ഞായറാഴ്ച പ്രസംഗം – ഏപ്രില്‍ 23; സ്‌നേഹത്തിന്റെ പിടിവാശി (യോഹന്നാന്‍ 20:19-29)

ഉയിര്‍പ്പ് 2-ാം ഞായര്‍ യോഹന്നാന്‍ 20:19-29

പത്രമാധ്യമങ്ങളും ആധുനിക സംസ്‌ക്കാരവും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ് ‘വിശ്വാസത്തിലെ വിലക്കയറ്റം’ എന്നത്. വിശ്വാസത്തിന് വില കയറുന്നു എന്നുള്ളത് ആധുനിക സംസ്‌ക്കാരത്തിന്റെ ഒരു പ്രത്യേകതയാണ്. എല്ലാ ചര്‍ച്ചകളും പഠനങ്ങളും ചെന്നു നില്‍ക്കുന്ന ഒരു ഉത്തരമുണ്ട്- വിശ്വാസത്തിന് വില കൂടിയിട്ടില്ല മറിച്ച് വിശ്വാസ പ്രകടനത്തിനാണ് വില കൂടിയിരിക്കുന്നത്. വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ പ്രകടിപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് കളം മാറ്റി ചവിട്ടുമ്പോള്‍ അവയെ വിശ്വാസത്തിന്റെ വിലക്കയറ്റമായി ചിലപ്പോഴെങ്കിലും നാം വ്യാഖ്യാനിക്കാറുണ്ട്. വിശ്വാസത്തിന് വില കുറയുന്നില്ല എന്തെന്നാല്‍ വിശ്വാസം എന്നത് ഒരു ജീവിതചര്യയാണ്. അതിന് അന്നും ഇന്നും എന്നും ഒരേ രൂപവും ഭാവവും മാത്രം. രക്ഷകനായ എന്റെ കര്‍ത്താവും എന്റെ ദൈവവും എന്ന അടിയുറച്ച ബോധ്യം തോമശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെ സുവിശേഷം വിചിന്തനത്തിനായി തരുമ്പോള്‍ തിരിച്ചറിയുക. തോമാശ്ലീഹാ ഒരു അവിശ്വാസി ആയിരുന്നില്ല. യേശു തോമസിനോട് അവിശ്വാസിയാകാതെ വിശ്വാസി ആയിരിക്കുക എന്നു പറയുമ്പോഴും തോമാശ്ലീഹായെ അവിശ്വാസിയെന്ന് മുദ്ര കുത്താന്‍ നമുക്കാവില്ല. മറിച്ച് തന്റെ ഗുരുനാഥന്‍ ശിഷ്യര്‍ക്ക് ആദ്യദര്‍ശനം നല്‍കിയപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കാതെ പോയവന്റെ പിടിവാശിയാണത്. ദൈവത്തിന്റെ മുമ്പില്‍ നടത്തുന്ന പിടിവാശി മറ്റുള്ളവര്‍ക്ക് നല്‍കിയ ദര്‍ശനം എനിക്കും അവന്‍ തരുമെന്ന ആഴമായ വിശ്വാസത്തില്‍ നിന്നും ഉടലെടുത്ത പിടിവാശിയാണത്.

ഗുരുവിന്റെ ദര്‍ശനം നിഷേധിക്കപ്പെട്ടു എന്ന തോന്നലും അവഗണിക്കപ്പെട്ടവന്റെ മനസ്സും തോമശ്ലീഹായെ നിഷേധിയാക്കി മാറ്റുകയാണ് ഇവിടെ. വാശി പിടിക്കുന്ന ഒരു ശിശുവിനെപോലെ എനിക്കും ആ ദര്‍ശനം കിട്ടാതെ ഞാന്‍ വിശ്വസിക്കില്ല എന്ന് പറയുന്ന തോമസ് ദൈവദര്‍ശനത്തിനു വേണ്ടി വാശിപിടിക്കുന്ന ഒരു ശിഷ്യനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്രിസ്തുനാഥനെ കാണുവാന്‍ അവന്‍ കാണിക്കുന്ന ഈ പിടിവാശിയില്‍ ദൈവത്തിന്റെ മനം അലിയുന്നു. യേശുവിന്റെ രണ്ടാമത്തെ ദര്‍ശന വേളയില്‍ തോമസിന്റെ പരാതികളും അലിഞ്ഞില്ലാതാകുന്നു. അവന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെ മനസ്സിലാക്കുന്നു. തന്റെ പിടിവാശിക്ക് മുന്നില്‍ മനസ്സലിയുന്ന ദൈവത്തെ അവന്‍ വിളിക്കുന്നു- ”എന്റെ കര്‍ത്താവേ, എന്റെ ദൈവമേ.” ദൈവത്തിന്റെ മനസ്സ് അലിയുന്ന തരത്തില്‍ എനിക്ക് ദൈവസന്നിധിയില്‍ വാശി പിടിക്കാന്‍ കഴിയുന്നുണ്ടോ? എന്റെ കര്‍ത്താവെ എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന് ആത്മാര്‍തമായി വിളിക്കുവാന്‍ സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഓര്‍ക്കുക തോമായെപ്പോലെ അവന്റെ ദര്‍ശനത്തിനു വേണ്ടി ആഗ്രഹിച്ച് അവനോടു വാശി പിടിക്കുക – വിശ്വാസത്തോട് കൂടി.

വിശ്വാസ ജീവിതത്തിന് അടയാളങ്ങളെയും അത്ഭുതങ്ങളെയും തേടുന്ന ആധുനിക തലമുറക്ക് ദൈവം നല്‍കുന്ന പ്രത്യുത്തരമാണ് തോമാശ്ലീഹാ. തോമാശ്ലീഹ വിശ്വസിക്കുന്നതിനു വേണ്ടിയല്ല അടയാളം അന്വേഷിച്ചത്. മറിച്ച് താനും മറ്റു ശിഷ്യരെപ്പോലെ ഗുരുവിനെ കാണാന്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് അവന്റെ പിടിവാശിക്ക് കാരണം. അര്‍ത്ഥവത്തായ ഒരു പിടിവാശിക്കു മുന്നില്‍ ദൈവം മനം തുറന്നു എങ്കില്‍ പ്രാര്‍ത്ഥിക്കുന്ന ആരെയും കൈവിടാന്‍ ദൈവത്തിന് കഴിയില്ല. കാരണം വിശ്വസിച്ച് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നവന്റെ നേരെ ചെവിയടയ്ക്കാന്‍ ദൈവത്തിന് കഴിയില്ല. വിശ്വാസ ജീവിതത്തിന് വിലകൂടുന്നു എന്ന് നാം പറയുമ്പോഴും തിരിച്ചരിയുക ദൈവപ്രീതി എന്ന് പറയുന്നത് ഈ വിലക്കയറ്റത്തിലൂടെ സംജാതമാകുന്ന ഒന്നല്ല മറിച്ച് മനസ്സും ശരീരവും ഒന്നുപോലെ ആഗ്രഹിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. എന്റെ ദൈവത്തെ കാണാന്‍, ദൈവദര്‍ശനത്തിനുവേണ്ടി മനം തുറന്ന് കാത്തിരിക്കുമ്പോള്‍ ദൈവം നമ്മുടെ നയനങ്ങളില്‍ നിന്നും അകലെയല്ല.

വിശ്വാസ ജീവിതം ഒരു സംസ്‌ക്കാരമാക്കാതെ ഒരു ജീവിതചര്യയാക്കാം. ദൈവാനുഗ്രഹത്തിന്റെ നല്ല നാളയെ സ്വപ്നം കാണാം. അപ്പോള്‍ വിശ്വാസം ജീവിതമാക്കിയ തോമാശ്ലീഹായെ പോലെ ദൈവത്തെ മനം തുറന്ന് കാണാന്‍ അനുഭവിക്കാന്‍ അവനു വേണ്ടി മരണം വരിക്കാന്‍ തക്ക വിശ്വാസചൈതന്യം ലഭിക്കും. തോമാശ്ലീഹായെ പോലെ കര്‍ത്താവിനു വേണ്ടി അവനോടൊപ്പം നമുക്കുപോയി മരിക്കാം എന്നു വിശ്വാസ പ്രഖ്യാപനം നടത്താന്‍ സാധിക്കും.

ജെറിന്‍ പുല്ലാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.