
ശ്ലീഹാക്കാലം അഞ്ചാം ഞായര്‍ ലൂക്കാ 12:22-34
റോബര്‍ട്ട് രാജാവ് പല യുദ്ധങ്ങള്‍ ചെയ്ത് പരാജയപ്പെട്ട് ഒളിച്ചോടി ഒരു ഗുഹയില്‍ ഒളിച്ചു പാര്‍ത്തു. തന്റെ സാമ്രാജ്യം തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്ന നിരാശ അയാളെ തളര്‍ത്തിക്കൊണ്ടിരുന്നു. ഗുഹയില്‍ തലതാഴ്ത്തി വിഷണ്ണനായിരുന്ന റോബര്‍ട്ട് രാജാവ് ഒരു കാഴ്ച കാണുന്നുണ്ട്. ഒരു ചിലന്തി ഗുഹയുടെ മേല്‍ക്കൂരയിലേക്കു കയറുവാനുള്ള ശ്രമത്തിലാണ്. അവന് നൂലിലൂടെ ചാടിച്ചാടി മുകളിലേക്കു പല പ്രാവശ്യം കയറി. പല പ്രാവശ്യം അവന് നിലംപതിച്ചു. പക്ഷേ അക്ഷീണനായി അവന് തന്റെ ദൗത്യം തുടര്‍ന്നു. ഏഴാം പ്രാവശ്യം ചിലന്തി ഉദ്ദേശിച്ചതുപോലെ ഗുഹയുടെ മുകളില്‍ എത്തി. ഒരു നിസ്സാര പ്രാണിയില്‍ നിന്ന്, അങ്ങനെ ഒരു വലിയ പാഠം റോബര്‍ട്ട് പഠിക്കുന്നു. അയാള്‍ വീണ്ടും ഒരു യുദ്ധത്തിനു സന്നാഹമൊരുക്കി വിജയം വരിക്കുന്നതാണു കഥ.
പരാജയം പലപ്പോഴും നമ്മെ നിരാശരാക്കിയേക്കാം. പക്ഷേ അക്ഷീണം നാം വീണ്ടും വീണ്ടും ശ്രമിക്കണം. മുടങ്ങാതെ പ്രാര്‍ത്ഥിക്കണം. പ്രതിസന്ധികളില്‍ ആകുലപ്പെടാതെ ജീവിതത്തെ ദൈവത്തിന്റെ പരിപാലനയ്ക്ക് വിട്ടുകൊടുക്കുക. കാക്കകളെയും പക്ഷികളെയും ലില്ലികളെയും പരിപാലിക്കുന്ന ദൈവം നിന്നെയും കാത്തുകൊള്ളും. ഇന്നത്തെ വചനം നമ്മോടു പറയുന്നതും ഇതുതന്നെയാണ്. ജീവിതത്തില്‍ പരാജയപ്പെടും എന്ന് ഭയപ്പെടാതെ എല്ലാത്തിനെയും ദൈവത്തിലാശ്രയിച്ചുകൊണ്ട് നേരിടുവാന്‍ ഉള്ള ഒരു മനസ്സ് ഒരുക്കിയെടുക്കുക.
ആധുനികതയുടെ കുത്തൊഴുക്കില്‍ ലൗകിക സ്വപ്നങ്ങള്‍ മനസ്സില്‍ താലോലിച്ച് ആയുസ് ഒടുക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. മോഹങ്ങളും മോഹഭംഗങ്ങളും ജീവിതതാളം താറുമാറാക്കുന്ന ഈ കാലഘട്ടത്തില്‍ ആകുലതകളില്പ്പെട്ട് ഉഴലുന്ന നമ്മോട് ഈശോ പറയുന്നു; ”നിങ്ങള്‍ ആകുലരാകേണ്ട, ദൈവ പരിപാലനയില്‍ ആശ്രയിക്കുക.”
ഈ ലോകം ആകാംഷകളുടെയും ആശങ്കകളുടെയും ആശയങ്ങളുടെയും ആകുലതകളുടെയും ലോകമാണ്. പരീക്ഷക്കൊരുങ്ങുന്ന കുട്ടികള്‍ മുതല്‍ രോഗാവസ്ഥയിലായിരിക്കുന്നവര് വരെ ഉത്കണ്ഠയിലാണ്. ദരിദ്രന് ഒരു നേരത്തെ അന്നത്തെക്കുറിച്ചോര്ത്ത്, ധനികന് ആഡംബരത്തെക്കുറിച്ചോര്ത്ത്, മാറാരോഗി അടുത്ത പ്രഭാതം കാണുമോ എന്നോര്‍ത്ത്, ആരോഗ്യവാന്മാര് 6ുമരസ ഉണ്ടാവുമോ എന്നോര്‍ത്ത്, മാതാപിതാക്കള്‍ മക്കളെക്കുറിച്ചോര്‍ത്ത്, മക്കള്‍ ജീവിതത്തെയും മാതാപിതാക്കളെയും ഓര്‍ത്ത്, നമ്മുടെ അച്ചന്മാര് ഇവരൊക്കെ അച്ചനാകുമോ എന്നോര്‍ത്ത്, ബ്രദേഴ്സ് ഞങ്ങളെ അച്ചനാക്കുമോ എന്നോര്‍ത്ത്, അങ്ങനെ ആകുലതകളുടെയും അസ്വസ്ഥതകളുടെയും നടുവില്‍ കിടന്ന് നട്ടം തിരിയുന്ന എല്ലാവരും നെട്ടോട്ടമോടേണ്ടത് യേശുവിലേക്കാണ്. എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളാണ് ‘എന്തേ എനിക്കിങ്ങനെ വന്നു’, ‘എന്റെ കുടുംബത്തില്‍ എന്തേ ഇങ്ങനെ സംഭവിക്കുന്നു?’ ദൈവ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് യേശുവിനോട് ചോദിക്കണം എന്നാണ് വചനം പറയുന്നത്.
യോഹന്നാന് ശ്ലീഹായുടെ ചില വചനങ്ങള്‍ ആകുലപ്പെടാതെ ദൈവത്തില്‍ ശരണം വയ്ക്കുവാന്‍ നമ്മെ സഹായിക്കുന്നവയാണ്. ”ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും” (യോഹ16:24). ”എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് നിങ്ങള്‍ക്ക് ചെയ്തു തരും” (യോഹ 14:14). ”നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് തരും” (യോഹ 15:16,16:23). ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍” (യോഹ 14:1).
ഹൃദയം അസ്വസ്ഥമാവുന്നത് ദൈവത്തില്‍ വിശ്വസിക്കാത്തപ്പോഴും അനുസരിക്കാത്തപ്പോഴുമാണ്. ദൈവത്തില്‍ വിശ്വസിക്കാത്തവനും അനുസരിക്കാത്തവനും ദൈവത്തില്‍ നിന്നകന്നു പോവുന്നു. ഇതിനു ഉദാഹരണമാണ്, ആദി മാതാപിതാക്കള്‍ ചെയ്യുന്നത്. ആദിപാപത്തിന് കാരണവും ഭക്ഷിക്കാനുള്ള പ്രലോഭനമായിരുന്നു. അതിനാല്‍ ഇന്നത്തെ വചനം പറയുന്നു; ”എന്തുഭക്ഷിക്കും എന്ന് ജീവനെപ്പറ്റിയോ എന്ത് ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ട. ജീവന് ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്” (ലൂക്ക 12:23-20). ഭക്ഷണവുമായി ബന്ധപ്പെട്ട ആകുലതകള്‍ ബൈബിളില്‍ പലയിടത്തും കാണാന്‍ സാധിക്കും. സംഖ്യയുടെ 21:5-ല്‍ ഇസ്രായേല്‍ ജനം മോശയോട് പറയുന്നു; ”ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍ നിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല. ഈ വിലകെട്ട അപ്പം തിന്ന് ഞങ്ങള്‍ മടുത്തു.” ദൈവം കൂടെ നടന്ന് വഴി നടത്തിയ ജനത്തിന്റെ പരാതിയായിരുന്നു ഇത്. ആകുലതയില്‍ കഴിഞ്ഞിരുന്നതിനാല്‍ ദൈവപരിപാലനയില്‍ ആശ്രയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
എല്ലാ ദിവസവും നമ്മള് പ്രാര്‍ത്ഥിക്കുന്നതാണ്; ”അന്നന്നു വേണ്ട ആഹാരം ഞങ്ങള്‍ക്കു നല്കണമേ” എന്ന് ഇങ്ങനെ നമ്മള് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവപരിപാലനയ്ക്ക് നമ്മെ പൂര്‍ണ്ണമായും വിട്ടുകൊടുക്കാറുണ്ടോ?. ഈ പ്രാര്‍ത്ഥന അറിയാഞ്ഞിട്ടും ദൈവപരിപാലനയില്‍ പൂര്‍ണ്ണമായി ആശ്രയിച്ച്, ഈശോയുടെ വചനം കേള്‍ക്കാന്‍ വരുന്ന ഒരു ജനതയെ എല്ലാ സുവിശേഷകന്മാരും വരച്ചു കാണിക്കുന്നുണ്ട്. ഈ ജനങ്ങള്‍ക്കുവേണ്ടിയാണ് ഈശോ അപ്പം വര്‍ദ്ധിപ്പിക്കുന്നത് (മര്‍ക്കോ 6:30-44, യോഹ 6:1-14; ലൂ 9:10-17 മത്താ 14:13-21). പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചാല്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ നിന്റെ മുമ്പില്‍, നിന്റെ ആവശ്യനേരത്ത് അവിടുന്ന് അത്ഭുതം പ്രവര്‍ത്തിക്കും.
വിശുദ്ധ അഗസ്തിനോസ് പറയുന്നു; ”മനുഷ്യനെ സൃഷ്ടിച്ചവന് മാത്രമേ മനുഷ്യനെ സന്തുഷ്ടനാക്കുന്നുള്ളൂ.” ആകുലത മനുഷ്യബുദ്ധിയുടെ സംഭാവനയാണ്. ബുദ്ധിയുടെ വിശകലനങ്ങളില്‍ നിന്ന് വിശ്വാസത്തിന്റെ സമര്‍പ്പണത്തിലേക്കുള്ള ഒരു ചുവടു വയ്പ്പ് അനിവാര്യമാണ്. ദൈവാശ്രയ ബോധം വിശ്വാസം നിറഞ്ഞ ഹൃദയത്തിന്റെ സമ്മാനമാണ്. ആ സമ്മാനത്തിനായി നമുക്ക് തീക്ഷണമായി പ്രാര്‍ത്ഥിക്കാം.
മനു ജോണ്‍ നൂറനാനിക്കല്‍