സീറോ മലങ്കര ഡിസംബര്‍ 25 മത്തായി 2:1-12 നക്ഷത്രവിളക്ക് കെട്ടുകൂടാ

ലോകത്തിന്റെ രക്ഷകനായ യേശുനാഥന്റെ ജനനപ്പെരുന്നാളിന്റെ (യല്‍ദാപ്പെരുന്നാള്‍) അനുഗ്രഹങ്ങള്‍ ഏവര്‍ക്കും നേരുന്നു.

രക്ഷകന്‍ പിറന്ന ഈ ദിനം, രക്ഷിക്കപ്പെട്ടവരായ മനുഷ്യകുലത്തിന് ആനന്ദത്തിന്റെ അവസരമാണ്. ‘നീ രക്ഷിക്കപ്പെട്ടോ’ എന്ന ചോദ്യം അപ്രസക്തമായ ദിവസം കൂടിയാണ് ക്രിസ്തുമസ്. കാരണം, മനുഷ്യകുലത്തെ രക്ഷിക്കുവാന്‍ തമ്പുരാന്‍ മനസ്സായ നിമിഷം തന്നെ നാം രക്ഷിക്കപ്പെട്ടുവെന്നാണ് നാം വിശ്വസിക്കുന്നത്. ആ രക്ഷകന്റെ ജനനപ്പെരുന്നാളിന്റെ ആനന്ദം നമുക്ക് അനുഭവിക്കാം… പങ്കുവയ്ക്കാം…

നാം ധ്യാനവിഷയമാക്കുന്ന ഭാഗത്ത് ഒരു നക്ഷത്രം, ദൈവപുത്രനെ കാട്ടിക്കൊടുക്കുവാന്‍ ജ്ഞാനികളെ സഹായിക്കുന്നതായി നാം കാണുന്നു. ദൈവത്തെ കാട്ടിത്തരുവാനായി, ദൈവാനുഭവം പകര്‍ന്ന് തരുവാനായി ഈ ലോകത്ത് ജന്മമെടുത്ത നക്ഷത്രമാണ് കര്‍ത്താവായ യേശുക്രിസ്തു. യേശുവാകുന്ന നക്ഷത്രം നമ്മിലും കത്തിച്ച് അനേകര്‍ക്ക് വഴികാട്ടിയാകുവാന്‍ നമുക്ക് കഴിയട്ടെ. ഈ ക്രിസ്തുമസ്സോടു കൂടി നാം നക്ഷത്രമാകുവാന്‍ പോവുകയാണ്. ഈ നക്ഷത്രം ഒരു കാരണവശാലും വെളിച്ചമില്ലാത്ത നക്ഷത്രമായി പോകുവാന്‍ നാം അനുവദിച്ച് കൂടാ. നമ്മുടെ തെറ്റായ സമീപനങ്ങള്‍, പെരുമാറ്റങ്ങള്‍, ദുശ്ശീലങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, ഏഷണി പറച്ചില്‍, കല്‍പ്പനാലംഘനം ഇവയെല്ലാം തന്നെ നമ്മിലെ നക്ഷത്രത്തിന്റെ വെളിച്ചം കെടുത്തിക്കളയുന്നു.

സ്‌നാപകയോഹന്നാനെ കുറിച്ച് പറയുന്നുണ്ട്, ‘കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍’ എന്ന് (യോഹ. 5:35). സ്‌നാപകയോഹന്നാനെ പോലെ യേശുവിന്റഎ സ്‌നേഹത്താല്‍ അവന്റെ നാമ മഹത്വത്തിനായി കത്തിജ്വലിക്കുന്ന ഒരു വിളക്കാകുവാന്‍ നമുക്ക് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.