തീവ്രമായ സഹനങ്ങളെ ക്രിസ്‌തുവിനോടുള്ള സ്നേഹത്താൽ തോൽപ്പിച്ച കുഞ്ഞു മിഷനറി യാത്രയായി

“എനിക്കൊരു മിഷനറിയാകണം.” ബ്രയിൻ ട്യൂമർ ബാധിതയായി ശസ്ത്രക്രിയയ്ക്കു പോകുന്ന പത്തു വയസുകാരിയുടെ വാക്കുകൾ ആ വൈദികനെ അത്ഭുതപ്പെടുത്തി. ശാരീരികമായ അസ്വസ്ഥതകൾക്കു നടുവിലും ശക്തമായ വേദനകൾക്കിടയിലും കുരിശിലേയ്ക്ക് നോക്കിക്കൊണ്ടു കിടന്ന ആ പത്തു വയസുകാരിയാണ് തെരേസിറ്റ കാസ്റ്റിലോ ഡി ഡീഗോ. അവസാനശ്വാസം വരെയും ആ പത്തു വയസുകാരിയുടെ ആഗ്രഹം, എനിക്ക് ഈശോയ്ക്കായി ജീവിക്കണം എന്നായിരുന്നു. ഇന്ന് അവൾ തന്റെ പ്രിയപ്പെട്ട ഈശോയുടെ മടിയിലാണ്. സ്വസഹനങ്ങളെ ലോകത്തിനും വൈദികർക്കുമായി സമർപ്പിച്ച ആ പത്തു വയസുകാരിയുടെ അസാധാരണമായ വിശ്വാസത്തിന്റെ സാക്ഷ്യം വായിച്ചറിയാം.

“അവളുടെ ജീവിതം ഒരു ക്രൂശിതയായ സ്ത്രീയുടേതിനു തുല്യമായിരുന്നു” – പത്തു വയസുകാരിയായ തെരേസിറ്റയുടെ സഹനങ്ങളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകളാണ് ഇത്. അതെ, ഒരു പത്തു വയസുകാരിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അവളുടെ സഹനം. സൈബീരിയയിൽ നിന്നു (റഷ്യ) വന്നതിനാൽ മൂന്നു വയസുള്ളപ്പോൾ അവൾ ദത്തെടുക്കപ്പെട്ടു. അങ്ങനെയാണ് അവൾ സ്പെയിൻകാരിയായി മാറുന്നത്. മറ്റു കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുമെങ്കിലും തെരേസിറ്റ അവളുടെ ശക്തമായ വിശ്വാസം കൊണ്ട് ബാക്കിയെല്ലാവരിൽ നിന്നും വേറിട്ട് നിന്നു. എല്ലാ ദിവസവും ദൈവാലയത്തിലെത്തി ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ കൊച്ചുകുട്ടിയുടെ തീക്ഷ്ണത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ദിവസങ്ങളും വർഷങ്ങളും കടന്നുപോയി. 2015-ലാണ് തെരേസിറ്റ രോഗബാധിതയാവുന്നത്. അസഹനീയമായ തലവേദനയാൽ പുളഞ്ഞ ആ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ബ്രെയിൻ ട്യൂമർ എന്ന് വിധിയെഴുതി. ആദ്യഘട്ടമായിരുന്നതിനാൽ ശസ്ത്രക്രിയയിലൂടെയും കീമോ തെറാപ്പിയിലൂടെയും അതിനെ നീക്കം ചെയ്യുവാൻ കഴിഞ്ഞു. ചികിത്സ വിജയകരമായി. വേദനകളുടെ ദിവസങ്ങളോട് വിടപറഞ്ഞു സാധാരണ ജീവിതത്തിലേയ്ക്ക് തെരേസിറ്റ വീണ്ടും നടന്നുതുടങ്ങി. എന്നാൽ ആ ആശ്വാസദിനങ്ങൾക്ക് ആയുസ് കുറവായിരുന്നു എന്നുമാത്രം.

2018-ൽ ട്യൂമർ പിന്നെയും വർദ്ധിച്ചു. വീണ്ടും ആശുപത്രിയിലേയ്ക്ക്. സഹനങ്ങളുടെ ഇടയിലും അവൾ തന്റെ വേദനകളെ ഒക്കെയും മറ്റുള്ളവർക്കായി കാഴ്ച വച്ചു. ആശുപത്രിയും വീടുമായി ഉള്ള ജീവിതം. വേദനകളെയും ചികിത്സകളെയും ലോകത്തിന്റെ വിശുദ്ധീകരണത്തിനായി സമർപ്പിക്കുവാനുള്ള ഒരു വലിയ ആത്മീയതയിലേയ്ക്ക് ആ കുഞ്ഞു പെൺകുട്ടി വളർന്നിരുന്നു.

അവസാനം ഒരു ആക്സിഡന്റിനെ തുടർന്നാണ് അവൾ ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഒപ്പം കടുത്ത തലവേദന കാരണം ജനുവരി 2-ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും ഒരു ശസ്ത്രക്രിയ അനിവാര്യമായി വന്നു. ജനുവരി 11-ന് ഓപ്പറേഷന് നിശ്ചയിച്ചിരുന്നു എങ്കിലും ഒരു മെഡിക്കൽ സങ്കീർണ്ണത കാരണം ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. പ്രശ്നങ്ങൾ ഗുരുതരമായിക്കൊണ്ടിരുന്നു. ഒപ്പം തെരേസിറ്റയ്ക്കും അമ്മയും കോവിഡ് ബാധിച്ചതിനാൽ ഐസൊലേഷനിലും കഴിയേണ്ടതായിവന്നു.

ഐസൊലേഷനിൽ കഴിഞ്ഞ സമയം ശരീരത്തിൽ സ്ഥാപിച്ച വാൽവ് അടഞ്ഞു; അസഹനീയമായ വേദനയും. ഈ കാലത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ ചെയ്തു മാറ്റുവാൻ കഴിയാത്ത വിധത്തിൽ ട്യൂമറും വളർന്നു. സഹനങ്ങളുടെ തീവ്രതയിൽ വെന്തുരുകിയ നിമിഷങ്ങൾ. ഈ വേദനയുടെ നിമിഷങ്ങളെ അസാധാരണമായ ആത്മീയതയും വിശ്വാസവും കൊണ്ട് അതിജീവിക്കുവാൻ തെരേസിറ്റയ്ക്കു കഴിഞ്ഞു. അവളുടെ മുഖത്തു നിന്നു പുഞ്ചിരി മായുവാൻ ഇടവന്നില്ല.

തന്റെ വേദനകളിലൂടെയും സഹനങ്ങളിലൂടെയും അനേകം ആത്മാക്കളെ രക്ഷപെടുത്താൻ കഴിയും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ഒരിക്കൽ അവൾ അമ്മയോട് പറഞ്ഞു – “ഞാൻ എന്റെ വേദനകൾ ഒക്കെയും രോഗബാധിതരായ ആളുകൾക്കും വൈദികർക്കുമായി സമർപ്പിക്കുന്നു.”

അവസാന നിമിഷങ്ങളിൽ വെള്ളം കുടിക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തെരേസിറ്റ. ഈ സമയത്ത്, തന്നെ സന്ദർശിക്കുവാൻ എത്തിയ വൈദികനോട് അവൾ പറഞ്ഞത് ‘എനിക്ക് മിഷനറിയാകണം’ എന്നാണ്. അന്ത്യകൂദാശ നൽകിയ ശേഷം അദ്ദേഹം ആ മുറിയിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അവളോട് പറഞ്ഞു. “ഈ നിമിഷം മുതൽ നീ മിഷനറിയായിരിക്കും. അതിന്റെ രേഖകളും കുരിശും ആയി ഞാൻ ഉടൻ മടങ്ങിയെത്തും.” വൈകുന്നേരം തന്നെ അദ്ദേഹം ഡോക്യുമെന്റും കുരിശും തെരേസിറ്റയ്ക്ക് കൈമാറി. ആ കുരിശ് തനിക്ക് അഭിമുഖമായി ചുവരിൽ സ്ഥാപിക്കുവാൻ അമ്മയോട് ആവശ്യപ്പെട്ടു.

മരണത്തോട് അടുക്കുന്ന ഓരോ നിമിഷവും ഒരു മിഷനറി ആകുവാനുള്ള തീക്ഷ്ണത അവളിൽ തീവ്രമായിരുന്നു. “എനിക്ക് ഒരു മിഷനറിയാകാൻ ആഗ്രഹമുണ്ട്. എനിക്ക് യേശുവിനുവേണ്ടി ജീവിക്കണം” എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. ഒടുവിൽ വേദനകൾക്ക് വിരാമമിട്ടു വിശുദ്ധിയുടെ സ്വർഗ്ഗീയകിരീടത്തിനായി അവൾ യാത്രയായി. മാർച്ച് ഏഴാം തീയതി ഞായറാഴ്ച ആ സഹനപുഷ്പം സ്വർഗീയ മണവാളന്റെ സമ്മാനത്തിനായി മടങ്ങി.

ചെറിയ വേദനകൾ, സഹനങ്ങൾ, പ്രതിസന്ധികൾ നമ്മെ വലയ്ക്കുമ്പോൾ നിരാശയിലേയ്ക്കും അവിശ്വാസത്തിലേയ്ക്കും കൂപ്പുകുത്തുന്ന ലോകത്തിനു മുന്നിൽ തെരേസിറ്റ വ്യത്യസ്തയാവുകയാണ്. വിശുദ്ധിക്കും വിശ്വാസത്തിനും പ്രായം ഒരു തടസമല്ല എന്ന് അവൾ തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്നു. തെരേസിറ്റ അധികം ഒന്നും ചെയ്തില്ല. വചനം പ്രസംഗിച്ചില്ല. തെരുവുകളിലേയ്ക്ക് ജീവിതസാക്ഷ്യവുമായി ഇറങ്ങിയില്ല. മറിച്ച് തനിക്കു ലഭിച്ച സഹനങ്ങളെ ആശുപത്രിമുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അത് ലോകത്തിന്റെ വിശുദ്ധിക്കായി സമർപ്പിച്ചു. ഇന്ന് ആ വിശുദ്ധജീവിതത്തിന്റെ ചൈതന്യം സ്പെയിനിലും ലോകം മുഴുവനിലേയ്ക്കും വ്യാപിക്കുകയാണ്. നിശബ്ദമായി…

വിവർത്തനം: മരിയ ജോസ്

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.