മതത്തിന്റെ മതിൽ പൊളിച്ചു മാറ്റി സ്നേഹക്കൂടൊരുക്കി വിജയപുരം രൂപത 

വെള്ളപ്പൊക്കത്തിൽ ഏറ്റവും ദുഷ്കരമായ ഒന്നായിരുന്നു മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യുക എന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ മരണമടഞ്ഞവർക്കു മുന്നിൽ മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചു നീക്കിയാണ് വിജയപുരം രൂപത മാതൃകയായത്. ദുരിതാശ്വാസ ക്യാമ്പിൽ മരണമടഞ്ഞ സുബ്രമണ്യൻ എന്ന വ്യക്തിക്ക് അന്ത്യവിശ്രമത്തിനായി പള്ളിവാസൽ സെന്റ് ആൻസ് പള്ളി സെമിത്തേരി നൽകിയാണ് രൂപത തങ്ങളുടെ മനുഷ്യത്വപരമായ ശ്രമങ്ങൾക്ക് ആരംഭം കുറിച്ചത്.

പ്രളയം രൂക്ഷമായി നിന്ന ശനിയാഴ്ച രാവിലെ പത്തോടെയായാണ് സെന്റ് ആൻസ് പള്ളിയിലെ വികാരിയച്ചനായ ഫാ. ഷിന്റൊ വെള്ളീപ്പറമ്പ് ക്യാമ്പ് സന്ദർശിച്ചത്. അപ്പോഴാണ് സുബ്രമണ്യൻ എന്ന വ്യക്തി അവിടെ മരിച്ചു എന്നും അടക്കാൻ സ്ഥലം എല്ലാ എന്നുമുള്ള വിവരം അദ്ദേഹത്തിൻറെ ബന്ധുക്കൾ പറഞ്ഞു അറിയുന്നത്. ഫാ . ഷിന്റൊ ഈ വിവരം വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽ പെടുത്തുകയും പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ അനുമതി ചോദിക്കുകയും ചെയ്തു. അവിടെ നിന്നും അനുമതി ലഭിച്ചതോടെ അത് സുബ്രഹ്മണ്യന്റെ ബന്ധുക്കളെ അറിയിച്ചു.  വൈകിട്ടോടെ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുകയും ചെയ്തു.

ഇതര മതസ്ഥർക്കായി മതത്തിന്റേതായ മതിലുകൾ തകർത്ത് മനുഷ്യത്വത്തിന്റെ ചങ്ങലകൾ സ്നേഹപൂർവം തീർക്കുകയാണ് വിജയപുരം രൂപത. ഇത് കേരളത്തിന് മുഴുവൻ മാതൃകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.