സീറോ മലങ്കര മെയ് 07 മത്തായി 13: 44-52 നിധി, രത്നം, വല

ജറുസലേമിൽ നമ്മുടെ കർത്താവിന്റെ കുരിശ് കണ്ടെത്തിയതിനെ അനുസ്മരിക്കുന്ന കുരിശിന്റെ തിരുനാളാണിന്ന്. ദൈവം മനുഷ്യരക്ഷയ്ക്കായി തിരഞ്ഞെടുത്ത മാർഗ്ഗം എന്ന നിലയിൽ, കുരിശിന് നമ്മുടെ വിശ്വാസജീവിതത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടാണ് നമ്മുടെ ആരാധനാ കലണ്ടറിൽ പല പ്രാവശ്യം കുരിശിന്റെ തിരുനാളുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. റോമൻ ചക്രവർത്തിയായിരുന്ന മഹാനായ കോൺസ്റ്റന്റിന്റെ അമ്മ വി. ഹെലനി രാജ്ഞി എ.ഡി. 326-ൽ വിശുദ്ധനാട്ടിലേയ്ക്ക് തീർത്ഥാടനം നടത്തുകയും അവിടെ കർത്താവിന്റെ കുരിശു ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ കണ്ടെത്തുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമൻ ചക്രവർത്തിയായ ഹെഡ്രിയാൻ, കർത്താവിനെ ക്രൂശിച്ച സ്ഥലത്തായി റോമൻ ദേവനായ ജൂപ്പിറ്ററിന്റെ പ്രതിമ സ്ഥാപിക്കുകയും വീനസ് ദേവതയ്ക്കായി ഒരു അമ്പലം പണിയുകയും ചെയ്തു. ഹെലന രാജ്ഞി തീർത്ഥാടകയായി ഇവിടെ വരികയും അവിടെയുള്ള തദ്ദേശീയരായ ആളുകളുടെ സഹായത്തോടെ കർത്താവിനെ ക്രൂശിച്ച കൃത്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു. അപ്പോൾ അവിടെയുണ്ടായിരുന്ന അമ്പലത്തിലെ വിജാതീയവിഗ്രങ്ങൾ നീക്കം ചെയ്ത് വിശുദ്ധ കല്ലറയുടെ (Holy Sepulchre) ദേവാലയത്തിന്റെ നിർമ്മിതി ആരംഭിച്ചു. എ.ഡി. 335-ൽ അവിടെ നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശയുടെ ദിനമാണ് കുരിശിന്റെ പുകഴ്ചയുടെ ദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 14. പിന്നീട് ലത്തീൻ സഭ ഈ തിരുനാളിന്റെ പ്രാധാന്യം കുറയാതിരിക്കാൻ 1969-ൽ നടപ്പാക്കിയ ആരാധനാക്രമ നവീകരണത്തിൽ മെയ്‌ മാസത്തിലെ തിരുനാള്‍ എടുത്തുകളഞ്ഞു. എങ്കിലും വിശുദ്ധ നാട്ടിൽ ഇന്നും ഈ തിരുനാൾ മെയ് ഏഴാം തീയതി തന്നെ കൊണ്ടാടുന്നു.

ഈ കുരിശുമായി ബന്ധപ്പെട്ട് രണ്ടു വലിയ അത്ഭുതങ്ങൾ സംഭവിച്ച പാരമ്പര്യവും നിലവിലുണ്ട്. ഒന്നാമത്തേത്, ഹെലന രാജ്ഞി അവിടെ മൂന്ന് കുരിശുകളാണ് കണ്ടെത്തിയതെന്നതാണ്. കർത്താവിനെ ക്രൂശിച്ച കുരിശ് തിരിച്ചറിയുന്നത് മരണാസന്നയായ ഒരു സ്ത്രീയെ അതുകൊണ്ടു സ്പർശിച്ചപ്പോൾ അവൾ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുന്നതിലൂടെയാണ്. പിന്നീട് എ.ഡി. 614-ൽ പേർഷ്യക്കാർ ഈ കുരിശ് കടത്തിക്കൊണ്ടു പോവുകയും എ.ഡി. 629-ൽ ഹെറാക്ളീയസ് ചക്രവർത്തി പേർഷ്യയിൽ നിന്നും അത് വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ, ചക്രവർത്തി തന്നെ അത് വഹിച്ചുകൊണ്ട് വിശുദ്ധ കല്ലറയുടെ ദേവാലയത്തിലേയ്ക്ക് പുറപ്പെട്ടപ്പോൾ ഒരുപാട് തടസ്സങ്ങൾ നേരിട്ടു. പ്രാർത്ഥനാഫലമായി അതിന്റെ കാരണം കണ്ടെത്തി ചക്രവർത്തി തന്റെ രാജകീയവസ്ത്രങ്ങൾ നീക്കം ചെയ്യുകയും ഒരു തീർത്ഥാടകന്റെ വസ്ത്രമണിഞ്ഞു നിഷ്പാദുകനായി കുരിശേന്തി യാത്ര പൂർത്തിയാക്കുകയും ചെയ്തു. കുരിശ് നമ്മെ സംബന്ധിച്ച് ഒരു അലങ്കാരമല്ല. പിന്നെയോ, നമ്മുടെ രക്ഷയുടെ അടയാളവും നാം അനുദിനം പിന്തുടരേണ്ടുന്ന മാർഗ്ഗവുമാണ് (കൂടുതൽ വിശദീകരണത്തിന് നവംബർ 13-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.