ബംഗ്ലാദേശിൽ സന്യാസിനിമാർ ഇല്ലാത്തതെന്തുകൊണ്ട്?

ഫാ. ജിന്‍സണ്‍ മുകളേല്‍

“ഇതാരാ എഴുതിത്തന്നത്”? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു സന്യാസിനി എഴുതിയ ലേഖനത്തിന്റെ അടിയിൽ കണ്ട വാചകമാണ്. ഇതാണ് വാക്കുകൾ കൊണ്ട് ഒരാളെ, ഒരു സമൂഹത്തെ എങ്ങനെ അപമാനിക്കാം എന്നതിന്റെ ക്ലാസിക് ഉദാഹരണം. അതുപോലെ തന്നെ രണ്ടാഴ്ച മുൻപ് ജനശ്രദ്ധ ആകർഷിച്ച ഒരു ട്രോൾ കണ്ടത് ഓർക്കുന്നു. “എത്ര ഗതി കെട്ടിട്ടും നാല് മക്കളിലൊന്നിനെപ്പോലും സെമിനാരിക്കോ മഠത്തിനോ കൊടുക്കാത്ത ആകാശദൂത് സിനിമയിലെ അമ്മയെ നമ്മൾ കാണാതെ പോകരുത്! ഡയറക്ടർ ബ്രില്യൻസ്.”

എന്താണ് ഈ ആരോപണങ്ങൾക്കുള്ള കാരണം?

കൊച്ചിന് പനി. അമ്മ നേർച്ച നേരുന്നു, വലുതാകുമ്പോൾ മഠത്തിൽ വിട്ടേക്കാം, അല്ലെങ്കിൽ അച്ചനാക്കിയേക്കാം. ഇത് നമ്മുടെ സിനിമകളിൽ കണ്ടു വരുന്ന ക്ലീഷേ ദൈവവിളി സീനാണ്. പള്ളിപ്പെരുന്നാളിന് മേടിച്ച് കൊടുത്ത തോക്കെടുത്ത് കളിക്കുന്ന കുഞ്ഞിനെ അമ്മ ഐ.പി.എസ് ഓഫീസർ ആക്കാൻ നേർച്ച നേരുന്നത് ആരെങ്കിലും കാണിക്കാത്തത് എന്താണ്? സന്ന്യാസം നേർച്ചയുടെ ഫലമല്ല. മറിച്ച് ഒരു വ്യക്തി ജീവിതത്തിന്റെ സകല തലങ്ങളെക്കുറിച്ചും ഒരു വ്യാഴവട്ടം ചിന്തിച്ച് ധ്യാനിച്ച് പ്രാർത്ഥിച്ച് അധികാരികളുടെ ആശീർവാദത്തോടെ തിരഞ്ഞെടുക്കുന്ന ജീവിത രീതിയാണ് സന്യാസം. അത് മരിക്കാൻ നേരത്ത് സ്വന്തം മക്കൾ കെട്ടിയേൽപ്പിക്കുന്ന സ്ഥലത്ത് അഡ്മിഷൻ കിട്ടുന്ന പരിപാടി പോലെയല്ല എന്ന് മരിക്കുന്നതിന് തൊട്ടു മുൻപെങ്കിലും ഒരാൾക്ക് മനസിലാകും.

‘സന്ന്യാസത്തിന്റെ കാരണം ദാരിദ്ര്യം, പ്രാരാബ്‌ധം നിസഹായത’ തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് അവരുടെ ദുരന്ത ചിത്രമായ റോഷൻ ആൻഡ്രൂസിന്റെ കാസിനോവയിൽ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്ന ഡയലോഗ്. ചുരുക്കിപ്പറഞ്ഞാൽ മുങ്ങിച്ചാകുന്നതിന് മുമ്പുള്ള അവസാന കച്ചിത്തുരുമ്പാണോ ഈ സന്യാസം?

ഈ ഡയലോഗുകളുടെ ലൈക്കിന് പിന്നിൽ

ഞാനീ പറഞ്ഞ ഡയലോഗുകൾക്കെല്ലാം കൈയടിച്ച ജനക്കൂട്ടം ഉണ്ട്. അപ്പം തരണേ എന്ന് നിലവിളിച്ച ജനക്കൂട്ടത്തിന് അപ്പം കൊടുത്ത യേശുവിനെ കൂശ്രിക്കുക എന്ന് പറഞ്ഞ അതേ ജനക്കൂട്ടത്തിന്റെ കൈയടികൾക്കും ലൈക്കുകൾക്കും നമ്മൾ കാരണമന്വേഷിക്കേണ്ട. കാരണം അവർ എന്നും കൊണ്ടാടുന്നത് ബറാബാസുമാരുടെ മടങ്ങി വരവാണ്. പക്ഷേ ഏഴാറ്റിൽ കുളിച്ചാലും ദുർഗന്ധം മാറാത്ത കമന്റ് ഇടുന്നവരുടെ മനശാസ്ത്രത്തിന് ഉള്ള കാരണം അവർ തന്നെ തൊട്ട് താഴെ എഴുതിയിട്ടിട്ടുണ്ട്. ആ കാരണമാണ് ‘എന്റെ കൊച്ച്’

എന്റെ കൊച്ച്

മലയാറ്റൂർ രാമകൃഷ്ണന്റെ ‘യന്ത്രം’ എന്ന നോവലിൽ നായകനായ ഐ.എ. എസ് ഓഫീസറുടെ ഭാര്യ പറയുന്ന ഒരു ഡയലോഗുണ്ട്. “സാമൂഹ്യ സേവനത്തിന് ഇറങ്ങുമ്പോൾ നമ്മുടെ ഏറ്റവും വലിയ ഭീഷണി നമ്മുടെ കുഞ്ഞുങ്ങൾ ആണ്.  അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക നട്ടെല്ലുള്ള പല തീരുമാനങ്ങളിൽ നിന്നും  നമ്മളെ പിൻ തിരിപ്പിക്കുന്നു.”

ഈ സാഹചര്യത്തിലാണ് ചരിത്രകാരനായ എം.ജി. എസ് നാരായണന്റെ വാക്കുകൾ നാം ഓർമ്മിക്കേണ്ടത്. മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം ഉള്ള ഒരു സന്യാസിക്ക് മാത്രമേ ഈ ഭൂമിയെ നിസ്വാർത്ഥമായി സേവിക്കാനാകൂ. സന്യാസ സ്ഥാപനങ്ങള ചീത്ത വിളിക്കുന്നവർ അത് ചെയ്യാനുള്ള പ്രധാന കാരണം, “അവരുടെ കൊച്ചിന് അഡ്മിഷൻ കിട്ടിയില്ല, ജോലി കിട്ടിയില്ല” എന്നതാണ്. ഈ കൊച്ചുങ്ങൾക്ക് അഡ്മിഷൻ കിട്ടാത്തത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ല. എന്തായാലും ആ ദേഷ്യം മുഴുവൻ കമൻറുകളിൽ നിറഞ്ഞ് തുളുമ്പുന്നു. മക്കൾ മാതാപിതാക്കളെ അന്ധരാക്കുന്നു. അവരുടെ നല്ല ഭാവിക്ക് വേണ്ടി എന്ത് വീട്ടു വീഴ്ചയും ചെയ്യുന്നവർ ഓർക്കണം, നിങ്ങളുടെ കുഞ്ഞുങ്ങൾ മാത്രം അല്ല ലോകത്തിൽ ഉള്ളത്. ആദ്യം അവരെ സ്വന്തം ജീവിതം വഴി മൂല്യങ്ങൾ പഠിപ്പിക്കുക. അപ്പോൾ അവർ മികച്ച ജീവിതം തിരിച്ച് തരും. കുഞ്ഞുങ്ങളെ ഇൻവെസ്റ്റുമെന്റായി കരുതുമ്പോൾ ജീവിതം വഴിമുട്ടും! വൈദീകരെ വിവാഹം കഴിപ്പിക്കാൻ മുട്ടി നിൽക്കുന്നവർ തിരിച്ചറിയേണ്ടതും വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ സ്വന്തം ജീവിതത്തിലെ ആദർശങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതാണ്. ഒന്നും ബാക്കി വെയ്ക്കാത്ത ജീവിതമാണ് ഒരാളുടെ സന്യാസം. അടുത്ത 7 തലമുറക്ക് കരുതിവെയ്ക്കുന്നവനെ വാഴ്ത്തുന്ന രീതി വിവാഹം! ഇത് രണ്ടും തമ്മിൽ ലയനം സാധിക്കുമോ? പിന്നെ വിവാഹം ക്രിസ്തുവിന്റെ ഭാഷയിൽ അതിന് സാധിക്കുന്നവർ മാത്രമേ ചെയ്യാവൂ! തെറ്റായ ദൈവവിളികൾ ഏത് വിളിയേയും കുളമാക്കും!

സൗജന്യ സേവനം

“സന്ന്യാസികൾ എന്തുകൊണ്ട് സൗജന്യമായി ചികിൽസിക്കുന്നില്ല.”? വളരെ പ്രസക്തമായ ചോദ്യമാണ്. ശമ്പളം വാങ്ങാത്ത സന്യാസികൾ എന്തിന് ഫീസ് വാങ്ങുന്നു? ഈ ചോദ്യം ചോദിക്കുന്നതിന് മുൻപ് ഒരു സമർപ്പിത ദൈവവിളി ഉള്ള ഒരു കുഞ്ഞിനെയെങ്കിലും നിങ്ങൾ പ്രോൽസാഹിപ്പിച്ചിട്ടുണ്ടോ? വേണ്ട, കഴിഞ്ഞ 15 വർഷത്തിനിടയിൽ ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ നിന്ന് മഠത്തിൽ ചേർന്നിട്ടുണ്ടോ? ഉത്തരം ഞാൻ പറയാം. മിക്കവാറും ഇല്ല. പകരം നിങ്ങൾ അവരെ ചൈനയിലും റഷ്യയിലും മറ്റും വിട്ട് ഡോക്ടർമാരാക്കി. അവർ ഇന്ന് വാങ്ങുന്ന ശമ്പളമാണ് നിങ്ങൾ ഇന്ന് ഒ.പിയിൽ അടക്കുന്നത്. ഡോക്ടർമാരായ സന്യാസിനിമാർ കൂടുമ്പോൾ നമുക്ക് കുറെ സൗജന്യ ചികിൽസ തരാം. പിന്നെയുമുണ്ട് നിരവധി മനുഷ്യക്കോലങ്ങൾ ആശുപത്രികളിൽ. ഒരു സഹോദരിയുടെ ഭാഷയിൽ പറഞ്ഞാൽ ‘അവരൊന്നും വായു ഭക്ഷിച്ചിട്ടല്ല ജീവിക്കുന്നത്’ എന്നു കൂടി പറയാൻ പറഞ്ഞു. അവർക്കെല്ലാം മാന്യമായി ജീവിക്കണം! അതുകൊണ്ട് സമൂഹമേ, നമ്മുടെ സ്വാർത്ഥതയാണ് നമ്മുടെ ബിൽ! എന്തായാലും ഈ ആശുപത്രികൾ നിർത്തിക്കൂടേ എന്ന ചോദ്യം ഈ കൊറോണക്കാലത്തിൽ ഒരുത്തനും ചോദിക്കില്ല എന്നറിയാം! ഒന്നു പറയാം! ഇപ്പോൾ അവർക്ക് സാധിക്കുന്ന നിസ്വാർത്ഥ സേവനം തരുന്നു. നാളെ അറിയില്ല. ആരെയും മഠത്തിൽ വിടരുത് എന്നും പറഞ്ഞ് ഒരു മഹതി നടപ്പുണ്ടല്ലോ.

ബംഗ്ലാദേശിലെ സന്യാസികൾ

ബംഗ്ലാദേശിൽ ക്രിസ്തീയ സന്യാസിനികൾ ഇല്ലല്ലോ! അതുകൊണ്ട് അവിടെയാരും ചാരിറ്റി പ്രവർത്തനം നടത്തുന്നില്ലേ? എന്ന് ചോദിച്ച ഒരു മഹാനെ കണ്ടു. ഇതിനെല്ലാം ഒറ്റ ഉത്തരമേ ഉള്ളൂ. ഒരാൾക്ക് സന്യസിക്കാൻ തോന്നുന്നതിന്റെ പ്രധാന കാരണം ഈശോയോട് ചേർന്ന് ജീവിക്കുക എന്ന ആഗ്രഹത്തിൽ നിന്നാണ്. അല്ലാതെ ചാരിറ്റി പ്രവർത്തനം നടത്താനല്ല. അവർ ആരാണ് എന്നതിനാണ് പ്രാധാന്യം. ഒരു സമർപ്പിതനോ സമർപ്പിതയോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് അവർ ലോകത്തിന് മുൻപിൽ മുട്ടുകുത്തി നിന്ന് നടത്തിയ വ്രതത്രയങ്ങളിലൂടെയാണ്. അതായത് അവർ സന്തോഷത്തെയും ദുഃഖത്തെയും ഉപേക്ഷിക്കുന്നു. പണം മൂലമുള്ള ദുഃഖവും സന്തോഷവും, കുടുംബം മൂലമുള്ള ദുഃഖവും സന്തോഷവും, അധികാരം മൂലമുള്ള ദുഃഖവും സന്തോഷവും! അതായത് അവർ ലോകത്തിന് അപ്പുറം നിൽക്കുന്ന ക്രിസ്തീയ മൂല്യങ്ങൾക്കായി നിലകൊള്ളുന്നവരാണ്. സ്നേഹം, നീതി, സമാധാനം തുടങ്ങിയ മൂല്യങ്ങളുടെ അനുസ്യൂതമായ ഒഴുക്ക് ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് തുടരുന്നു. പിന്നെ ബംഗ്ലാദേശിലെ ചാരിറ്റി പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നവരോട് ഒന്നേ പറയാനുള്ളൂ. തലച്ചോറ് ഉള്ളവരും ഇല്ലാത്തവരും ഇവിടെ ജീവിക്കുന്നില്ലേ? എന്നിട്ട് എന്തെങ്കിലും കുഴപ്പം പറ്റിയോ?

മരിക്കുന്ന സമർപ്പിതരുടെ വിൽപത്രം

മരിച്ച് മൺമറഞ്ഞുപോയ ഒരു സന്യാസി തന്റെ സ്വാർത്ഥതയുടെ ഓർമയ്ക്കായി ഇവിടെ മൺചിരാതുകൾ കത്തിക്കുന്നില്ല. അത് സന്ന്യാസത്തിന് എതിരാണ്. എന്നാൽ മരുഭൂമിയിൽ ആന്റണി തുടങ്ങിയ ഈ ക്രിസ്തീയ സന്യാസത്തിൽ ജീവിച്ച് മരിക്കുന്ന ഓരോ സമർപ്പിതനും സമർപ്പിതയും തിരുശേഷിപ്പ് പോലെ അവശേഷിപ്പിക്കുന്ന വിൽപത്രം മുറിവേറ്റ ക്രിസ്തുവിനെയാണ്. ഈ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ അമ്മ മരിച്ച കുഞ്ഞ് അമ്മയെ ഉണർത്താൻ ശ്രമിക്കുന്നത് കണ്ട് നമ്മുടെ ചങ്ക് പിടഞ്ഞതാണ്. ആ കുഞ്ഞ് മുറിവേറ്റ ക്രിസ്തുവാണ്. അതു പോലുള്ള കുഞ്ഞുങ്ങൾക്ക് അപ്പനും അമ്മയുമായി മാറാനുള്ള മനസ് സന്ന്യാസികൾ എടുത്തത് ഇന്നലെ വാർത്ത കണ്ടപ്പോഴല്ല മറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ദേവാലയത്തിന്റെ ബലിപീഠത്തിന്റെ മുമ്പിൽ ഒരുപാട് ജീവിതങ്ങൾ പ്രാർത്ഥിച്ച തഴമ്പിച്ച അതേ കയറ്റു പായയിൽ മുട്ടുകുത്തി നിന്നാണ്. അതിനു ശേഷം അവർ യാത്ര തുടങ്ങി. ആ യാത്രയിൽ ഇനിയൊന്നും അവരെ പിന്തിരിപ്പിക്കില്ല. ഇത് ലക്ഷ്യമുള്ള യാത്രയാണ്.

മുറിവേറ്റ ക്രിസ്തുമാർക്ക് സൗഖ്യം നൽകാൻ ക്രിസ്തുവിന്റെ കൈയും പിടിച്ചുള്ള യാത്ര! ഇത് ഭീരുവിന്റെ യാത്രയല്ല. മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ഫലവും അല്ല! പിന്നെയോ ഒരു വ്യാഴവട്ടം ധ്യാനിച്ചതിന്റെ പരിണിത ഫലം. അതിലുപരി ക്രിസ്തു വിളിച്ചത്തിന്റെ പ്രത്യുത്തരം. ഒരാളെ വിവാഹം കഴിച്ച് രണ്ട് കുഞ്ഞുങ്ങളെയും പുറത്ത് വിട്ട് അവരുടെ കാലടിപ്പാതകളെ മാത്രം ശ്രദ്ധിക്കുന്നതിലും വലിയ ദുരന്തമില്ല. നൻമയുടെ അനന്ത സാധ്യതകൾ തേടുക. അങ്ങനെയുള്ള സാധ്യത തേടലാണ് സന്യാസം. ‘നീ വീടിന്, നാടിന് അപ്പുറം വളരൂ’ എന്ന് മാനവരാശിയെ വെല്ലുവിളിച്ച് കൊണ്ട് സന്യാസം ഇവിടെ ഉണ്ടാകും! ആ വെല്ലുവിളി നടത്തുന്നിടത്തോളം കാലം ഇവിടെ ഉണ്ടാകും! അതുകൊണ്ട് എറിയുന്ന കല്ലുകൾ കെട്ടിടം പണിക്ക് ഉപകരിക്കും എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പുതിയ വിം ഡിഷ് ബാർ ഭാര്യക്ക് കൊടുത്ത് അവളെക്കൊണ്ട് തന്നെ പണി ചെയ്യിപ്പിക്കാതെ കൂടെ പാത്രം കഴുകൂ. ബാക്കിയുള്ള സമയം വെറുതെയിരുന്ന് ചൊറിയാതെ നൻമ ചെയ്യുക.

നൻമ ചെയ്യുന്നത് സന്യാസത്തിന്റെ കുത്തകയല്ല. ആർക്കും ചെയ്യാം, ചെയ്യണം. എന്തായാലും മനുഷ്യന്റെ സകല ദുഃഖത്തിനും സന്തോഷത്തിനും അപ്പുറം നിൽക്കുന്ന ക്രിസ്തുവിനെ ഞങ്ങളുടെ ജീവിതത്തിലൂടെ ഇനിയും നിങ്ങൾക്ക് കാണിച്ച് തരാനായില്ല എന്നതിൽ മാത്രം സമർപ്പിതർ കരയുന്നു. പരിശ്രമം തുടരുന്നു…

ഫാ. ജിൻസൺ മുകളേൽ CMF

2 COMMENTS

  1. ബംഗ്ലാളാദേശിൽ കത്തോലിക്കാ സന്യാസിമാർ ഇല്ല എന്ന വാദം തികച്ചും തെറ്റാണ്

  2. അതൊരു ഫേസ് ബുക്ക് കമന്റ് മാത്രമാണ് !
    സന്യാസികൾ ഇല്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കില്ല എന്ന വ്യംഗ്യാർത്ഥമുള്ള കമന്റ് !

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.