ഞായറാഴ്ച പ്രസംഗം – നവംബര്‍ 12; കരുണയുടെ മുഖം മത്താ 12:1-13

പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍ മത്താ 12:1-13

ഇന്ന് മിശിഹാ തന്റെ മണവാട്ടിയായ സഭയെ പരമപിതാവിന് സമര്‍പ്പിക്കുന്ന, പ്രതിഷ്ഠിക്കുന്ന മഹത്വപൂര്‍ണമായ ദിനങ്ങള്‍ മുന്‍കൂട്ടി ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ആരാധന ക്രമവത്സരത്തിലെ പള്ളിക്കൂദാശക്കാലം രണ്ടാം ഞായറാഴ്ചയാണ് ഇന്ന്.  സര്‍വ്വതിന്റെയും പ്രതിഷ്ഠകളും സമര്‍പ്പണവും ദൈവതിരുമുമ്പിലാണെന്നിരിക്കെ, അവിടുത്തെ സാന്നിദ്ധ്യാങ്കണത്തിലാണെന്നിരിക്കെ ദൈവസാന്നിദ്ധ്യം ദിവ്യകാരുണ്യമാണെന്ന് സഭാമാതാവ് വിവിധ വായനകളിലൂടെ പഠിപ്പിക്കുന്നു.

ആദ്യവായനയായ പുറപ്പാടിന്റെ പുസ്തകത്തില്‍ ദൈവസാന്നിദ്ധ്യത്തിന് മനുഷ്യരോടൊത്ത് വസിക്കാന്‍ ക്രമമായും ചിട്ടയോടും കൂടെ കൂടാരപ്രതിഷ്ഠ നടത്തുന്ന മോശയെ കാണാനാകും. രാജാക്കന്മാരുടെ പുസ്തകത്തില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യമായ വാഗ്ദാനപേടകം ദേവാലയത്തിലെത്തിച്ച് സോളമന്‍ നടത്തുന്ന ദേവാലയപ്രതിഷ്ഠാ പ്രാര്‍ത്ഥനയാണ് നാം കാണുന്നത്. ഈ ദേവാലയത്തില്‍ ദൈവീകസാന്നിധ്യമുണ്ടാകണേയെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, അടിമത്വത്തില്‍ നിന്നും വിമോചിതരായി വാഗ്ദത്ത ഭൂമിയിലേക്ക് സഹചാരിയും സംരക്ഷകനും നായകനുമായി ദൈവം കൂടെയുണ്ടെന്ന് അനുസ്മരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഇന്ന് ഈ ദേവാലയത്തിന്റെ സ്ഥാനത്ത് തിരുസഭയാണുള്ളത്. ഹെബ്രായ ലേഖനത്തില്‍ പതിതനും പാവപ്പെട്ടവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനുമായ സാധാരണക്കാരന്റെ കൂടെയുള്ള ക്രിസ്തുവെന്ന പ്രധാനപുരോഹിതന്‍ തിരുസഭയെ സമര്‍പ്പിക്കുന്നു. ദൈവം രൂപപ്പെടുത്തിയ രക്ഷാകരപദ്ധതിയിലൂടെ സഭ മഹത്വത്തിലേക്ക് പ്രവേശിക്കുകയും ക്രിസ്തു ഉടമ്പടിയുടെ മദ്ധ്യസ്ഥനായി നിലകൊള്ളുകയും ചെയ്യുന്നു.

ദേവാലയത്തിലെ ദൈവീകസാന്നിദ്ധ്യമെന്നത് ദിവ്യകാരുണ്യമാണ്. ദൈവം മനുഷ്യനോട് കാണിച്ച കരുണയുടെ മുഴുവന്‍ തുകയാണത്. അവഗണിക്കപ്പെടുന്ന സാധാരണക്കാരന്റെ കൂടെ കാരുണ്യമായി ദൈവമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സുവിശേഷത്തിലെ ഈശോ. വയലിലൂടെ നടന്നപ്പോള്‍ വിശന്ന ശിഷ്യന്മാര്‍ ഗോതമ്പ് പറിച്ച് ഭക്ഷിച്ചു. സാബത്തുദിനം അരുതാത്ത പ്രവൃത്തി ചെയ്തുവെന്ന ആരോപണം ചുമത്തപ്പെട്ട മുക്കുവന്മാരുടെ കൂടെ നില്‍ക്കുന്ന ദൈവത്തെയാണിവിടെ കാണാന്‍ സാധിക്കുന്നത്. വിശക്കുന്ന മനുഷ്യന്റെ മുമ്പില്‍ ഒരു നിയമപാലകന്റെ വേഷം കെട്ടി നില്‍ക്കാന്‍ യേശുവിന് കഴിഞ്ഞില്ല. അവന്‍ പ്രതികരിച്ചു. അന്യന്റെ മുതല്‍ അപഹരിച്ചുവെന്നതല്ല ഇവിടെ തെറ്റായിത്തീര്‍ന്നത്. വഴിപോക്കര്‍ക്കു വിശന്നാല്‍ ധാന്യവും മുന്തിരിയും പറിച്ചുതിന്നു വിശപ്പടക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് (നിയ 23:22-25). എന്നാല്‍ സാബത്തില്‍ കതിര്‍ പറിക്കുന്നതും ഉമി കളയുന്നതും നിഷിദ്ധമെന്ന് യഹൂദര്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. ചെറിയവരായ ശിഷ്യന്മാര്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ വലിയവരുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഈശോ പറഞ്ഞുവയ്ക്കുന്നത് നിയമത്തിനപ്പുറം മനുഷ്യന് പ്രാധാന്യമുണ്ടെന്ന വസ്തുതയാണ്. വിശക്കുന്നവനും ദാഹിക്കുന്നവനും നിരാലംബനും ദരിദ്രനുമെല്ലാം വേണ്ടി നിലകൊള്ളുന്നത് നിയമാനുഷ്ഠാനത്തിനപ്പുറമുള്ള ദൈവഹിതമാണെന്നവിടുന്ന് കാണിച്ചുതരുന്നു.

അതുകൊണ്ടും തീര്‍ന്നില്ല, കൈശോഷിച്ചവന്റെ നൊമ്പരങ്ങള്‍ക്ക് മുന്നില്‍ അലിയുന്ന ഈശോ അപ്പോള്‍ത്തന്നെ അവനെ സുഖപ്പെടുത്തുന്നു. ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായത് ദൈവസാന്നിദ്ധ്യം തന്നെ ദൈവസാന്നിദ്ധ്യമെന്നാല്‍ ദൈവകാരുണ്യവും. ”ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്ന”തെന്ന് പറയുമ്പോള്‍ ബലി വേണ്ട എന്നല്ല, മറിച്ച് ബലിയുടെ സാരം കരുണതന്നെയായിരിക്കണമെന്നാണ്. മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ പ്രകടനമായിരുന്നല്ലോ കുരിശിലെ ബലിയര്‍പ്പണം. അതുപോലെ ജീവിതം സമര്‍പ്പിച്ച് ബലിയുടെ ചൈതന്യം പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന വി.മദര്‍ തെരേസ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”ദിവസവും പ്രഭാതത്തില്‍ ഞാന്‍ ദിവ്യകാരുണ്യ ആരാധന നടത്തും. ദിവ്യകാരുണ്യ അര്‍പ്പണത്തില്‍ പങ്കുചേരും. തുടര്‍ന്ന് തെരുവോരങ്ങളില്‍ കണ്ടെത്തുന്ന അനാഥരിലും കുഷ്ഠരോഗികളിലും കുഞ്ഞുങ്ങളിലും ഞാന്‍ ദിവ്യകാരുണ്യനാഥനെ ദര്‍ശിച്ച് അവരെ ശുശ്രൂഷിച്ച് ഞാന്‍ എന്റെ ആരാധന നടത്തുന്നു.”

പ്രകരണങ്ങളും പ്രകടനങ്ങളുമൊക്കെ നടത്താനായിട്ട് നാം കെട്ടിപ്പടുക്കുന്ന ബാഹ്യസൗധങ്ങളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമില്ലായെന്നും ആത്മാര്‍ത്ഥമായി ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനത്തില്‍ ദൈവം കൂടെയുണ്ടാകുമെന്നും വചനം ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ സാബത്താചരണവും ഞായറാഴ്ചയാചരണവുമൊക്കെ ദേവാലയത്തില്‍ വന്ന് കടമ കഴിച്ച് മടങ്ങല്‍ മാത്രമായിപ്പോകുമ്പോള്‍ എന്റെ ജീവിതയാത്ര ദൈവവഴിയില്‍ നിന്ന് മാറിപ്പോകുന്നുണ്ടെന്ന് തിരിച്ചറിയണം. ദൈവസാന്നിദ്ധ്യമില്ലാത്ത, ദൈവത്തെപ്രതിയല്ലാത്ത എല്ലാ നിയമങ്ങളും വ്യര്‍ത്ഥമാണ്. ആചാരങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ്. കാരണം, ദൈവത്തിന്റെ നിയമം, അത് സ്‌നേഹമാണ്, കാരുണ്യമാണ്, കരുതലാണ്. അതിന്റെ അഭാവത്തെ കാപട്യത്തിന്റെ ഫരിസേയ വിളനിലമെന്ന് വിളിക്കണം.

ഈ വചനഭാഗം ഇന്നിന്റെ ഫരിസേയജീവിതങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നുണ്ട്. സ്‌നേഹവും കാരുണ്യവും മറന്ന് അവ നിഷേധിച്ചുകൊണ്ട് സ്വന്തം സുരക്ഷിതത്വം ഉറപ്പിക്കാന്‍ നടക്കുന്ന ഇന്നത്തെ സമൂഹത്തെയാണ് ഫരിസേയരെന്ന് വിളിക്കേണ്ടത്. മക്കളുടെ വിശേഷങ്ങളൊക്കെ തിരക്കി, അവരോടൊപ്പം സമയം ചിലവഴിക്കാതെ വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഓടുന്ന മാതാപിതാക്കള്‍, അരമുറുക്കിയുടുത്തും പകലന്തിയോളം പണിതും അരി മേടിച്ചൂട്ടി വളര്‍ത്തിയ മാതാപിതാക്കളെ തെരുവോരങ്ങളിലും അഗതിമന്ദിരങ്ങളിലും തള്ളിയിട്ട് പോകുന്ന മക്കള്‍, വിഭജിച്ച് വീതം വച്ച് കല്‍പ്പിച്ചുനല്‍കിയിരിക്കുന്ന ഡ്യൂട്ടികളില്‍ അണുവിട വ്യതിചലിക്കാതെ അഡ്ജസ്റ്റ് ചെയ്യാന്‍ മടിച്ച് വിവാഹമോചനത്തിലേക്കെത്തി നില്‍ക്കുന്ന ദമ്പതികള്‍, നിയമത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് ബോധപൂര്‍വ്വം ചുറ്റുമുള്ളവന്റെ വേദന കണ്ടില്ലെന്ന് നടിക്കുന്ന സമൂഹമാന്യന്മാര്‍, ഇവരെല്ലാം ആ പഴയ ഫരിസേയരെ ഇന്ന് പ്രതിനിധാനം ചെയ്യുന്നു. പ്രായമേറി, മരണാസന്ന സ്ഥിതിയില്‍ കഴിയുന്ന കിടപ്പുരോഗികളായ അപ്പനെയും അമ്മയെയും വീട്ടില്‍ തനിച്ചാക്കിക്കൊണ്ട് മണിക്കൂറുകള്‍ യാത്രചെയ്ത് പ്രശസ്തമായ ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന മക്കളുടെ ജീവിതത്തില്‍ കാരുണ്യവാനായ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടാകുമോയെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവീകകരുണ നിന്നിലേക്ക് വന്നുനിറയാനുള്ള വഴിച്ചാലുകളാണ് പ്രാര്‍ത്ഥനയും ധ്യാനവും. അല്ലാതെ നിന്റെ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും സുരക്ഷിതത്വത്തിനായി നികത്തേണ്ട വിളനിലങ്ങളല്ല കാരുണ്യത്തിന്റേത്.

ക്രിസ്തുവിന്റെ സുവിശേഷചൈതന്യമുള്‍ക്കൊണ്ട് ജീവിച്ചവരും അതിനെപ്രതി ജീവന്‍ വെടിഞ്ഞവരുമാണ് രക്തസാക്ഷികള്‍. വാഴ്ത്തപ്പെട്ട രക്തസാക്ഷിയായിത്തീര്‍ന്ന സി.റാണി മരിയയുടെ ജീവിതം വലിയ സാക്ഷ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. കന്യാസ്ത്രീ മഠത്തിലെ ഭിത്തിയുടെയും പ്രാര്‍ത്ഥനകളുടെയും ആരാധനകളുടെയുമൊക്കെ നടുവില്‍ സുരക്ഷിതയായിരിക്കാമായിരുന്നിട്ടും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്കിറങ്ങിച്ചെന്ന് കാരുണ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചു. നിയമസംഹിതകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് കടക്കാനാവണമെന്ന ക്രിസ്തുസന്ദേശമവളുടെ നെഞ്ചിന്റെ താളമായിരുന്നു. ഇതിനായി ജീവന്‍ വെടിയാന്‍ തക്കതായ ധീരതയവള്‍ക്കു ലഭിച്ചത് കാരുണ്യത്തിന്റെ വക്താവായി ജീവിച്ചുകാണിച്ച് ശത്രുവിനെപ്പോലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രൂശിതനില്‍ നിന്നുതന്നെയാണ്. ഇതുപോലെ മനുഷ്യന് മറ്റെന്തിനെയുംകാള്‍ മഹത്വമുണ്ടെന്ന് ഇതേ ക്രൂശിതനില്‍ നിന്ന് മനസ്സിലാക്കി ഇറങ്ങിയ ഫാദര്‍ ഡാമിയന്‍ മൊളോക്കോയിലെ കുഷ്ഠരോഗികളുടെ പുഴുവരിക്കുന്ന ശരീരത്തില്‍പ്പോലും നിയമത്തിന്റെയും അറപ്പിന്റെയും അവഗണനയുടെയും മുഖംമൂടിയില്ലാത്ത സ്‌നേഹത്തിന്റെ കണ്ണാടികൊണ്ട് നോക്കിയ വ്യക്തിയാണ്. വിശുദ്ധാത്മക്കളെല്ലാം ഇത്തരമൊരു നോട്ടത്തിലേക്ക് നടന്നെത്തിയത് ക്രൂശിതന്റെ ബലിയിലൊഴുകിയ കരുണയക്ക് ഒന്നാം സ്ഥാനം നല്‍കിയപ്പോഴാണ്, ദൈവവചനത്തിന് പ്രഥമസ്ഥാനം നല്‍കിയപ്പോഴാണ്, ദൈവാരാധനയുടെ അന്തസത്ത തിരിച്ചറിഞ്ഞപ്പോഴാണ്. നമുക്കും ആരാധനയുടെ അന്തസത്ത മനസ്സിലാക്കി ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകാം.

മനുഷ്യരെക്കാള്‍ മതനിയമങ്ങള്‍ ശക്തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ ദൈവകാരുണ്യത്തിന്റെ ഒരു ജീവിതം, ദിവ്യകാരുണ്യപ്രേഷിതത്വത്തിനായി ദൈവം നമ്മോടാഹ്വാനം ചെയ്യുന്നു. ബാഹ്യമായവ ശ്രദ്ധിക്കുമ്പോള്‍ ആന്തരികത കൈമോശം വരാതിരിക്കാന്‍ പരിശ്രമിക്കാം, സര്‍വ്വോപരി കരുണയുള്ളവരായിരിക്കാം. വയല്‍വരമ്പിലെ ഒരു ഗോതമ്പുമണിക്കുവേണ്ടി വിശക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. അവര്‍ക്കായി ഗോതമ്പുമണിയായല്ല. ഗോതമ്പപ്പമായി യേശുവുണ്ട്, നാമാരാധിക്കുന്ന ദിവ്യകാരുണ്യമുണ്ട് എന്ന് മറക്കാതിരിക്കാം. ഈ പ്രത്യാശയില്‍ നമ്മുടെ സത്പ്രവൃത്തികള്‍ കണ്ട് മറ്റുള്ളവര്‍ ദൈവത്തെ മഹത്വപ്പെടുത്താനുതകും വിധം നല്ലവരായി മാറാനുള്ള കൃപയ്ക്കായി വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം.

ഡോണ്‍ മാതിരപ്പിള്ളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.