ഞായറാഴ്ച പ്രസംഗം – ജനുവരി 14; ദൈവത്തെ കാണാന്‍ (യോഹ 1:14-18)

ദനഹാ രണ്ടാം ഞായര്‍ യോഹ 1:14-18

വചനം മാംസമായിത്തീര്‍ന്ന, രക്ഷാകരചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമാണ് യോഹന്നാന്‍ 1:14-18 വാക്യങ്ങളില്‍ നാം വായിച്ചു കേട്ടത്. ദൈവത്തെ കാണുക എന്നത് മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹമാണ്. ദൈവത്തെ കാണണം എന്ന് ആഗ്രഹിക്കാത്തവരായി നമ്മില്‍ ആരും ഉണ്ടാവില്ല. റഷ്യന്‍ എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയി, ദൈവത്തെ എന്തു വിലകൊടുത്തും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു രാജാവിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. തന്റെ രാജ്യത്തെ പുരോഹിതര്‍ക്കും പണ്ഡിതന്മാര്‍ക്കും തനിക്ക് ദൈവത്തെ കാണിച്ചുതരണം എന്ന ബുദ്ധിമുട്ടേറിയ ദൗത്യം രാജാവ് നല്‍കി. ദൈവത്തെപ്പറ്റി അവരെല്ലാവരും പല വിശദീകരണങ്ങള്‍ നല്‍കി. അവയൊന്നും രാജാവിനെ തൃപ്തിപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അവരെയെല്ലാം രാജാവ് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ സാധാരണക്കാരനായ ഒരു ആട്ടിടയന്‍ ആ ദൗത്യം ഏറ്റെടുത്തു. അയാള്‍ രാജാവിനെ കൊട്ടാരത്തിന് വെളിയിലുള്ള പൂന്തോട്ടത്തിലേയ്ക്ക് ആനയിച്ചു. നട്ടുച്ചനേരത്ത് പ്രകാശിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കാനാണ് ആട്ടിടയന്‍ രാജാവിനോടാവശ്യപ്പെട്ടത്. കണ്ണഞ്ചിപ്പോയ രാജാവ് ക്രോധത്തോടെ ആട്ടിടയനോട് പറഞ്ഞു: ”നീ എന്നെ അന്ധനാക്കാനാണോ ശ്രമിക്കുക?” എന്നാല്‍ ശാന്തത കൈവിടാതെ ആട്ടിടയന്‍ പറഞ്ഞു: ”സൂര്യന്‍ ദൈവത്തിനെ അനേകായിരം സൃഷ്ടികളില്‍ ഒന്നുമാത്രം. ആ സൂര്യനെ നോക്കാന്‍ കഴിയാത്ത അങ്ങേക്ക് ഇവയെല്ലാം സൃഷ്ടിച്ച ദൈവത്തെ നോക്കാന്‍ എങ്ങനെ കഴിയും.”

അനന്തനന്മയും സര്‍വ്വശക്തനുമായ ദൈവ ത്തെ നേരില്‍ കാണുക എന്നത് മരണ കാരണമാണെന്ന് യഹൂദര്‍ കരുതിയിരുന്നു. പഴയനിയമത്തില്‍ ദൈവവുമായി ഏറ്റവും അടുത്ത് ഇടപെട്ട മോശപോലും ദൈവത്തിന്റെ മുഖം കണ്ടിട്ടില്ല. പുറ 33:23-ല്‍ ദൈവം മോശയോട് അരുളി ചെയ്യുന്നു: ”എന്റെ മുഖം നീ കാണുകയില്ല.” അത്യുന്നതനാകുന്ന ദൈവത്തിന്റെ മഹത്വം ദര്‍ശിച്ച ഏശയ്യാ തന്റെ നാശത്തെയോര്‍ത്ത് വിലപിക്കുന്നത് ഏശ 6:5-ല്‍ നാം വായിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് യോഹന്നാന്‍ സുവിശേഷകന്‍, ഇന്ന് നാം വായിച്ചുകേട്ട വചനഭാഗത്തിലൂടെ പറയുക; ”ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.” പുതിയ നിയമ ജനതയായ നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായി.

ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ചയിലാണ് നാമിന്ന് എത്തിനില്‍ക്കുക. ദനഹാ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ പ്രത്യക്ഷീകരണം അല്ലെങ്കില്‍ വെളിപ്പെടുത്തല്‍ എന്നാണ്. അതുകൊണ്ടുതന്നെ ദനഹാക്കാലം വെളിപ്പെടുത്തലുകളുടെ കാലമാണ്. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ലെന്നിരിക്കെ, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ യേശുക്രിസ്തുവിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതിനെക്കുറിച്ചാണ് തിരുവചനം ഇന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിയത്.

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്നതിന് സീറോമലബാര്‍ സഭയുടെ പ്രഘോഷണഗ്രന്ഥത്തില്‍ നല്‍കിയിരിക്കുക വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു എന്നാണ്. ഇത് വായിച്ചു കേള്‍ക്കുന്ന നാം മനസ്സിലാക്കണം, പഴയനിയമത്തില്‍ അത്യുന്നതനായ ദൈവം ഇസ്രായേല്‍ ജനത്തിന്റെ കൂടെ വസിക്കാനായി കൂടാരം തീര്‍ത്തു. പഴയ നിയമത്തിലെ വാഗ്ദാന കൂടാരം താല്‍ക്കാലികമായിരുന്നു. എന്നാല്‍ ഇന്ന് എന്നേയ്ക്കും കൂടെയാകാനായി മാംസമായ വചനം, ദൈവം തന്നെയായ വചനം ഈ സക്രാരിയില്‍ ദിവ്യകാരുണ്യമായി കൂടാരമടിച്ചിരിക്കുന്നു. മത്താ 28:20-ലെ വചനം; ”യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെയുണ്ടായിരിക്കും.” ഈ വചനത്തിന്റെ സാക്ഷാത്ക്കാരമാണ് ദിവ്യകാരുണ്യ സാന്നിധ്യം.

ദൈവത്തിന്റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. മോശവഴി നല്‍കപ്പെട്ടത് നിയമമാണ്. എന്നാല്‍ ക്രിസ്തുവഴി വെളിവാക്കപ്പെട്ടത് കൃപയും സത്യവുമാണ്. എന്താണ് കൃപ? അര്‍ഹതയില്ലാത്തത് കരുണയോടെ നല്‍കപ്പെടുന്നതാണ് കൃപ. മനുഷ്യന് സ്വന്തമായി നേടാനാവാത്തതും അവകാശപ്പെടാനാവാത്തതുമാണ് കൃപ. അത് ദൈവം തന്റെ അനന്തകാരുണ്യത്താല്‍ മനുഷ്യന്റെ മേല്‍ വര്‍ഷിക്കുന്നു. കൃപയില്‍ നിറഞ്ഞുനില്‍ക്കുക സര്‍വ്വശക്തനായ ദൈവത്തേക്കാള്‍ കരുണയുള്ള സ്‌നേഹപിതാവായ ദൈവമാണ്.

സത്യം എന്നാലെന്താണ്? സത്യം എന്നത് യാഥാര്‍ത്ഥ്യമാണ്, സമഗ്രതയാണ്. മനുഷ്യന് ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്നതാണ്. കാരണം വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവമാണ് നമ്മുടേത്. യോഹ 14:6-ല്‍ വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് അവന്‍ അരുളിച്ചെയ്യുന്നു. യേശു ദൈവത്തെപ്പറ്റി സംസാരിക്കാനോ പഠിപ്പിക്കാനോ വന്നവനല്ല; തന്നിലൂടെ ദൈവത്തെ വെളിപ്പെടുത്താനായി, കാണിച്ചുകൊടുക്കുവാനായി വന്നവനാണ്. അതിനാല്‍ കൂടെ വസിക്കുന്ന മാംസമായിത്തീര്‍ന്ന ദിവ്യകാരുണ്യത്തെ നോക്കുന്നവന്‍ ദൈവത്തെ, സത്യത്തെ കാണുന്നു.

വചനം മാംസമായി കൂടാരമടിച്ച ദൈവത്തിന്റെ തണലില്‍ ജീവിക്കുന്ന നമുക്ക്, ക്രിസ്തു ചെയ്തതുപോലെ ദൈവത്തെ വെളിപ്പെടുത്താനുള്ള കടമയുണ്ട്. മദര്‍തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരണാണ്. ഒരു ഡിസംബര്‍ മാസത്തില്‍ കല്‍ക്കട്ടായിലെ ഒരു തെരുവിലൂടെ മദര്‍ നടന്നു നീങ്ങുകയാണ്. അപ്പോള്‍, അവിടെയുള്ള ഒരു ബേക്കറിയിലേയ്ക്ക് കൊതിയോടെ നോക്കുന്ന ഒരു പാവം ബാലന്‍ മദറിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. അന്ന് അവന്‍ ഭക്ഷണം കഴിച്ചിരിക്കാന്‍ സാദ്ധ്യതയില്ല. മദര്‍ തെരേസ മറ്റൊന്നും ആലോചിച്ചില്ല, തന്റെ സാരിത്തുമ്പില്‍ കെട്ടിയിട്ടിരുന്ന നാണയത്തുട്ടുകള്‍ എടുത്ത് അവന് ഒരു കഷണം കേക്ക് വാങ്ങിക്കൊടുത്തു. ആ കേക്കുകഷണം വാത്സല്യത്തോടെ അവന്റെ കൈകളിലേയ്ക്ക് വച്ചുനീട്ടുമ്പോള്‍ അമ്പരപ്പോടെ അവന്‍ ചോദിച്ചു: ”നിങ്ങളാണോ ദൈവം?”

ഉന്നതമായ പ്രവൃത്തികളിലൂടെ മാത്രമല്ല, വളരെ ലളിതമായ പ്രവൃത്തികളിലൂടെയും ദൈവം വെളിപ്പെടും. കാരണം, ഒരു മനുഷ്യന്റെ നാവില്‍ അലിഞ്ഞ് അവനില്‍ ചേരുന്ന അപ്പത്തിന്റെ രൂപത്തിലാണ് അവന്‍ കൂടെ വസിക്കുക.

അവന്റെ പൂര്‍ണ്ണതയില്‍ നിന്ന് കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ച നാം അത് പകര്‍ന്നു നല്‍കാനും കടപ്പാടുള്ളവരാണ്. നിയമത്തിന്റെ നൂലാമാലകള്‍ക്ക് അപ്പുറം നില്‍ക്കുന്ന ഈശോയുടെ രൂപം മനസ്സില്‍ സൂക്ഷിച്ച് നാം സ്വീകരിച്ചിരിക്കുന്ന കൃപ നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കാം. ദുഃഖിക്കുന്ന ഒരുവനെ ആശ്വസിപ്പിക്കുമ്പോഴും ഒരു ഭിക്ഷാക്കാരന്റെ കൈകളില്‍ സ്‌നേഹത്തോടെ ഒരു നാണയത്തുട്ട് വച്ചുകൊടുക്കുമ്പോഴും നമ്മുടെ പരിഗണന ആഗ്രഹിക്കുന്ന ഒരാള്‍ക്ക് അത് നല്‍കുമ്പോഴുമൊക്കെ നാം ദൈവത്തെ വെളിപ്പെടുത്തുന്നവരാകുന്നു. നമ്മുടെ ചെറുജീവിതങ്ങളിലൂടെ ദൈവത്തിന്റെ മുഖം മറ്റുള്ളവര്‍ക്കു മുമ്പില്‍ വെളിപ്പെടുത്താന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ.

ദീപക് വട്ടപ്പാലത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.