ജീവിതത്തെക്കുറിച്ച് ചോദ്യങ്ങളോ നിരാശയോ ഭയമോ ഉണ്ടോ? എങ്കില്‍ ബൈബിളിൽ തന്നെയുണ്ട് അതിന്റെ ഉത്തരങ്ങൾ

ജീവിതത്തിലെ പരാജയങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ? മുൻകാല മുറിവാർന്ന അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും ജീവിതത്തെ കൂടുതൽ പിരിമുറുക്കങ്ങളിൽ അകപ്പെടുത്തുന്നുണ്ടോ? ഭയപ്പെടേണ്ട, എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് തിരുവചനം നമ്മോട് സംസാരിക്കുന്നു.

ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലേയ്ക്ക് കടക്കുമ്പോൾ വ്യത്യസ്തമായ രൂപങ്ങളിൽ ഭയം നമ്മെ ഭരിക്കുവാൻ തുടങ്ങും. എന്നാൽ അത് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രവർത്തിച്ചാൽ തീർച്ചയായും നമുക്ക് ഈ ഭയത്തെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. വിശുദ്ധ ലിഖിതത്തിൽ, നമ്മുടെ ഭയത്തെ പരാജയപ്പെടുത്തുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. വി. പൗലോസ് അപ്പസ്തോലൻ തീമോത്തിയോസിനുള്ള തന്റെ രണ്ടാം ലേഖനത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”

നമ്മെ ഓരോരുത്തരെയും വേട്ടയാടുന്ന എട്ടു കാര്യങ്ങളും അവയെ നേരിടുവാൻ ബൈബിൾ നൽകുന്ന പരിഹാരങ്ങള്‍ ഏവയെന്നും നമുക്ക് പരിചയപ്പെടാം…

1. ദൈവഭയം

ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾ അത്ര മെച്ചപ്പെട്ടവരല്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? യേശുവുമായി ആഴത്തിലൊരു ബന്ധം സ്ഥാപിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ? ദൈവം നൽകുന്ന ആത്മീയമായ ദാനങ്ങളെ സ്വീകരിക്കുവാൻ നിങ്ങൾ ശക്തരല്ലെന്ന ഭയം നിങ്ങളെ വലയ്ക്കുന്നുണ്ടോ? ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധിക്കുവാനും അതിനനുസരിച്ച് പ്രത്യുത്തരം നൽകുവാനും നിങ്ങൾക്ക് കഴിയുന്നില്ലെന്നുള്ള ആത്മവിശ്വാസക്കുറവുണ്ടോ?

വി. യോഹന്നാന്റെ ഒന്നാം ലേഖനം നിങ്ങൾക്ക് അതിനുള്ള ഉത്തരം നൽകുന്നുണ്ട്: “സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു. കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവർ സ്നേഹത്തിൽ പൂർണ്ണനായിട്ടില്ല” (1 യോഹ.  4:18).

2. മറ്റുള്ളവരെക്കുറിച്ചുള്ള ഭയം

മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും നിങ്ങൾ ഭയക്കുന്നുണ്ടോ. പ്രിയപ്പെട്ടവരാൽ നിങ്ങൾ തിരസ്കരിക്കപ്പെടുമെന്നോ ഉപേക്ഷിക്കപ്പെടുമെന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടോ? പരാജയഭീതിയും മറ്റുള്ളവരുടെ മുമ്പിൽ ചെറുതായിപ്പോകുമെന്നുള്ള പേടിയും സമൂഹത്തിലെ ആളുകളുമായി ഇടപഴകുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടോ?

ഏശയ്യ പ്രവാചകനിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു: “ന്യായം അറിയുന്നവരും എന്റെ നിയമം ഹൃദയത്തിൽ സൂക്ഷിക്കുന്നവരുമായ ജനമേ, എന്റെ വാക്ക് കേൾക്കുവിൻ. മനുഷ്യരുടെ നിന്ദനങ്ങളെ ഭയപ്പെടുകയോ ശകാരങ്ങളിൽ സംഭ്രമിക്കുകയോ വേണ്ട.”

3. സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയം

ദൈവത്തിന്റെ ഹിതം അറിയുവാനും അവിടുത്തെ വിളി സ്വീകരിക്കുവാനും നിങ്ങളിൽ ചെറിയ ഭയം അനുഭവപ്പെടാറുണ്ടോ? സമ്പാദ്യത്തിൽ നിന്നും ഒരു ഓഹരി ദൈവത്തിനു നല്‍കുവാനോ അവിടുത്തേയ്ക്ക് അത്രയൊക്കെ നൽകേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ഹൃദയത്തിൽ ചോദിക്കാറുണ്ടോ? പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുവാനും അവിടുത്തെ ഏറ്റുപറയുവാനും നിങ്ങൾക്ക് ലജ്ജയും പേടിയുമുണ്ടോ?

നിയമവർത്തന പുസ്തകത്തിൽ അതിനുള്ള മറുപടി ഉണ്ട്: “നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും; രാവും പകലും നീ സംഭീതനായിരിക്കും; ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയില്ല. ഹൃദയത്തിൽ കുടികൊള്ളുന്ന ഭയവും കണ്ണുകൾ കാണുന്ന കാഴ്ചകളും നിമിത്തം പ്രഭാതത്തിൽ നീ പറയും: ദൈവമേ, സന്ധ്യ ആയിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും: ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ” (നിയമാ. 28: 66-67).

4. ദൈവവചനമനുസരിച്ച് ജീവിക്കുവാൻ സാധിക്കുന്നില്ലെന്ന് ഭയക്കുന്നുണ്ടോ

യേശുവിനെ അനുഗമിക്കുന്നതിൽ പീഡനങ്ങളേൽക്കേണ്ടി വരുമെന്ന് ഭയമുണ്ടോ? പരിശുദ്ധാത്മാവ് നൽകുന്ന ആത്മീയ ഉണർവ്വിനെ സ്വീകരിക്കുവാനും അവയെ മറ്റുള്ളവരിലേയ്ക്കെത്തിക്കുവാനും നിങ്ങൾ പ്രയാസപ്പെടുന്നുന്നുണ്ടോ? അനുരഞ്ജനം എന്ന കൂദാശയിൽ പങ്കുചേരുവാൻ വിമുഖതയോ ഭയമോ നേരിടുന്നുണ്ടോ?

സങ്കീർത്തകൻ നമ്മോട് പറയുന്നു: “മരണത്തിന്റെ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു” (സങ്കീ. 23:4).

5. പരാജയഭീതി നിങ്ങളെ അലട്ടുന്നുണ്ടോ?

പാപങ്ങളിലേയ്ക്കും പ്രലോഭനങ്ങളിലേയ്ക്കും അകപ്പെടുമെന്ന ഭീതിയുണ്ടോ? വിവാഹം നടക്കാത്തതിനെക്കുറിച്ചോ അല്ലെങ്കിൽ വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളോ നിങ്ങളിൽ ആകുലത സൃഷ്ടിക്കുന്നുണ്ടോ? നിങ്ങളുടെ കുഞ്ഞുങ്ങൾ അവരുടെ ജീവിതത്തിൽ വിജയിക്കുകയില്ലെന്ന ഭയമുണ്ടോ? ജോലിയിലെ അസ്ഥിരതയും സമ്മർദ്ദങ്ങളും നിങ്ങളുടെ ജീവിതത്തെ ഭയത്തിലാഴ്ത്തുന്നുണ്ടോ? മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആഗ്രഹത്തിനൊത്ത് ഉയരുവാൻ സാധിക്കുമോ എന്നുള്ള ആകുലതയിൽ നിങ്ങൾക്ക് ജീവിതത്തെ സ്നേഹിക്കുവാൻ സാധിക്കുന്നില്ലേ?

ഏശയ്യാ പ്രവാചകൻ പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും. നിന്നെ ദ്വേഷിക്കുന്നവർ ലജ്ജിച്ച് തല താഴ്‌ത്തും; നിന്നോട് ഏറ്റുമുട്ടുന്നവർ നശിച്ച് ഒന്നുമല്ലാതായിത്തീരും. നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോട് പോരാടുന്നവർ ശൂന്യരാകും. നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും” (ഏശയ്യാ 41: 10-13).

6. സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം

എന്തെങ്കിലും തരത്തിലുള്ള മോശമായ വാർത്തകൾ സ്വീകരിക്കുവാൻ നിങ്ങൾക്ക് ഭയമുണ്ടോ? കുടുംബാഗങ്ങളുടെ വിയോഗവും ഏതെങ്കിലും മോശപ്പെട്ട സാഹചര്യങ്ങളും മൂലം നിങ്ങളുടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ഭയമുണ്ടോ? സാമ്പത്തികപ്രതിസന്ധികൾ ജീവിതത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥകളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുമോ എന്നോർത്തുള്ള ആകുലത കാരണം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടോ?

സങ്കീർത്തനം 112 വായിക്കുക. “നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്മരണ എന്നേയ്ക്കും നിലനിൽക്കും. ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്” (സങ്കീ. 112: 6-8).

7. നിങ്ങളുടെ കഴിഞ്ഞുപോയ കാലത്തെ ഓർത്തുള്ള ഭയം

നിങ്ങളുടെ കഴിഞ്ഞുപോയ കാലത്തെ ഓർത്ത് നിങ്ങൾക്ക് ഭയം അനുഭവപ്പെടുന്നുണ്ടോ? ചില ഓർമ്മകൾ നിങ്ങളെ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ പഴയ പാപങ്ങൾ ഏറ്റുപറയുവാൻ നിങ്ങൾക്ക് ധൈര്യക്കുറവുണ്ടോ? വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ ചെയ്ത തിന്മകളുടെ പേരിൽ ദൈവം നിങ്ങളെ ശിക്ഷിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?

ഏശയ്യാ പ്രവാചകന്റെ പുസ്തകം 54-ാം അദ്ധ്യായം തുറക്കുക: “ഭയപ്പെടേണ്ട, നീ ലജ്ജിതനാവുകയില്ല. നീ അപമാനിതയാവുകയുമില്ല. നിന്റെ യൗവ്വനത്തിലെ അപകീർത്തി നീ വിസ്മരിക്കും. വൈധവ്യത്തിലെ നിന്ദനം നീ ഓർക്കുകയില്ല” (ഏശയ്യ 54:04).

8. ഭാവിയെക്കുറിച്ചുള്ള ഭയം

നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളിൽ വിറയൽ സൃഷ്ടിച്ചിട്ടുണ്ടോ? പ്രിയപ്പെട്ടവർ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുമെന്നോ നിരാശയാലോ രോഗത്താലോ നിങ്ങളുടെ ജീവിതം അതിന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും സമ്മാനിക്കുമെന്നുമോർത്ത് ഭയപ്പെടുന്നുണ്ടോ?

സുഭാഷിതങ്ങൾ വായിക്കുക, അവിടുന്ന് നിങ്ങൾക്ക് ശാന്തിയും സമാധാനവും നൽകും. “നീ നിർഭയനായിരിക്കും; നിനക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്യും. കിടിലം കൊള്ളിക്കുന്ന സംഭവങ്ങൾ കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്. കർത്താവ് നിന്റെ ആശ്രയമായിരിക്കും. നിന്റെ കാൽ കുടുക്കിൽപെടാതെ അവിടുന്ന് കാത്തുകൊള്ളും” (സുഭാ. 3:24 26).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.