ഞായറാഴ്ച പ്രസംഗം – ജൂണ്‍ 18; നല്ല അയല്‍ക്കാരന്‍ (ലൂക്കാ 10:25-57)

ശ്ലീഹാക്കാലം മൂന്നാം ഞായര്‍ ലൂക്കാ 10:25-57

ഓര്‍മ്മയില്‍ ഒരേടുപോലെ സൂക്ഷിക്കുന്ന, നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള രണ്ട് സംഭവങ്ങളുണ്ട്.

അതിലൊന്ന് വിശുദ്ധ മദര്‍ തെരേസായുടേതാണ്. ഒരിക്കല്‍ കല്‍ക്കട്ടായിലെ ധനിക കുടുംബത്തിലേക്ക് തന്റെ മക്കളുടെ വിശപ്പകറ്റുന്നതിനുവേണ്ടി യാചനയുമായി മദര്‍ ചെന്നു. സഹായത്തിനായി നീട്ടിയ കരങ്ങളുടെ മേല്‍ ഗൃഹനാഥന്‍ നീട്ടിത്തുപ്പി. മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”എനിക്കുള്ളത് കിട്ടി, ഇനിയെന്റെ മക്കള്‍ക്കെന്തെങ്കിലും.” അടുത്തത് വി. ഫ്രാന്‍സിസ് അസ്സീസിയുടേതാണ്. വിശന്ന് വലഞ്ഞ് തന്റെ ആശ്രമത്തില്‍ വന്ന് സഹായത്തിനായി നീട്ടിയ ഒരു സ്ത്രീയുടെ കരങ്ങളില്‍ ദാരിദ്ര്യത്തെ മണവാട്ടിയാക്കിയവന് നല്‍കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ തന്റെ കയ്യിലുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം നല്‍കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. ഇതു വിറ്റു കിട്ടുന്ന പണം കൊണ്ട് നിന്റെയും മക്കളുടെയും വിശപ്പകറ്റുക.

ദൈവസ്‌നേഹത്തിലെരിയുന്നവന് അപരനിലേക്ക് പടരാതിരിക്കാനാവില്ല. ദൈവസ്‌നേഹം പരസ്‌നേഹത്തിന്റെ വാതിലും തുറന്ന് കവിഞ്ഞ് ഒഴുകുകയാണ്.

നിയമ പരിവര്‍ത്തനം 6:5, ”നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കുക.” ലേവ്യര്‍ 19:18; ”നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.” പഴയനിയമത്തിലെ ഈ തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് നിയമത്തില്‍ എന്തെഴുതിയിരിക്കുന്നു, എന്തുവായിക്കുന്നു എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് നിയമജ്ഞന്‍ ഉത്തരം പറയുക. ഒരു നാണയത്തിന്റെ അപ്പുറവും ഇപ്പുറവും പോലെ നീ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നിനക്കെങ്ങനെ അയല്‍ക്കാരനെ സ്‌നേഹിക്കാതിരിക്കാനാകും? ഇവിടെ നിയമജ്ഞന്‍ ഒരു മറുചോദ്യം ചോദിക്കുന്നു. ആരാണ് എന്റെ അയല്‍ക്കാരന്‍?

അടുത്ത് നില്‍ക്കുന്നവനല്ല അയല്‍ക്കാരന്‍. സ്വജാതിയില്‍പ്പെട്ട പുരോഹിതനും ലേവായനും മുറിവേറ്റു കിടന്നവന്റെ തേങ്ങലുകള്‍ക്ക് കാതുകൊടുക്കാതെ അകലങ്ങള്‍ തിരയുന്നു. അരികുപറ്റി ചേര്‍ന്നു നില്‍ക്കുമ്പോഴും ഹൃദയങ്ങളൊട്ടി നില്‍ക്കുന്നില്ലെങ്കില്‍ നല്ല സമറിയാക്കാരനിലേക്ക് നമുക്കിനിയും ഒരുപാട് ദൂരം യാത്രയുണ്ട്. ആവശ്യക്കാരനാണ് എന്റെ അയല്‍ക്കാരന്‍.

നിത്യരക്ഷ പ്രാപിക്കാന്‍ എന്തു ചെയ്യണമെന്ന് അന്വേഷിച്ചവനോട് ഈശോ അവന്റെ കുറവാണ് ചൂണ്ടിക്കാണിച്ചത്. നിന്റെ സമ്പത്ത് നിന്റെ കുറവാണ് അത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. അപരന്റെ ആവശ്യങ്ങള്‍ക്കു നേരെ നാം മറുതലിക്കുമ്പോള്‍ നമ്മുടെ നേരെ ക്രിസ്തുവിന്റെ വിരലനങ്ങുന്നുണ്ട്. അപരന്റെ ആവശ്യങ്ങള്‍ക്കു നേരെ സ്വയം കൊട്ടിയടയ്ക്കപ്പെടുവാന്‍ എന്തിനാല്‍ നാം പ്രേരിതരാകുന്നുവോ അതാണ് നമ്മുടെ കുറവ്. എന്താണ് നമ്മുടെ കുറവ്? മണ്ണോ, പണമോ, കഴിവോ? ഇനിയെങ്കിലും അയല്‍ക്കാരനില്‍ നിന്നും നമുക്ക് അകലാതിരിക്കാം. ഈയൊരു ചിന്തയില്‍ നിന്നാണ് മത്തായി 25-ല്‍ അന്ത്യവിധിയെക്കുറിച്ച് പറയുമ്പോള്‍ ”എന്റെ സഹോദരന്മാര്‍ക്ക് നിങ്ങള്‍ ഇത് ചെയ്ത് കൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തതെന്ന്” ഈശോ പറയുന്നത്. അതെ, സഹോദരനു ചെയ്തു കൊടുക്കുന്നതെല്ലാം ദൈവത്തിങ്കലേക്കാണ് ചെന്നെത്തുന്നത്. ആവശ്യക്കാരനാണ് എന്റെ അയല്‍ക്കാരന്‍. ദൈവസ്‌നേഹത്തിലേക്കുള്ള ഒരു വാതിലാണവന്‍.

നല്ല സമറിയാക്കാരന്റെ ഉപമ നമുക്കൊരു സദ്‌വാര്‍ത്തയാണ്. ജീവിതത്തില്‍ ആശയറ്റു വീഴുമ്പോഴും പ്രത്യാശിക്കുവാന്‍ ഇനിയും നമുക്ക് വകയുണ്ട് എന്നത് അടിവരയിട്ട് അടയാളപ്പെടുത്തുന്നുണ്ട് നല്ല സമരിയാക്കാരന്റെ ഈ ഉപമ. മുറിവേറ്റവനെ തിരഞ്ഞുവരുവാന്‍ അവന്റെ രക്തമൊലിക്കുന്ന മുറിവുകളില്‍ എണ്ണ പുരട്ടുവാന്‍ ഒരുവന്‍ ദൈവത്താല്‍ നിയോഗിതനായി കഴുതപ്പുറത്തേറി വരുന്നുണ്ട്. അവനു ‘നല്ല സമറായന്‍’ എന്ന വിളിപ്പേര്. നാമൊന്നു മാത്രമേ ചെയ്യേണ്ടൂ – കാത്തിരിക്കാന്‍ സന്നദ്ധരാകുക.

ബൈബിളില്‍ പ്രത്യാശയുടെ പ്രകാശത്തിലേക്ക് വഴിതെളിക്കുന്ന ഒരുപാട് കാത്തിരിപ്പുകള്‍ നീണ്ട നിരപോലെയുണ്ട് മക്കളില്ലാതെ വ്യസനത്തിലൂന്നിയ അബ്രാഹത്തിന്റെയും സാറയുടെയും അരികിലേക്ക് സന്താന വാഗ്ദാനവുമായി ദൈവദൂതന്മാര്‍ വരുന്നുണ്ട്. ഓക്കുമരത്തിന്റെ കീഴെ വിരുന്നിനു ശേഷം അവരെ അനുഗ്രഹിക്കുന്നുണ്ട്.

ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് കാനാനിലെ സമൃദ്ധിയിലേക്ക് ഇസ്രായേലിന് പ്രത്യാശയായി മുള്‍പ്പടര്‍പ്പിലെ ദൈവദര്‍ശനത്തിന്റെ കരുത്തില്‍ മോശ കടന്നുവരുന്നുണ്ട്. ബെത്‌സെയ്ദായിലെ കുളക്കരയില്‍ സൗഖ്യമന്വേഷിക്കുന്ന തളര്‍വാതരോഗിയുടെ കാത്തിരിപ്പിലേക്ക് പ്രത്യാശയായി ക്രിസ്തു നടന്നു വരുന്നുണ്ട്.

അതെ, ജീവിതത്തിലെ നൊമ്പരങ്ങളിലും തകര്‍ച്ചകളിലും കണ്ണുനീര്‍ വാര്‍ക്കുമ്പോഴും സ്വയം പഴിച്ച് പരിതപിക്കുമ്പോഴും കാത്തിരിക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തയ്യാറാകുക. കാനായില്‍ സംഭവിച്ചതുപോലെ ദൈവത്തിന്റെ സമയവും നമ്മുടെ സമയവും ഒന്നിച്ചു ചേരുമ്പോള്‍ അവിടെ അത്ഭുതങ്ങള്‍ സംഭവിക്കും. വീണ്ടെടുക്കാനാവാത്ത വിധം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒന്നും അന്യമായിട്ടുമില്ല. ജീവിതത്തില്‍ പ്രത്യാശിക്കുവാന്‍ ഇനിയും സമയമുണ്ട്. വെള്ളം വീഞ്ഞാകുവാന്‍ ദൈവത്തിന്റെ ഒരു ആശീര്‍വാദം മാത്രം മതി.

നമ്മുടെ ജീവിതത്തിന്റെ നീളം കൂട്ടാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ജീവിതത്തിന് ആഴം കൂട്ടണമോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ആകയാല്‍ നമ്മെ ആവശ്യമുള്ളവരില്‍ നിന്ന് നമുക്ക് ഒഴിഞ്ഞ് മാറാതിരിക്കാം. ജീവിതം സ്വാര്‍ത്ഥതയുടെ മേഖലകളില്‍ മാത്രം മുറുക്കാതെ അയല്‍ക്കാരിലേക്കും പടര്‍ത്താം. ജീവിതത്തിലെ നൊമ്പരങ്ങളിലും തകര്‍ച്ചകളിലും ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം.

മനു ആനത്താനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.