സീറോ മലങ്കര ഏപ്രിൽ 22 യോഹ. 2: 18-25 യേശുവാകുന്ന ദൈവാലയം

യേശു ദൈവാലയം ശുദ്ധീകരിക്കുമ്പോൾ എന്ത് അധികാരത്തലാണ് അത് ചെയ്യുന്നതെന്ന് ദൈവാലയാധികാരികൾ യേശുവിനോടു ചോദിക്കുന്നു. അപ്പോൾ തന്റെ അധികാരത്തിന്റെ അടിസ്ഥാനം ‘ശരീരമാകുന്ന ദൈവാലയ’മാണെന്ന് യേശു അവരോടു പറയുന്നു. കാരണം, യേശുവിന്റെ ശരീരം പുതിയനിയമത്തിൽ എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ആരാധനയ്ക്കു‌ള്ള ദൈവാലയമായി മാറുന്നു. ജറുസലേം ദൈവാലയം ഇല്ലാതായതോടുകൂടി യഹൂദന്മാരുടെ ബലിയർപ്പണം അവസാനിക്കുന്നു. എന്നാൽ, യേശുവിന്റെ ശരീരം ‘നശിപ്പിച്ചത്’ പുതിയനിയമ ബലിയർപ്പണത്തിന്റെ ആരംഭമായി. തന്റെ ഉത്ഥാനം വഴി സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പുതിയ ദൈവാലയമായി യേശു പരിണമിക്കുന്നു. ഈ ദൈവാലയത്തിന്റെ ഉത്ഭവം സ്വർഗത്തിലാണ്. ഇത് കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ ഒരു സൗധമല്ല. പിന്നെയോ, മനുഷ്യരൂപം പ്രാപിച്ച, മനുഷ്യരുടെ ഇടയിൽ വസിച്ച ഒരു “വ്യക്തി” ആണ്.

യേശുവിന്റെ ഉയിർപ്പ് വഴി നമ്മുടെ ശരീരത്തിന് പുതിയ മാനവും കൂടുതൽ ശ്രേഷ്ഠതയും കൈവന്നു. അതിന്റെ അർഥം, നമ്മുടെ ശരീരം പാവനമായതിനാൽ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ശരീരം വഴി നമ്മൾ നടത്തുന്ന കർമ്മങ്ങളെയും നാം ഗൗരവത്തോടെ കാണണം എന്നാണ്. ഈ ശരീരം ഒരു ‘ഉയിർപ്പിനെ’ ലക്ഷ്യം വച്ചുകൊണ്ടു കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ്. മരിച്ചടക്കിയതിനു ശേഷവും നമ്മുടെ ഈ ശരീരം കർത്താവിന്റെ രണ്ടാമത്തെ വരവിൽ മഹത്വീകരിക്കപ്പെട്ട ഒരു അവസ്ഥയിലേക്കു മാറ്റപ്പെടാനുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ ശരീരത്തെ യഥാർഥത്തിൽ ഇല്ലാതാക്കുന്നത് രോഗമല്ല. പിന്നെയോ, ശരീരത്തിലായിരിക്കുമ്പോൾ നാം ചെയ്യുന്ന പാപങ്ങളാണ്. അതുപോലെ ഈ ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസമാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് യാതൊരു ഭയവുമില്ലാതെ പീഢനങ്ങളിലും സാക്ഷ്യം നൽകുന്നതിനുള്ള ധൈര്യം നൽകുന്നത്. നമുക്ക് ഈ ശരീരം തന്ന ദൈവത്തിനു തന്നെ ഇതിനെ സമർപ്പിച്ചു ജീവിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജീവിതം.

ഇനിയും ക്രിസ്തുവിന്റെ ശരീരമെന്നു പറയുന്നത് വിശ്വാസികളുടെ കൂട്ടായ്മയായ നമ്മുടെ സഭ തന്നെയാണ്. ഈ ദൈവാലയം ഒരു കെട്ടിടം എന്നതിനെക്കാൾ ക്രിസ്തുവാകുന്ന ശിരസ്സിനോടു ചേർന്നിരിക്കുന്ന സഭാസമൂഹമാണ്. നമ്മുടെ ശരീരമാകുന്ന ദൈവാലയത്തെ ആത്മീയമായി പരിപോഷിപ്പിക്കുന്നതും കർത്താവിന്റെ രണ്ടാമത്തെ വരവുവരെ ജീവനോടെ നിലനിർത്തുന്നതും സഭയാകുന്ന ദൈവാലയമാണ്. ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്നതിനും ക്രിസ്തുവുമായുള്ള ബന്ധത്തിൽ ആഴപ്പെടുന്നതിനും നമ്മെ സഹായിക്കുന്നത് നമ്മുടെ ഈ സഭാബന്ധമാണ്. ഇന്നും ജീവിക്കുന്ന, ആരാധനയുടെ കേന്ദ്രമായ യേശുവാകുന്ന ദൈവാലയത്തിലായിരുന്നുകൊണ്ട് നമ്മുടെ ആത്മീയ-ഭൗതീകജീവിതങ്ങളെ ചൈതന്യത്തോടെ നിലനിർത്തുന്നതിന് നമുക്കെപ്പോഴും പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍