സീറോ മലങ്കര ജൂൺ 29 യോഹ. 21: 15-19 പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ

പൗരസ്ത്യ-പാശ്ചാത്യസഭകൾ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന തിരുനാളാണ് പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനം. റോമിലെ വി. പത്രോസിന്റെ ബസിലിക്കയുടെ മുമ്പിലായി വി. പത്രോസിന്റെയും, പൗലോസിന്റെയും വലിയ രണ്ടു ശിൽപങ്ങൾ കാണാം. ഇതിൽ പത്രോസിന്റെ കൈയിൽ താക്കോലും, പൗലോസിന്റെ കയ്യിൽ ഒരു വാളും ഉണ്ട്. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും” (മത്തായി 16:19) എന്ന് യേശു പത്രോസിനോടു പറയുന്നു. ഇത് ശിഷ്യസമൂഹത്തിന് നേതൃത്വം നൽകിക്കൊണ്ട് സഭയെ നയിക്കുന്നതിനുള്ള നിയോഗമാണ്. “ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുക” (എഫെ. 6:17) എന്ന പൗലോസ് ശ്ലീഹായുടെ ഉപദേശം അക്ഷരംപ്രതി സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിന്റെ പ്രതീകമാണ് വാളും കൈയ്യിലേന്തി നിൽക്കുന്ന ശ്ലീഹായുടെ ചിത്രം. ക്രിസ്തീയചരിത്രത്തിൽ സഭയുടെ നെടുംതൂണുകളായ ഇവരെ സഭ എന്നും ഒരുമിച്ചാണ് കണ്ടിരുന്നത്.

ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സംഗ്രഹമാണ് ഈ രണ്ടു അപ്പസ്തോലന്മാർ. സഭയുടെ പ്രധാന സ്വഭാവങ്ങളിൽ ഒന്നായ അപ്പസ്തോലികത പ്രകടമാകുന്ന തിരുനാൾ കൂടിയാണിത്. റോമിന്റെ തുടക്കക്കാരായ റോമുളസിന്റെയും, റീമസിന്റെയും ഐതിഹ്യത്തെ ക്രിസ്തീയസുവിശേഷത്താല്‍ പുനർനിർമ്മിച്ച പുതിയ റോമിന്റെ ശില്പികളാണിവർ. വളരെ വ്യത്യസ്ത സ്വഭാവത്തിനുടമകളായിരുന്ന ഇവർ സുവിശേഷത്തിനു വേണ്ടി ഐക്യത്തോടും സ്നേഹത്തോടും കൂടി പ്രവർത്തിക്കുന്നത് എക്കാലത്തെയും സഭാനേതൃത്വങ്ങൾക്ക് മാതൃകയാണ്. ക്രിസ്തുവിൽ ഐക്യത്തിലായിരിന്നുകൊണ്ട് ഒരുമയോടെ, വിജയകരമായി സുവിശേഷം പ്രഘോഷിച്ചവരാണിവർ. രണ്ടുപേരുടെയും സുവിശേഷ പ്രഘോഷണയാത്ര ക്രിസ്തുവിന്റെ രക്ഷാകരകർമ്മങ്ങൾക്ക് വേദിയായ ജറുസലേമിൽ ആരംഭിച്ച് ലോകതലസ്ഥാനമായിരുന്ന റോമിൽ അവസാനിക്കുമ്പോൾ അനേകായിരങ്ങൾ യേശുവിനെ തങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയിരുന്നു. സുവിശേഷത്തിനായി തങ്ങളുടെ ജീവിതം നൽകി യേശുവിനെ പ്രഘോഷിക്കുന്നതിന് ഇവർ നമുക്ക് മാതൃകയും പ്രചോദനവുമാണ്.

യേശുവിനെപ്പോലെ മരിക്കാൻ താൻ യോഗ്യനല്ലെന്നു പറഞ്ഞ് തലകീഴായി കുരിശിൽ മരിച്ച പത്രോസിനെ അടക്കം ചെയ്ത കബറിനു മുകളിലാണ് വി. പത്രോസിന്റെ ബസിലിക്കായിലെ അൾത്താര പണിതിരിക്കുന്നത്. റോമൻ പൗരനായതുകൊണ്ട് പൗലോസിനെ ക്രൂശിക്കാൻ സാധിക്കാത്തതിനാൽ വാള്‍ കൊണ്ട് തലവെട്ടി കൊല്ലുകയായിരുന്നു. വി. പൗലോസിന്റെ വേർപെട്ട ശിരസ്സ് മൂന്ന് പ്രാവശ്യം കുതിച്ചുചാടിയ സ്ഥലത്തു മൂന്ന് നീരുറവൾ ഉണ്ടായി എന്ന ഐതീഹ്യവും നിലവിലുണ്ട്. ഈ രണ്ടു രക്തസാക്ഷിത്വവും നീറോ ചക്രവർത്തിയുടെ മതപീഢന കാലയളവിലാണ് നടന്നത്. വി. പത്രോസിനെയും വി. പൗലോസിനെയും പോലെ തീക്ഷ്ണമതികളായ ക്രിസ്തുശിഷ്യരാകുന്നതിന് നമുക്കും പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.