വിശുദ്ധ വാരത്തിനായുള്ള മാര്‍ഗ്ഗരേഖകള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി വത്തിക്കാന്‍ സംഘം

1. മഹാമാരിക്കാലത്തെ വിശുദ്ധവാരം

ആരാധനാക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാര്‍ഗ്ഗരേഖകള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാന്‍സമിതികളുടെ ഓഫീസുകള്‍ വഴിയും പ്രാദേശിക മെത്രന്മാര്‍ക്കായി നേരിട്ടുമാണ് വത്തിക്കാന്‍ 2021-ലെ വിശുദ്ധ വാരാചാരണത്തെ സഹായിക്കുന്ന വിധത്തിലുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. സഭയുടെ സവിശേഷമായ ഈ ആരാധനക്രമ വത്സരഘട്ടം വിശുദ്ധ വാരം അജപാലകര്‍ക്കും വിശ്വാസ സമൂഹത്തിനും ഒരുപോലെ ആത്മീയമായി ഉപകാരപ്രദമാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാമാരിക്കാലത്ത് വത്തിക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

2. ജനപങ്കാളിത്തത്തെ വെല്ലുവിളിക്കുന്ന വൈറസ് വ്യാപനം

സാധാരണഗതിയില്‍ ആരാധനക്രമ പരിപാടികള്‍ നടത്തുന്നതിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ആഗോളതലത്തിലും ദേശീയ – പ്രാദേശികതലങ്ങളിലും നാം കോവിഡ് 19-ന്റെ വ്യാപനം ഈ ദിവസങ്ങളില്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. അതിനാല്‍ വിവേകപൂര്‍വ്വവും ജനങ്ങള്‍ക്ക് ഫലപ്രദമാകുന്ന വിധത്തിലും ആരാധനക്രമ പരിപാടികള്‍ സാധിക്കുന്ന വിധത്തിലും എത്രയും ക്രമമായി ദൈവജനത്തിനായി യേശുവിന്റെ പെസഹാരഹസ്യങ്ങളുടെ അനുഷ്ഠാനം സംഘടിപ്പിക്കുവാന്‍ പരിശ്രമിക്കണമെന്നതാണ് വത്തിക്കാന്റെ പൊതുവായ നിര്‍ദ്ദേശം. എന്നാല്‍ ദേശീയതലത്തിലും പ്രാദേശികതലത്തിലും സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന പ്രതിരോധ നിബന്ധനകളും ആജ്ഞകളും പൊതുനന്മയ്ക്കായി പാലിച്ചുകൊണ്ടായിരിക്കണം ആരാധനക്രമ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ എന്ന് പ്രസ്താവന എടുത്തുപറയുന്നുണ്ട്.

3. അടച്ചുപൂട്ടിയ അവസ്ഥ

വിശുദ്ധ വാരത്തിലെ ആരാധനക്രമാഘോഷങ്ങള്‍ സംബന്ധിച്ച് 2020 മാര്‍ച്ച് 15-ന് വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള സംഘം നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും പ്രസക്തമാണെന്ന് 2021 ഫെബ്രുവരി ആദ്യവാരത്തില്‍ മെത്രാന്മാര്‍ക്ക് അയച്ച കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തെ അവസ്ഥ മറ്റൊന്നുമായി തുലനം ചെയ്യുമ്പോള്‍ ഏറെ വ്യത്യസ്തമാണെന്നും ചിലയിടങ്ങളില്‍ ഇപ്പോഴും പൂര്‍ണ്ണമായ ലോക്ക് ഡൗൺ സാഹചര്യം നിലനില്‍ക്കുന്നതുമൂലം ദേവാലയങ്ങളില്‍ ആരാധക്രമ പരിപാടികളില്‍ സംഘടിപ്പിക്കുന്നതോ അതില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതോ സാദ്ധ്യമല്ലാത്ത അവസ്ഥയാണെന്ന് വത്തിക്കാന്‍ മനസ്സിലാക്കുന്നുണ്ടെന്ന് നിദ്ദേശങ്ങളുടെ പത്രിക വ്യക്തമാക്കുന്നുണ്ട്.

4. തുറന്ന ദേവാലയങ്ങള്‍

ചില രാജ്യങ്ങില്‍ സാധാരണഗതിയിലേയ്ക്ക് തിരികെപോകുവാനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്നതും എടുത്തുപറയുന്നുണ്ട്. അവിടെല്ലാം, ”കര്‍ത്താവിന്റെ വിരുന്നുമേശയിലേയ്ക്ക് നമുക്കു തിരികെപ്പോകാം…” എന്ന പ്രചോദനത്തോടും ആവേശത്തോടും കൂടെ പൂര്‍വ്വോപരി ഊര്‍ജ്ജസ്വലരായി ആരാധനക്രമ പരിപാടികളില്‍ വിശ്വാസികള്‍ പങ്കെടുക്കുവാന്‍ പരിശ്രമിക്കണമെന്നും വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളില്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

5. മാധ്യമങ്ങളിലൂടെ പങ്കെടുക്കാം

ആരാധനക്രമാചരണത്തില്‍ നേരിട്ട് പങ്കെടുക്കുവാനാവാത്ത സമൂഹങ്ങള്‍ ഐക്യത്തിന്റെ പ്രതീകമായി അവരവരുടെ മെത്രാന്മാരും അജപാലകരും സംഘടിപ്പിക്കുന്ന മാധ്യമങ്ങളിലൂടെയുള്ള തിരുക്കര്‍മ്മങ്ങളില്‍ ഒരുക്കത്തോടെ പങ്കെടുത്ത് അവയുടെ ഫലപ്രാപ്തി അണിയുവാന്‍ ഈ വിശുദ്ധ വാരത്തില്‍ പരിശ്രമിക്കണമെന്നും 2021 ഫെബ്രുവരിയില്‍ ഇറക്കിയ നിര്‍ദ്ദേശങ്ങളില്‍ വത്തിക്കാന്‍ പ്രത്യേകമായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.