സീറോ മലങ്കര മാര്‍ച്ച് 26 മത്തായി 11:25-30 ദൈവത്തിലേയ്ക്ക് തിരിയുക

വിയര്‍പ്പൊഴുക്കുന്നവര്‍ക്കും ചുമലിലേറ്റുന്ന ഭാരത്താല്‍ തളരുന്നവര്‍ക്കും ആശ്വാസം യേശുവാണ്. അവന്റെ അരികിലേക്ക് നടക്കുവാന്‍ പഠിക്കുക. വഹിക്കുവാന്‍ എളുപ്പമുള്ളതേ നിനക്കുള്ളൂ; ചുമടുകള്‍ ഭാരം കുറഞ്ഞതുമാണ്. എന്നാല്‍, ദൈവത്തെ ഉപേക്ഷിച്ച് വഹിക്കുന്ന നുകം എളുപ്പമാകില്ല. ചുമലിലേറ്റുന്ന ഭാരം നിനക്ക് താങ്ങാനുമാകില്ല.

ദൈവത്തെ നഷ്ടപ്പെടുത്തി, ജീവിതം എടുക്കുവാന്‍ പറ്റാത്ത ഭാരമാക്കി മാറ്റാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ ദൈവിക കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടട്ടെ. നിന്റെ അദ്ധ്വാനത്തിന് – വഹിക്കുന്ന ഭാരത്തിന് ആശ്വാസം ദൈവം തന്നെയാകട്ടെ. അദ്ധ്വാനം ഏറുമ്പോഴും ഭാരം കൂടുമ്പോഴും യേശുവിന്റെ അടുത്തേയ്ക്ക് ചെല്ലുക. എന്നാല്‍, യേശു നിന്റെ അടുത്തു തന്നെ ഉണ്ടെന്നതാണ് സത്യം. അവനിലേക്ക് നിന്റെ മനസ്സും ഹൃദയവും തിരിച്ചാല്‍ മാത്രം മതി; നീ അവന്റെ അടുത്താകും.

ക്ലേശവും അദ്ധ്വാനവും കൂടുമ്പോള്‍ യേശുവിലേയ്ക്ക് തിരിയുന്നത് നീ ശീലമാക്കുക. നിന്റെ ജീവിതത്തിലാകമാനം ആശ്വാസം നിറയുന്നത് നിനക്ക് അനുഭവിക്കാനാകും. മറ്റുള്ളവര്‍ക്ക് ആശ്വാസം കൊടുക്കാനാവണമെങ്കില്‍ ശാന്തതയും വിനയവും സ്വന്തമായിട്ടുണ്ടായിരിക്കണം (11:28-29). ഹൃദയശാന്തത അനുഭവിക്കുന്നവനു മാത്രമേ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരാനാവൂ.