ഞായറാഴ്ച പ്രസംഗം ജനുവരി 15- വചനം മനുഷ്യനായി

ദനഹാക്കാലം രണ്ടാം ഞായര്‍ യോഹ 1:14-18 (1:1-28)

ദനഹാക്കാലം എന്ന് പറയുന്നത് പ്രത്യക്ഷീകരണത്തിന്റെയും വെളിപാടുകളുടെയും കാലഘട്ടമാണ്. സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ് ഈ കാലഘട്ടത്തിന്റെ വിചിന്തനത്തിന് വിഷയീഭവിക്കേണ്ടത്. അപ്പോഴും നമ്മുടെ മനസ്സിനെ മഥിക്കുന്ന ഒരു ചോദ്യം: ‘ദൈവത്തെ നേരിട്ടു കാണാന്‍ മനുഷ്യനു സാധിക്കുമോ?’ വചനം വ്യക്തമായി പറയുന്നു ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയാണ് ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. അതിനാല്‍ നമുക്കും പറയാന്‍ സാധിക്കും ക്രിസ്തുവാണ് വെളിപാടുകളുടെ പൂര്‍ണ്ണത. നമ്മുടെ ഉത്തരവാദിത്വം ദൈവിക വെളിപാടുകളെ തിരിച്ചറിയുക എന്നതാണ്. ദനഹാക്കാലത്തെ വായനകള്‍ ഇതിന് നമ്മെ കൂടുതല്‍ സഹായിക്കുന്നവയാണ്.

ഇന്നത്തെ വായനയില്‍ നാം കാണുന്നത് വ്യക്തികളിലൂടെ വെളിപ്പെടുത്തുന്ന യേശുവിനെയാണ്. സ്‌നാപക യോഹന്നാന്‍ യേശുവിനെ നമുക്ക് വെളിപ്പെടുത്തി തരികയാണ്. യേശു മാംസം ധരിച്ച വചനമാണ്. അവനില്‍ കൃപയുടെ പൂര്‍ണ്ണതയുണ്ട്. അനാധി മുതലേ ഉള്ളവനും പിതാവുമായി ഗാഡബന്ധം പുലര്‍ത്തുന്ന ഏകജാതനാണവന്‍. അവനെ കാണുന്നത് പിതാവിനെ കാണുന്നതിനു തുല്യമാണ്.

ഈ കാലഘട്ടത്തിലെ വായനകളിലൂടെ കണ്ണോടിക്കുമ്പോള്‍ നാം കാണുന്നത് ദൈവം യേശുവിന്റെ ജ്ഞാനസ്‌നാനം വഴി തന്നെ വെളിപ്പെടുത്തുന്നതും, പ്രവൃത്തികളിലൂടെ യേശു സ്വയം വെളിപ്പെടുത്തുന്നതും യേശു വചനത്തിലൂടെ തന്നെ വെളിപ്പെടുത്തുന്നതുമാണ്. ദൈവത്തെ തിരിച്ചറിയാനും അവന് സാക്ഷ്യം വഹിക്കാനും കഴിയുമ്പോള്‍ നമുക്കും ദൈവീക വെളിപാടുകളെ തിരിച്ചറിയാന്‍ കഴിയും.

ഈ കാലഘട്ടത്തിലും ദൈവിക വെളിപാടുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. വ്യക്തികളിലൂടെയും വചനത്തിലൂടെയും ദര്‍ശനത്തിലൂടെയും പ്രവൃത്തികളിലൂടെയും ഇന്നും ദൈവം പ്രവര്‍ത്തന നിരതനാണ്. എന്നാല്‍ നാം ഇത് തിരിച്ചറിയുന്നുണ്ടോ എന്നതാണ് സംശയം. ഈ അവസരത്തില്‍ വിശുദ്ധ ഗ്രന്ഥം നമ്മുടെ മുമ്പില്‍ ദൈവിക വെളിപാടുകള്‍ തിരിച്ചറിഞ്ഞ ചില ജീവിതങ്ങളെ അവതിപ്പിക്കുകയാണ്.

നിരക്ഷരരും നിര്‍ദ്ധനരുമായ ഇടയന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശം അനുസരിച്ച് പുറപ്പെട്ട് ദിവ്യപൈതലിനെ ദര്‍ശിക്കുന്നു. ശിശുവായ യേശുവിനെ ദേവാലയത്തില്‍ കണ്ട വൃദ്ധനായ ശിമയോന്‍ യേശുവിനെ ദൈവം അയച്ച രക്ഷകനായി തിരിച്ചറിയുന്നു. അന്നാ പ്രവാചിക യേശുവിനെ രക്ഷകനായി പ്രഘോഷിക്കുന്നു. ജീവജലത്തിന്റെ ഉറവ യേശുവില്‍ കണ്ടെത്തിയ സമരിയാക്കാരി ഒരു പട്ടണത്തെ മുഴുവന്‍ ദൈവിക ദര്‍ശനത്തിലേക്ക് കൊണ്ടു വന്നു. അന്ധനായ ബര്‍ത്തേമിയൂസ് യേശുവിനെ തിരിച്ചറിഞ്ഞ് ഉച്ചത്തില്‍ വളിച്ചു: ‘ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ, സക്കേവൂസും, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയും, പാദം കഴുകിയ പാപിനിയും, കുഷ്ഠരോഗിയും എല്ലാം വിവിധ രീതികളില്‍ യേശുവിലെ ദൈവികത ദര്‍ശിച്ചവരാണ്. ദൈവീക വെളിപ്പാടു ലഭിച്ച വലതുവശത്തെ കള്ളന്‍ പറഞ്ഞു നിന്റെ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ. ശതാധിപന്‍ പറഞ്ഞു സത്യമായും ഇവന്‍ നീതിമാനാണ്. തിബേരിയാസ് തീരത്ത് വച്ച് ശിഷ്യന്മാര്‍ വിളിച്ചു പറഞ്ഞു അത് കര്‍ത്താവാണ്. മഗ്ദലേന മറിയം പറഞ്ഞു ഞാന്‍ കര്‍ത്താവിനെ കണ്ടു. തോമാശ്ലീഹാ പറഞ്ഞു എന്റെ കര്‍ത്താവേ എന്റെ ദൈവമേ.

ഇതൊടൊപ്പം നാം മനസ്സില്‍ സൂക്ഷിക്കേണ്ട ചില വ്യക്തികള്‍ കൂടി ഉണ്ട്. ദൈവിക ദര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രത്യുത്തരിക്കാന്‍ സാധിക്കാതെ പോയവര്‍. അവരെ സംബന്ധിച്ചിടത്തോളം വെളിപാടുകള്‍ മോശയ്ക്ക് ലഭിച്ചത് പോലെ വലിയ അത്ഭുതത്തോടുകൂടിയതോ, അല്ലെങ്കില്‍ ഏലിയായ്ക്ക് ലഭിച്ചതു പോലെ കൃത്യതയോടു കൂടിയതോ, അതുമല്ലെങ്കില്‍ ഏശയ്യായ്ക്ക് ലഭിച്ചതുപോലെ സ്വര്‍ഗ്ഗീയ പശ്ചാത്തലത്തോടു കൂടിയതോ ഒരു ദൈവത്തെ അംഗീകരിക്കാനുള്ള ഹൃദയവിശാലത അവര്‍ക്ക് ഇല്ലാതെപോയി. അതിനാല്‍ ഹേറോദേസിനും പീലാത്തോസിനും അവനെ മനസ്സിലാക്കാനായില്ല. ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കും യഹൂദ പ്രമാണികള്‍ക്കും അവനെ അംഗീകരിക്കാന്‍ സാധിച്ചില്ല.

അതിനാല്‍ ഈ കാലഘട്ടത്തിന്റെ ദൈവിക വെളിപാടുകളുടെ പ്രത്യേകതകളും നാം മനസ്സിലാക്കണം. അവയെ തിരിച്ചറിയുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരിടത്ത് ഒരു സന്യാസാശ്രമം ഉണ്ടായിരുന്നു. വലുതെങ്കിലും അവിടെ അംഗങ്ങളുടെ എണ്ണം കുറഞ്ഞ് വരികയായിരുന്നു. പോരാത്തതിന് സഹസന്യസിമാരുടെ ഇടയിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചും വന്നു. ഇപ്രകാരം ഭാവി അനിശ്ചിതത്വത്തില്‍ ആയിരുന്ന സമയത്താണ് ആശ്രമ ശ്രേഷ്ഠന്‍ അടുത്ത ഗ്രാമത്തില്‍ എത്തിയ ജ്ഞാനിയായ ഗുരുവിനെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അല്‍പസമയത്തെ ധ്യാനത്തിന് ശേഷം ഗുരു പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ ക്രിസ്തുവാണ്. അതാരാണ് എന്ന് എനിക്കറിയില്ല. ആശ്രമ ശ്രേഷ്ഠന്‍ കാര്യങ്ങള്‍ സന്യാസിമാരോടു പറഞ്ഞു. അന്നുമുതല്‍ അവര്‍ പരസ്പരം ബഹുമാനിച്ചു തുടങ്ങി. മുതിര്‍ന്നവര്‍ ഇളയവരെ വാത്സല്യത്തോടും സ്‌നേഹത്തോടും കൂടെ സമീപിച്ചു. ഇളയവര്‍ മുതിര്‍ന്നവരെ ബഹുമാനത്തോടും ആദരവോടും കണ്ടു. അങ്ങനെ ആശ്രമത്തില്‍ സന്തോഷം തിരിച്ചു വന്നു. ധാരാളം പേര്‍ പുതിയതായി എത്തി തുടങ്ങി. ഇത് നമുക്കൊരു സന്ദേശമാണ്; നാം ആയിരിക്കുന്നിടത്ത് അത് കുടുംബത്തിലോ, ജോലിസ്ഥലത്തോ സമൂഹത്തിലോ എവിടെയാണെങ്കിലും നാം ഇടപെടുന്നത് ക്രിസ്തുവിനോടാണ് എന്ന ചിന്ത ഉണ്ടായാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. എല്ലായിടത്തും സ്‌നേഹം നിറയും.

അപരനിലെ ഈശ്വര സാന്നിധ്യം തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വെളിപാട്. നമുക്ക് ഇഷ്ടമില്ലാത്തവരിലും ഈ ദൈവിക സാന്നിധ്യം തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ് യഥാര്‍ത്ഥ മാനസാന്തരം.

വി. ഫ്രാന്‍സീസ് അസ്സീസിക്ക് കുഷ്ടരോഗികളെ ഇഷ്ടമില്ലായിരുന്നു. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ ശരീരം വ്രണം ബാധിച്ച ഒരു കുഷ്ഠരോഗി എതിരെ വരുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം അസ്വസ്ഥതപ്പെട്ട് ആ കുഷ്ടരോഗിയെ കടന്ന് പോകാന്‍ തുടങ്ങിയപ്പോള്‍ ഒരു ഉള്‍വിളി, അവനെ ആശ്ലേഷിച്ച് മുറിവുകളില്‍ ചുംബിക്കാന്‍. മനസ്സില്ലാ മനസ്സോടെ ഫ്രാന്‍സീസ് അവനെ ആശ്ലേഷിച്ച് മുറിവുകളില്‍ ചുംബിച്ചു. അത്ഭുതം എന്ന് പറട്ടെ അദ്ദേഹം ചുംബിച്ചപ്പോള്‍ വ്രണങ്ങള്‍ ഓരോന്നായി സുഖപ്പെട്ടു. ഒടുവില്‍ കുഷ്ടരോഗിയായി വന്നവന്‍ സൗഖ്യം പ്രാപിച്ചു. ഉടനെ അവന്‍ ഫ്രാന്‍സീസിന്റെ മുമ്പില്‍ നിന്ന് അപ്രത്യക്ഷമായി. അപ്പോള്‍ ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു അത് ക്രിസ്തുവായിരുന്നു എന്ന്.

കൊല്‍ക്കട്ടയിലെ തെരുവുകളില്‍ ക്രിസ്തുവിനെ കണ്ടെത്തിയതാണ് മദര്‍ തെരേസായെ വിശുദ്ധയാക്കിയത്. മോളോക്കോയിലെ കുഷ്ഠരോഗികളില്‍ ക്രിസ്തുവിനെ കണ്ടെത്തിയത് ഫാദര്‍ ഡാമിയനെ വിശുദ്ധനാക്കിയത്. ഇതിനെല്ലാം ഇവരെ സഹായിച്ചത്. അപരനിലെ ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞു എന്നതാണ് അതിനാല്‍ ഈ വെളിപാടുകളെ തിരിച്ചറിയാന്‍ മാത്രമുള്ള ജാഗ്രത നാം ജീവിതത്തില്‍ പുലര്‍ത്തണം. അല്ലെങ്കില്‍ ഓരോ നിമിഷവും കണ്‍മുമ്പില്‍ നടക്കുന്ന ദൈവിക വെളിപാടുകളെ തിരിച്ചറിയാതെ ദൈവം ഇല്ല എന്ന് പറഞ്ഞ് നടക്കുന്നവരുടെ കൂട്ടത്തിലേക്ക് നാമും തള്ളപ്പെടും. അതിനാല്‍ വെളിപാടുകളുടെ ഈ കാലഘട്ടം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയും അപരനിലെ ദൈവീക സാന്നിധ്യത്തെയും തിരിച്ചറിയാനുള്ള ആഹ്വാനമാണ് നമുക്ക് നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.