അഫ്ഗാൻ ജനതയ്ക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു: ഫ്രാൻസിസ് പാപ്പ

നിരവധിയാളുകളുടെ ജീവനെടുത്ത അപ്രതീക്ഷിത വെള്ളപ്പൊക്കദുരിതത്തിൽ വലയുന്ന അഫ്ഗാൻ ജനതയ്ക്ക് ഫ്രാൻസിസ് പാപ്പ തന്റെ പ്രാർഥനകളും സാമീപ്യവും അറിയിച്ചു. മെയ് മാസം പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ അഫ്‌ഗാൻ ജനതയുടെ ദുരിതം എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി പ്രാർഥിക്കുവാൻ എല്ലാവരോടും ആഹ്വാനം ചെയ്തത്.

“കുട്ടികളടക്കം നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു ഇടയാക്കിയ വെള്ളപൊക്കദുരിതം ബാധിച്ച അഫ്ഗാൻ ജനതയിലേക്ക് എന്റെ ചിന്തകൾ ഞാൻ തിരിക്കുന്നു. നിരവധി വാസസ്ഥലങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇരകളായ എല്ലാവർക്കും പ്രത്യേകമായി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും പിന്തുണയും ഉടൻ നൽകണമെന്ന് ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു”- ഫ്രാൻസിസ് പാപ്പ പറഞ്ഞു.

മുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അൻപതിലധികം കുട്ടികളും ഉൾപ്പെടുന്നതായി യൂണിസെഫ് സംഘടന അറിയിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ബാഗ്‌ലാനിലെ അഞ്ച് ജില്ലകളിലായി ഏകദേശം 6,00,000 ആളുകളാണ് വസിക്കുന്നത്. കനത്ത കാലവർഷക്കെടുതി പോലുള്ള കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ തയ്യാറല്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.