
ഇരുണ്ട വെളിച്ചത്തില്‍ ചില രൂപങ്ങള്‍ സെമിത്തേരിയിലൂടെ നടന്നു നീങ്ങുന്നു. ഇടയ്ക്ക് പശുക്കളുടെയും പട്ടികളുടെയും കരച്ചില്‍. ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിച്ചു ആ ശബ്ദങ്ങള്‍ അക്കര എവിടെയോ പ്രതിദ്ധ്വനിക്കുന്നു. ചിരിയും പാട്ടും സംസാരവുമൊക്കെ മുഴങ്ങി കേള്‍ക്കാം. പറഞ്ഞു വരുന്നത്, കണ്ടു മറന്ന ഹൊറര്‍ സിനിമയിലെ രംഗങ്ങളല്ല. ചോരയും നീരുമുള്ള യഥാര്‍ത്ഥ മനുഷ്യരുടെ അവസ്ഥയാണ്. ഇത്തരം ഒരു രംഗത്തിനു സാക്ഷ്യം വഹിച്ചതാകട്ടെ കൈനകരി പള്ളിയും. മേൽപ്പറഞ്ഞതൊക്കെ തന്നെയാണ് കഴിഞ്ഞ കുറച്ചു ദിനങ്ങളായി ഇവിടുത്തെ രാത്രികാല ചിത്രം.
പ്രളയം സമ്മാനിച്ച ദുരിതം കൈനകരി ഗ്രാമത്തിലെ ആളുകളെ കൊണ്ടെത്തിച്ചത് സെന്റ് മേരിസ് പള്ളിയുടെ സെമിത്തേരിയിലേക്ക് . പേടിക്കണ്ട കേട്ടോ ആളുകള്‍ ജീവനോടെ തന്നെയുണ്ട്. ആലപ്പുഴയിലെ കൈനകരി ഗ്രാമത്തിലെ കുറെ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് പള്ളിയുടെ സെമിത്തേരിയിൽ തന്നെ. വീടുകളില്‍ വെള്ളം കയറിയതോടെ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായ ഇവര്‍ ക്യാമ്പുകളിലേക്കും മറ്റു അഭയ കേന്ദ്രങ്ങളിലേക്കും പോകാന്‍ വിസമ്മതിച്ചു. അവിടെയൊക്കെ സൗകര്യം കുറഞ്ഞു പോകും എന്ന പേടി കൊണ്ടല്ല മറിച്ചു, തങ്ങളുടെ ഒപ്പം ഉള്ള മിണ്ടാപ്രണികളായ വളര്‍ത്തു മൃഗങ്ങളെ മരണത്തിനു വിട്ടു കളയാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടാണ്.
ആട് വളര്‍ത്തലും, കോഴി, പശു എന്നിവയുമൊക്കെയായി ഉപജീവനം നടത്തുന്ന ഈ ജനതയ്ക്ക് അവയില്ലാത്ത ഒരു ദിവസം ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല. ക്യാമ്പുകളിലേക്ക് പോകുമ്പോള്‍ ഇവയെ ഇവിടെ തനിച്ചക്കിയാല്‍ കാത്തിരിക്കുന്നത് രണ്ടു വിപത്തുകളാണ്. ഒന്ന് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രളയത്തില്‍ മോഷണ ശ്രമവുമായി ഇറങ്ങുന്ന ഒട്ടനവധി ആളുകള്‍ ഉണ്ട്. കന്നുകാലികള്‍ അവരുടെ ഒരു പ്രധാന ലക്ഷ്യമാണ്. ഇവരില്‍ നിന്നും രക്ഷനേടാനും, വെള്ളം കയറിയാല്‍ മറ്റു മാര്‍ഗമില്ലാതെ തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ അതില്‍ മുങ്ങി തീരുന്നത് കാണാതിരിക്കാനുമാണ് കൈനകരിയിലെ ആളുകള്‍ സെമിത്തേരി അഭയ കേന്ദ്രമാക്കിയത്.
പള്ളി സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന പ്രദേശത്താണ്. അതിനാല്‍ തന്നെ, അവിടെ വെള്ളം കയറില്ല. പിന്നെ കള്ളനെയും ഭയക്കണ്ട. വീടുകളില്‍ നിന്ന് എടുത്ത കുതിര്‍ന്ന അരി ഉണ്ടാക്കി ചോറ് വയ്ക്കും, അടുത്തുള്ള തോട്ടില്‍ നിന്നും മീന്‍ പിടിച്ചു കറിയും വയ്ക്കും. പിന്നെ കുടി വെള്ളം കുപ്പിയിലാക്കി ആലപ്പുഴയില്‍ നിന്നും എത്തും. വെള്ളമിറങ്ങുംവരെ ഇവിടെ തന്നെ!




