ത്രിത്വത്തിന്റെ മഹത്ത്വത്തിനും സമൂഹത്തിന്റെ നന്മയ്ക്കും

1. സജീവവും വിശുദ്ധവുമായ ബലി

തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള പുരോഹിതൻ പ്രാർത്ഥിക്കുന്നു: ”കർത്താവേ, ശക്തനായ ദൈവമേ, ബലഹീനനായ എന്നെ ദയാപൂർവ്വം സഹായിക്കണമേ. അദ്ദേഹം തുടരുന്നു, സകലത്തിന്റെയും നാഥാ, അങ്ങയുടെ ത്രിത്വത്തിന്റെ ബഹുമാനത്തിനും ഈ സമൂഹത്തിന്റെ നന്മയ്ക്കുമായി സജീവവും വിശുദ്ധവുമായ ഈ ബലി തിരുസന്നിധിയിൽ അർപ്പിക്കാൻ, അങ്ങയുടെ അനുഗ്രഹത്താൽ, എന്നെ യോഗ്യനാക്കണമേ.” കൂദാശ ചെയ്യപ്പെടാൻ പോകുന്ന ബലിവസ്തുക്കളിൽ ഈശോയുടെ തിരുശ്ശരീരരക്തങ്ങൾ കണ്ടുകൊണ്ടെന്ന പോലെ പുരോഹിതൻ പ്രാർത്ഥിക്കുന്നു. ”കർത്താവേ, നിന്റെ ശരീരത്തിനും രക്തത്തിനും നീ എന്നെ യോഗ്യനാക്കി. അപ്രകാരം തന്നെ, വിധിദിവസത്തിൽ, നിന്റെ സംപ്രീതിക്കും എന്നെ യോഗ്യമാക്കണമേ.”

2.ധൂപാർപ്പണം

ആഘോഷമായ ദിവ്യബലിയിൽ നാലു പ്രാവശ്യം ധൂപാർപ്പണം ഉണ്ട്. അതിനായി ധൂപം വെഞ്ചരിക്കുന്ന പ്രാർത്ഥനകളുടെയെല്ലാം അന്തഃസത്ത ഒന്നു തന്നെയാണ്. അനാഫൊറയിലുള്ള ആദ്യത്തെ ധൂപപ്രാർത്ഥന ഉദ്ധരിക്കാം. ”പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ നാമത്തിൽ + ആശീർവ്വദിക്കപ്പെടട്ടെ. ഇത്, അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ.”
ഈ ചെറുപ്രാർത്ഥനയിലും ത്രിത്വസ്തുതിയുണ്ട്. അവിടുത്തെ നാമത്തിലാണു ധൂപം ആശീർവ്വദിക്കപ്പെടുന്നതെന്നും അവിടുത്തെ ബഹുമാനത്തിനാണ് ധൂപാർപ്പണം നടത്തുന്നതെന്നും പ്രാർത്ഥന വ്യക്തമാക്കുന്നു. ”ഇത് അവിടുത്തെ പ്രസാദത്തിനും തന്റെ അജഗണത്തിന്റെ പാപമോചനത്തിനും കാരണമാകട്ടെ”യെന്ന ആശംസാപ്രാർത്ഥന എത്ര ഹൃദയാവർജ്ജകം!

3. കൂദാശവചനങ്ങൾക്കു തൊട്ടുമുമ്പുള്ള പ്രാർത്ഥനകൾ

അടുത്തതായി കൂദാശവചനങ്ങൾക്കു തൊട്ടുമുമ്പുള്ള പ്രാർത്ഥനകളിലേയ്ക്കും അനുഷ്ഠാനങ്ങളിലേയ്ക്കും നാം പ്രവേശിക്കുകയാണ്. ആദ്യമായി കാർമ്മികൻ ”നമ്മുടെ കർത്താവീശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ (തന്റെയും സന്നിഹിതരായിരിക്കന്ന സകലരുടെയുമേൽ) ഉണ്ടായിരിക്കട്ടെ” എന്ന് ആശംസിച്ചുകൊണ്ട് രഹസ്യ (ബലിവസ്തുക്കൾ) ങ്ങളുടെ മേൽ റൂശ്മാ ചെയ്യുന്നു. തുടർന്ന്, അവരുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക്, ദൈവത്തിലേക്ക്, ഉയർത്താൻ ജനങ്ങളോടു കാർമ്മികൻ നിർദ്ദേശിക്കുന്നു. കാരണം, സകലത്തിന്റെയും നാഥനായ ദൈവത്തിനാണു കുർബാന (ബലി) അർപ്പിക്കപ്പെടുന്നത്.

ചിന്തകൾ വിണ്ണിലേക്കു ഉയർത്തുന്നത് ന്യായവും യുക്തവും ആകുന്നുവെന്ന് ജനം ഏറ്റുപറയുന്നു. ചിന്തകൾ സമഗ്രമായി സ്വർഗ്ഗത്തിൽ നിക്ഷേപിക്കേണ്ട നിർണ്ണായക നിമിഷങ്ങളിലാണല്ലോ അവർ. കുർബാനയുടെ പവിത്രതയെ ഓർത്തും തന്റെയും ജനങ്ങളുടെയും അയോഗ്യതയെ ഓർത്തും കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന എല്ലാവരും ചേർന്ന് ഉറക്കച്ചൊല്ലിയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്. കാരണം അത് അത്ര അർത്ഥവത്തും ഹൃദയസ്പർശിയും അനുതാപജന്യവുമാണ്. ”കർത്താവേ, ഞങ്ങളുടെ മനസ്സിനെ എല്ലാ അശുദ്ധതയിലും ദിഷ്ടതയിലും അസൂയയിലും വഞ്ചനയിലും വിദ്വേഷത്തിലും (വൈരാഗ്യത്തിലും) നിന്നു വിമുക്തമാക്കണമേ! അങ്ങയുടെ കരുണയാൽ തമ്മിൽത്തമ്മിലും മറ്റെല്ലാവരോടും സ്‌നേഹവും ഐക്യവും ഞങ്ങളിൽ ഉളവാക്കണമേ! വിശുദ്ധവും സജീവവുമായ ഈ തിരുക്കർമ്മം പ്രത്യാശാപൂർവ്വം അനുഷ്ഠിക്കാൻ ഞങ്ങൾക്ക് ആത്മധൈര്യം നൽകുകയും ചെയ്യണമേ.!”

4. രണ്ടാം പ്രണാമ ജപം

തുടർന്നുള്ള രണ്ടാം പ്രണാമജപത്തിൽ ”അങ്ങയുടെ മഹത്തവമേറിയ നാമം എല്ലാ അധരങ്ങളിലും നിന്നു സ്തുതിയും എല്ലാ നാവുകളിൽനിന്നു കൃതജ്ഞതയും എല്ലാ സൃഷ്ടികളിലും നിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങു സകലത്തെയും കനിവോടെ സൃഷ്ടിക്കുകയും മനുഷ്യവംശത്തോട് അളവറ്റ കൃപകാണിക്കുകയും ചെയ്തു.. സ്വർഗ്ഗീയ സൈന്യങ്ങൾ അങ്ങയുടെ തിരുനാമം പ്രകീർത്തിക്കുന്നു.”

പ്രണാമജപത്തിൽ പറഞ്ഞ സത്യം അരക്കിട്ടുറപ്പിക്കുന്നതാണ് ”ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്നു ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു” എന്ന പ്രഖ്യാപനം. സ്വർഗ്ഗവാസികളോടു ചേർന്നു ബലിയർപ്പകർ ത്രിതൈ്വകദൈവത്തെ ‘പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ എന്നു പാടിപ്പുകഴ്ത്തുന്നു. ജനം പ്രത്യേകം ഏറ്റുപറയുന്നു, ”അവിടുത്തെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന; ദാവീദിന്റെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗ്രഹീതനാകുന്നു.”

ഈ സമയം വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റുപറഞ്ഞു പ്രകീർത്തിക്കുകയാണ്. ”ദൈവമേ, അങ്ങു പരിശുദ്ധനാകുന്നു. അങ്ങു മാത്രമാകുന്നു യഥാർത്ഥ പിതാവ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല പിതൃത്വവും അങ്ങിൽ നിന്നാകുന്നു. നിത്യനായ പുത്രാ, അങ്ങു പരിശുദ്ധനാകുന്നു. സമസ്തവും അങ്ങുവഴി സൃഷ്ടിക്കപ്പെട്ടു. റൂഹാദ്ക്കൂദ്ശായേ, അങ്ങു പരിശുദ്ധനാകുന്നു. എല്ലാം അങ്ങു വഴി പവിത്രീകരിക്കപ്പെടുന്നു.” ഉത്ഥാനഗീതത്തിന്റെ മറ്റൊരു രൂപവും പരിശുദ്ധ ത്രത്വത്തനുള്ള ഒരു പുവർസമർപ്പമവുമായ ഈ പ്രാർത്ഥനയ്ക്കു ശേഷം പ്രവാചക വചനങ്ങളിൽ കാർമ്മികൻ തന്റെ പ്പാവസ്ഥയും തജ്ജന്യമായ അയോഗ്യതയും ഏറ്റുപറയുന്നു. തുടർന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നു. ”കർത്താവേ, അങ്ങയുടെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ. അശുദ്ധരായ ഞങ്ങളെ ശുദ്ധീകരിക്കുകയും ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ… നിസ്സാരരായ ഞങ്ങളുടെ കീർത്തനങ്ങൾ സ്രാപ്പേന്മാരുടെയും മുഖ്യദൂതന്മാരുടെയും സ്‌തോത്രങ്ങളോടു ചേർക്കണമേ”. അവസാനമായി ”ഭൂവാസികളെ സ്വർഗ്ഗവാസികളോടൊന്നിപ്പിച്ച അങ്ങയുടെ അനന്തകാരുണ്യത്തിനു” സ്തുതി പാടുകയും ചെയ്യുന്നു.

5. മൂന്നാം പ്രണാമ ജപം

തുടർന്നു മൂന്നാം പ്രണാമജപമാണ്. കൂദാശവചനങ്ങൾ ഉച്ചരിക്കുന്നതിനുള്ള ഏറ്റം അടുത്ത ഒരുക്കമാണിത്. കാർമ്മികൻ സ്വർഗ്ഗീയ ഗണങ്ങളോടു ചേർന്ന് ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. വചനമാകുന്ന ദൈവത്തെ വാഴ്ത്തുന്നു. ബലിയർപ്പണത്തിൽ കർത്താവു വിധേയനാകുന്ന ശൂന്യവത്ക്കരണത്തെയും പ്രകീർത്തിക്കുന്നു. അവിടുത്തെ മനുഷ്യത്വം ഊന്നിപ്പറയുന്നു. രക്ഷാകരമായ രഹസ്യം തിരുമനസ്സിൽ അർപ്പിച്ചുകൊണ്ട് ജപം അവസാനിക്കുന്നു.

ഫാ. ജോസഫ്‌ വട്ടക്കളം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ