സീറോ മലങ്കര നവംബർ 23, മത്തായി 24: 32-36 മനുഷ്യപുത്രന്റെ ആഗമനം 

ലോകാന്ത്യത്തിന്റെ  ലക്ഷണങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളിൽനിന്നും മനസ്സിലാക്കാം എന്ന് യേശു പഠിപ്പിക്കുന്നു. കൂടുതലായും നിത്യഹരിത മരങ്ങളാണ് പലസ്തീനായിലും പരിസരപ്രദേശങ്ങളിലുമുള്ളത്. എന്നാൽ അത്തിമരം കാലാവസ്ഥ മാറുന്നതിനനുസരിച്ചു ഇല പൊഴിയുകയും, തളിർക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വൃക്ഷമാണ്. അത്തിമരം  ഇതൾ വിരിഞ്ഞു വരുന്ന ഏപ്രിൽ മാസത്തിലാണ് യേശു ഈ പ്രബോധനം നല്കുന്നത്  എന്ന് വേദഭാഗത്തിൽ നിന്നും വ്യക്തമാണ്. താമസിയാതെ പെസഹാതിരുന്നാളും, പിന്നീട് വേനൽക്കാലവും വരവായി.

യേശു പറയുന്ന കാലത്തിന്റെ  ലക്ഷണങ്ങൾ മനസിലാക്കി അന്ത്യകാലം എപ്പോഴാണെന്ന് തിരിച്ചറിയാൻ യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നു. “ലോകത്തിന്റെ അവസാനം” എന്നതിനേക്കാൾ ഇത് ജെറുസലേം ദേവാലയത്തിന്റെ ഉടൻ സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചോ, യേശുവിന്റെ വരാനിരിക്കുന്ന കുരിശുമരണത്തെക്കുറിച്ചോ ഉള്ള പ്രവചനം എന്ന് വേണം മനസ്സിലാക്കാൻ. കാരണം “ഇത് സംഭവിക്കുന്നത് വരെ ഈ തലമുറ കടന്നുപോവുകയില്ല” എന്ന് യേശു പറയുന്നു. യഹൂദ പാരമ്പര്യത്തിൽ ഒരു തലമുറ എന്ന് പറയുന്നത് നാൽപതു സംവത്സരമാണ്. ജെറുസലേം ദേവാലയം എ.ഡി.70-ൽ റോമൻ സൈന്യം പരിപൂർണമായും നശിപ്പിക്കുകയും, അങ്ങനെ യഹൂദരുടെ ഭൂമിയിലെ “ലോകം അവസാനിക്കുക്കുകയും” ചെയ്തു. കാരണം ദേവാലയത്തിന്റെ നാശം അവരുടെ ജീവിതത്തിന്റെ അവസാനമാണ്. ഇത് യേശുവിന്റെ പ്രവചനത്തിന്റെ നാൽപതു വർഷത്തിനുള്ളിൽ സംഭവിക്കുന്നു. ഏശയ്യാ പ്രവാചകൻ എഴുതുന്നു: “പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടേ എന്നേക്കും നിലനിൽക്കും” (ഏശയ്യ 40:8).  അതിനാൽ ദൈവവചനം അവിടുന്ന് സൃഷ്ടിച്ച  ഈ പ്രപഞ്ചത്തേക്കാൾ വിശ്വാസയോഗ്യവും, യാഥാർഥ്യവുമാണ്. അതുപോലെതന്നെ ഈ പ്രവചനം പഴയ ലോകത്തിന്റെ അവസാനവും യേശുവിന്റെ രക്ഷണ്യ വ്യാപാരങ്ങളിലൂടെ സംജാതമാകുന്ന പുതിയ ലോകത്തിന്റെ ഉദയത്തെയും കുറിക്കുന്നു.

തന്റെ മഹത്വീകരണത്തിന്റെ സമയം പിതാവ് നിശ്ചയിക്കുന്നതു പോലെയാണെന്നും യേശു പറയുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അന്തരീക  അർത്ഥം  മനസ്സിലാക്കാതെ ലോകത്തിന്റെ അന്ത്യം പ്രവചിക്കുന്ന വ്യാജപ്രവാചകന്മാരുടെ കെണിയിൽ പെടാതിരിക്കാൻ   നമ്മൾ  ശ്രദ്ധാലുക്കളായിരിക്കണം.  നമ്മെ സംബന്ധിച്ച് എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നതാണ് ഈ സുവിശേഷ ഭാഗം നൽകുന്ന സന്ദേശം.

ഫാ. മാത്യു ചാർത്താങ്കുഴിയിൽ