സീറോ മലബാര്‍ ദനഹ ഒന്നാം തിങ്കള്‍ ജനുവരി 04 യോഹ. 14: 1-16 അസ്വസ്ഥത

“‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട” എന്നാണ് യേശു പറയുന്നത്. അസ്വസ്ഥമാകാതിരിക്കാന്‍ ദൈവത്തിലും തന്നിലും വിശ്വസിക്കുവിന്‍ എന്നും യേശു പറയുന്നു. ഇന്ന് പലരും അസ്വസ്ഥതയാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും അസ്വസ്ഥത അപരനില്‍ ജനിപ്പിക്കുന്നതില്‍ ആത്മനിര്‍വൃതി അടയുന്നവരുണ്ട്. പക്ഷേ, അസ്വസ്ഥതകളെ അതിജീവിക്കുന്ന ആത്മീയതയാണ് യേശു നല്‍കുന്നത്. അസ്വസ്ഥതപ്പെടാന്‍ ആയിരം കാരണങ്ങള്‍ നമുക്ക് കാണും. പക്ഷേ, അസ്വസ്ഥതപ്പെട്ടതുകൊണ്ട് എന്തെങ്കിലും ഗുണം ഇതുവരെയുള്ള ജീവിതത്തില്‍ നമുക്ക് ലഭിച്ചിട്ടുണ്ടോ? ഇല്ല; മറിച്ച് സമയവും സൗഹൃദവും സമാധാനവും നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ദൈവത്തിലും യേശുവിലും പൂര്‍ണ്ണമായി ആശ്രയം വച്ചിരുന്നെങ്കില്‍ നമുക്ക് ജീവിതത്തില്‍ സ്വസ്ഥത ലഭിച്ചേനെ. അസ്വസ്ഥമാകേണ്ട എന്നുപറഞ്ഞ് നമ്മെ ധൈര്യപ്പെടുത്തുന്ന യേശുവില്‍ തന്നെ നമുക്ക് ശരണം വയ്ക്കാം. ഏത് പ്രതിബന്ധങ്ങളേയും പ്രതിസന്ധികളെയും നമുക്ക് അപ്പോള്‍ അതിജീവിക്കാനാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.