഴു കൂദാശകളെയും ജീവന്റെ സ്രോതസ്സായ ദിവ്യകാരുണ്യത്തെയും അതില്‍ പ്രതീകാത്മകമായി ഉള്‍ചേര്‍ത്തിരിക്കുന്നു.

ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും കത്തോലിക്കാ വിശ്വാസബോധ്യങ്ങളുടെ ആത്മീയശക്തി ലോകത്തിന് പകര്‍ന്നു നല്കുവാനുമാണ് ഇത്ര ബൃഹത്തായ രീതിയില്‍ രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ സംഘടിപ്പിക്കുന്നത്. 100-ലധികം രാജ്യങ്ങളില്‍ നിന്നും പ്രതിനിധി സംഘങ്ങളും, വിദഗ്ദ്ധരും, സഭാദ്ധ്യക്ഷന്മാരും ഒരാഴ്ച നീളുന്ന ഈ ആത്മീയോത്സവത്തില്‍ പങ്കെടുക്കും.

1938-ലെ രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയായിട്ടുള്ള ഹംഗറി, രണ്ടാം തവണയാണ് ചരിത്രത്തില്‍ ഈ മഹത്തായ ആത്മീയസംഗമത്തിന് വേദിയാകുന്നതെന്നും കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ദോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.