
മ്യൂണിക്ക് ഒളിമ്പിക്സ് കൂട്ടക്കൊല നടന്നത് 1972 സെപ്റ്റംബർ അഞ്ചിനായിരുന്നു. പശ്ചിമ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന വേനൽകാല ഒളിമ്പിക്സിനിടെ പലസ്തീൻ തീവ്രവാദ സംഘടനയായ ‘ബ്ലാക്ക് സെപ്റ്റംബറി’ലെ എട്ട് അംഗങ്ങൾ നടത്തിയ ഭീകരാക്രമണമായിരുന്നു മ്യൂണിക്ക് കൂട്ടക്കൊല. തീവ്രവാദികൾ ഒളിമ്പിക് ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറി, ഇസ്രായേലി ഒളിമ്പിക് ടീമിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തുകയും മറ്റ് ഒൻപത് ഇസ്രായേലി ടീം അംഗങ്ങളെ ബന്ദികളാക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ആ ബന്ദികളെ പിന്നീട് തീവ്രവാദികൾ കൊലപ്പെടുത്തി.
1962 സെപ്റ്റംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ ആദ്യത്തെ അധ്യാപകദിനം ആചരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന വിശിഷ്ട പണ്ഡിതൻ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആഘോഷിക്കുന്നത്. 1962 ൽ വിദ്യാർഥികൾ അദ്ദേഹത്തിന്റെ ജന്മദിനത്തെ ആദരിക്കാൻ അദ്ദേഹത്തെ സമീപിച്ചതോടെയാണ് ഈ പാരമ്പര്യം ആരംഭിച്ചത്.
1986 സെപ്റ്റംബർ അഞ്ചിനാണ് നീർജ ഭാനോട്ടിന്റെ ചരമവാർഷികം. ഒരു ധീരയായ ഇന്ത്യൻ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്നു നീർജ ഭാനോട്ട്. 1986 സെപ്തംബർ അഞ്ചിനാണ് ധീരയായ ഫ്ലൈറ്റ് അറ്റൻഡൻ്റ് നീർജ ഭാനോട്ട്, ഹൈജാക്ക് ചെയ്യപ്പെട്ട പാൻ ആം ഫ്ലൈറ്റ് 73 ലെ യാത്രക്കാരെ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 359 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നീർജ ഭാനോട്ട് ശ്രമിച്ചു. യാത്രക്കാർക്കു രക്ഷപെടാൻ അവസരമൊരുക്കുന്നതിനിടയിൽ, അവൾ വെടിയേറ്റു മരിക്കുകയായിരുന്നു. അവരുടെ ധീരതയ്ക്ക് മരണാനന്തരം അശോകചക്ര ലഭിച്ചു.
സുനീഷ വി എഫ്




