സീറോ മലങ്കര ജൂലൈ 02 മര്‍ക്കോ. 7: 31-37 ബധിരനെ സുഖപ്പെടുത്തുന്നു

ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍

വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ മാത്രം പ്രതിപാദിക്കുന്ന അത്ഭുതമാണ് ബധിരനെ സുഖപ്പെടുത്തുന്നത്‌. വിജാതീയ പ്രദേശങ്ങളായ ടയിര്‍, സീദോന്‍, ദെക്കപ്പോളീസ് എന്നിവിടങ്ങളിലെ പരസ്യശുശ്രൂഷാമദ്ധ്യേ ആണ് യേശു ബധിരനെ സുഖപ്പെടുത്തുന്നത്. അതുകൊണ്ട് സൗഖ്യം ലഭിച്ച ബധിരന്‍ വിജാതീയനായിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം. ബധിരനും സംസാരതടസമുള്ളവനും എന്നുപറയുമ്പോള്‍, മനസിലുള്ളത് പറഞ്ഞുപിടിപ്പിക്കാന്‍ കഴിവില്ല; അന്യനെ കേട്ട് പ്രതികരിക്കാനുമാവില്ല. അവനോട് അനുകമ്പ തോന്നി യേശു അവന്റെ ചെവികളില്‍ വിരലുകള്‍ ഇട്ടു; നാവില്‍ തൊട്ടു.

ബധിരന്റെ പ്രയാസം മനസിലാക്കിയ യേശു സ്വര്‍ഗത്തിലേക്ക് നോക്കി നെടുവീര്‍പ്പെട്ടു. പിന്നെ തന്റെ ശക്തി സമാഹരിച്ച് ‘തുറക്കപ്പെടട്ടെ’ എന്ന വചനം കൊണ്ട് സൗഖ്യവും നല്‍കി. അയാളുടെ ഞെരുക്കം യേശുവിനെ സ്പര്‍ശിച്ചു എന്നും അക്കാര്യം ഹൃദയനിറവില്‍ പരമപിതാവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. രോഗികളെയും വികലാംഗരെയും മറ്റും എത്ര നിര്‍വികാരതയോടെയാണ് പലപ്പോഴും നാം കാണുന്നത്. രോഗികളോട് യേശു പുലര്‍ത്തിയ അനുഭാവപൂര്‍ണ്ണമായ സമീപനം നമ്മുടെ ജീവിതത്തിലും വളര്‍ത്തിയെടുക്കാം.

പ്രാര്‍ത്ഥന: ചോദിക്കാതെ തന്നെ ഞങ്ങളില്‍ ചൊരിഞ്ഞ ഒരുപാട് കൃപാവരങ്ങളെ ഓര്‍ത്ത് ദൈവമേ, അങ്ങേക്ക് നന്ദി പറയുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.