ഞായറാഴ്ച പ്രസംഗം – ഏപ്രില്‍ 2; നല്ല ഇടയനായ ഈശോ (യോഹ 10:11-18)

നോമ്പുകാലം 6-ാം ഞായര്‍ യോഹ 10:11-18

നോമ്പുകാലത്തിന്റെ ആറാം ആഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. ഈ നോമ്പുകാലത്തിന്റെ സര്‍വ്വമാന ചൈതന്യവും, സമജ്ഞമായി കുടികൊള്ളുന്ന ഒരു വചനഭാഗമാണ് നല്ല ഇടയനായ ഈശോയിലൂടെ നാം ധ്യാനവിഷയമാക്കുന്നത്. കാരണം, ഒരമ്മ തന്റെ കുഞ്ഞിനെ മാറോടണയ്ക്കുന്ന വാത്സല്യവും, സ്‌നേഹവും, കരുതലും, പരിലാളനയും എല്ലാം അവനിലടങ്ങിയിരിക്കുന്നു. നല്ല ഇടയനായ ഈശോ നമ്മുടെ ജീവിതത്തിലും ഇടയ വേഷങ്ങളണിയാന്‍ നമ്മെ ഇന്ന് ക്ഷണിക്കുന്നു.

ഫിലിപ്പ് കെല്ലര്‍ എന്ന ആഫ്രിക്കന്‍ എഴുത്തുകാരന്‍ തന്റെ പ്രശസ്തമായ ഒരു ഗ്രന്ഥത്തില്‍ ആടുകളുടെ പ്രത്യേകതകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആടുകള്‍ മാത്സര്യബുദ്ധിക്കാരും തീറ്റ കാണുമ്പോള്‍ കൂട്ടം വിടുന്നവയും തീറ്റ സാധനങ്ങള്‍ നല്ലതോ, ചീത്തയോ എന്ന് തിരിച്ചറിയാനാവാത്തവയുമാണ്. അവയെ മെരുക്കിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള ജീവിയാണ്. അതുപോലെ പെട്ടെന്ന് രോഗം ബാധിക്കുന്നതും ചെറിയ ചെറിയ അസ്വസ്ഥതകള്‍ പോലും ഉറക്കം കെടുത്തുന്നവയുമാണ് ആടുകള്‍. ഈ പ്രത്യേകതകള്‍ ഉള്ള ഒരാടിനെ നയിക്കാന്‍ ഒരു ഇടയന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ.

തന്റെ ജനത്തെ നയിക്കാനുള്ളവരെ ‘ഇടയന്‍’ എന്നാണ് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുക. ജെറമിയ 3:15-ല്‍ പറയുന്നു ”ഞാന്‍ നിങ്ങള്‍ക്ക് എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ നല്‍കും. അവര്‍ വിവേകത്തോടും; ജ്ഞാനത്തോടും കൂടെ നിങ്ങളെ പരിപാലിക്കും.” ഇവിടെ രണ്ടുകാര്യങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. ഒന്നാമത്; ഇടയന്മാര്‍ ജ്ഞാനികളാകണം, വിവേകികളാകണം. രണ്ടാമത്; ഇടയന്മാര്‍ ഭരിക്കേണ്ടവരല്ല, മറിച്ച് പരിപാലിക്കേണ്ടവരാണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നു. ”ഇടയന്മാര്‍ ആടിന്റെ ചൂരും ചൂടും ശബ്ദവുമെല്ലാം അറിയുന്നവരാകണം എന്ന്.” ദൈവം നല്‍കുന്ന തന്റെ ജനത്തെ ഇഷ്ടപ്പെട്ട്, അറിഞ്ഞ്, സ്‌നേഹിച്ച്, സംരക്ഷിച്ച് വിവേകത്തോടും, ജ്ഞാനത്തോടും കൂടെ അവരെ പരിപാലിക്കുന്നവര്‍ക്ക് വിശുദ്ധ ഗ്രന്ഥം നല്‍കുന്ന പേരാണ് ഇടയന്മാര്‍ എന്ന്.

ഇപ്രകാരം, ഇസ്രായേലിനെ നയിക്കാന്‍, ദൈവം തിരഞ്ഞെടുത്ത കുറെ ഇടയന്മാരുടെ ചരിത്രം പഴയ നിയമം തുറന്നുകാട്ടുന്നുണ്ട്. ദൈവത്താല്‍ വിളിക്കപ്പെട്ട അബ്രാഹവും, മോശയും, ജോഷ്വയും, അഹറോനും, ഏലിയായും, ദാവീദുമൊക്കെ ഇസ്രായേലിനെ വിശ്വസ്തതയോടെ നയിച്ച നല്ല ഇടയന്മാരായിരുന്നു. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടയജീവിതം ഇടറാന്‍ തുടങ്ങി. കൊമ്പുകോര്‍ത്തിരുന്ന ഇടയന്മാരും ചെന്നായ്ക്കളും, പതിയെ സഖ്യകക്ഷികളായി. ഇടയന്റെ തോലണിഞ്ഞ ചെന്നായ്ക്കള്‍ പെരുകി. ഇടയന്‍ വെറും കൂലിക്കാരനായി അധഃപതിച്ചു. എന്തിന്, ഇടയന്റെ നിഴല്‍പോലും ആടുകളെ ഭയചകിതരാക്കി, ഇതില്‍ മനംനൊന്ത് ദൈവം ഇപ്രകാരം പഠിപ്പിക്കുന്നു ”ഞാന്‍ തന്നെ എന്റെ ആടുകളെ മേയിക്കും; ഇടയന്മാര്‍ക്ക് എതിരെ ഞാന്‍ കണക്കുതീര്‍ക്കും എന്ന്.” (എബ്ര:34:1-3)

ഈ അധഃപതിച്ച അവസ്ഥയില്‍ നിന്ന് തങ്ങളെ കരകയറ്റാന്‍ ഒരു നല്ലിടയനെ യഹൂദര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം, അവര്‍ അത്രമാത്രം അസ്വസ്ഥരും, നിസ്സഹായരുമായിരുന്നു. ‘ഞാന്‍ നല്ലിടയന്‍’ എന്ന പ്രവചനവുമായി ക്രിസ്തു വന്നപ്പോള്‍ അത് ഇസ്രായേല്‍ ജനതയ്ക്കുള്ള ഉണര്‍ത്തുപാട്ടായിരുന്നു. ‘നല്ലിടയന്‍’ എന്നതിന്റെ പൂര്‍ണ്ണ അര്‍ത്ഥം അവര്‍ ക്രിസ്തുവില്‍ കണ്ടെത്തി. നല്ലിടയന്റെ നഷ്ടപ്പെട്ട ഭാവങ്ങളെ അവന്‍ ജീവിച്ചു കാട്ടി. അവന്‍ ദുര്‍ബലര്‍ക്ക് ബലമായി, കുറവുകളില്‍ നിറവായി, ഇല്ലായ്മകളില്‍ ഉണ്മയായി, അസ്വസ്ഥതകളില്‍ സമാധാനമായി, അവസാനം കൂടെയിരുന്ന്, കൂട്ടിരുന്ന് സ്വജീവന്‍ തന്നെ ഹോമിച്ച് അന്യര്‍ക്ക് ഭക്ഷണമായി – ദിവ്യകാരുണ്യമായി മാറിയപ്പോള്‍ അത് ഇടയഭാവത്തിന്റെ പരിപൂര്‍ണ്ണതയായി.

സ്‌നേഹമുള്ളവരെ, ഒരു നല്ലിടയനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും. ആലയില്‍ ആടുകള്‍ ഉറങ്ങുമ്പോഴും, വാതില്‍ക്കല്‍ ഉറങ്ങാതെ കാവലിരിക്കേണ്ടവനാണ് ഓരോ ഇടയനും. സ്വന്തം ശ്വാസത്തിനല്ല, അപരന്റെ ജീവശ്വാസത്തിനാണ് അവന്‍ പ്രാധാന്യം നല്‍കുക. എങ്കില്‍, ക്രിസ്തു ഒരു യഥാര്‍ത്ഥ ഇടയന്‍ തന്നെയായിരുന്നു. അതുകൊണ്ടാവണം, തന്റെ എതിരാളികള്‍ക്ക് മുന്നില്‍ നിന്നും അവന്‍ ഇപ്രകാരം ഉല്‍ഘോഷിച്ചത്. ”ഞാന്‍ നല്ല ഇടയനാണ് എന്ന്.”

ഇന്ന് അപരന്റെ ജീവന് കാവലാകേണ്ടതിന് പകരം പലപ്പോഴും കാലന്മാരായി മാറുന്ന ഒരു ദുരന്തലോകത്തിലാണ് നാം ജീവിക്കുന്നത്. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ ജീവന്‍ ഹോമിക്കപ്പെടുന്ന പിഞ്ചുബാല്യങ്ങളുടെ നിലവിളിയും, ജീവിതം ആസ്വദിച്ചുതീരാത്ത ബാല്യങ്ങളെപ്പോലും കാമഭ്രാന്തയോടെ കാണുന്നവരുടെ ആക്രോശവും, നൊന്തുപെറ്റ് ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി ജീവിതം ആഘോഷമാക്കുന്ന ന്യൂജെന്‍ മക്കളും, സ്വാര്‍ത്ഥ നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിച്ച്, ജീവിക്കുന്ന പ്രകൃതിയ്ക്ക് വില കല്‍പ്പിക്കാതെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥരായ മനുഷ്യരും ഒക്കെ നഷ്ടപ്പെട്ടുപോകുന്ന ഒരു ഇടയഭാവത്തെയാണ് തുറന്നുകാട്ടുന്നത്.

എവിടെയോ വായിച്ചു മാഞ്ഞ ഒരു ചിന്ത- ”വഴി കാണിച്ചുതരാം എന്നു പറഞ്ഞ് വന്നവര്‍ പലരും വഴിമുടക്കികളായി. പ്രകാശഗോപുരങ്ങള്‍ എന്നു പറഞ്ഞ അവതരിച്ച പലരും കരിന്തിരികളായി. ഇടയവേഷമണിഞ്ഞ പലരും വ്യാജന്മാരായിരുന്നു. സ്‌നേഹഗീതികള്‍ പാടിയ പലരും വഞ്ചനയുടെ കാര്യസ്ഥരായിരുന്നു. ശുശ്രൂഷ ചെയ്തവര്‍ പലരും സ്വാര്‍ത്ഥരായിരുന്നു.” ഇടയവേഷമണിഞ്ഞ് ജീവിതം കൊണ്ട് സത്യത്തിന്റെ സാക്ഷികളായ വിശുദ്ധരും രക്തസാക്ഷികളും ഒക്കെ നമുക്കുള്ള മാതൃകകളാണ്. ഇനി നമ്മുടെ കുടുംബജീവിതങ്ങള്‍, സമൂഹജീവിതങ്ങള്‍, സന്യാസജീവിതങ്ങള്‍ എല്ലാം യഥാര്‍ത്ഥ ഇടയനായ ക്രിസ്തുവിലേക്ക് തിരിക്കാം. ഒരു നല്ല ഇടയമനോഭാവം എന്റെ കുടുംബത്തിലും, സമൂഹത്തിലും, നിറച്ചുകൊണ്ട് അപരന്റെ ജീവിതത്തില്‍ ഒരു ഇടയനാകാന്‍ നമുക്കും പരിശ്രമിക്കാം.

ചാക്കോച്ചന്‍ വടക്കേതലക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.