വിശുദ്ധ ഗ്രന്ഥ വായനയുടെ മൂല്യവും ആവശ്യകതയും എന്ത്

വെള്ളിയാഴ്ച കാത്തലിക് ബൈബിൾ ഫെഡറേഷനെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ സംസാരിച്ചിരുന്നു. വിശുദ്ധഗ്രന്ഥം പങ്കുവയ്ക്കുന്ന ചില മൂല്യങ്ങളെക്കുറിച്ചും വായനയിലൂടെ അവ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് പാപ്പാ പ്രധാനമായും പറഞ്ഞത്. അദ്ദേഹം പങ്കുവച്ച ചില പ്രധാന ആശയങ്ങളെ ഒന്നു പരിചയപ്പെടാം…

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌” (ഹെബ്രാ. 4:12). എല്ലാം കടന്നുപോകുമ്പോഴും കാലാതീതമായി തുടരുന്ന വചനം പോലെ ആന്തരികയൗവനം എപ്പോഴും കാത്തുസൂക്ഷിക്കാൻ വിശുദ്ധഗ്രന്ഥ വായന സഹായിക്കും.

വചനം, ജീവിക്കുന്നതും ജീവൻ നൽകുന്നതുമാണ്. ജീവൻ നൽകുന്നവനായ പരിശുദ്ധാത്മാവ് ജീവിക്കുന്നതും പ്രവര്‍ത്തനം നടത്തുന്നതും വചനത്തിലൂടെയാണ്. യേശുവിന്റെ വചനം അനുസരിക്കാതെ നമുക്ക് ജീവിക്കാൻ സാധിക്കില്ല. നിത്യജീവന്റെ വചനമാണത്. വചനം പാലിച്ചുകൊണ്ട് ഓരോരുത്തരും ഓരോ സഭയായി മാറണമെന്നാണ് ദൈവാത്മാവ് ആഗ്രഹിക്കുന്നത്. കാരണം, സഭയുടെ ഭക്ഷണവും ജീവനും പോലും കർത്താവിന്റെ വചനമാണ്.

ഓരോ വിശ്വാസിക്കും ജീവൻ നൽകുന്നത് വചനമാണ്. സ്വയം സമുദ്ധരിച്ചുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാൻ അത് നമ്മെ ശക്തരാക്കും. വചനം ശ്രവിക്കുന്ന ഒരു വ്യക്തി ഒരിക്കലും സ്വന്തം സുരക്ഷിതത്വത്തിൽ സന്തുഷ്ടനായിരിക്കുകയില്ല. സ്വന്തം ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാനുള്ള ഔഷധം കൂടിയാണത്.

നമുക്ക് പ്രാർത്ഥിക്കാം. ഒരു കാര്യം നമുക്ക് ഉറപ്പുവരുത്താം. മറ്റ് പല പുസ്തകങ്ങളുടെ കൂടെ ലൈബ്രറി ഷെൽഫിൽ ഒതുങ്ങരുത് വിശുദ്ധ ഗ്രന്ഥം. അത് തെരുവുകളിലേക്ക് ഇറങ്ങിച്ചെന്ന് അനേകർക്ക് സൗഖ്യം നൽകേണ്ടതാണ്.