ഞായറാഴ്ച പ്രസംഗം – ഫെബ്രുവരി 26; മരുഭൂമിയിലെ പരീക്ഷ (മത്തായി 4;1-11)

നോമ്പുകാലം 1-ാം ഞായര്‍ മത്തായി 4:1-11

യേശുവിനെക്കുറിച്ച് പ്രശസ്തനായ എഴുത്തുകാരന്‍ കെ. പി. അപ്പന്‍, തന്റെ പുസ്തകത്തില്‍ കുറിച്ചിട്ട മനോഹരമായ ഒരു ചിന്തയുണ്ട്. ”അവന്‍ എഴുന്നേറ്റ് കാറ്റിനെയും, കടലിനെയും ശാസിച്ചപ്പോള്‍ അവ ശാന്തമായി എന്ന ഭാഗം ഞാന്‍ പല പ്രാവശ്യം വായിച്ചു. വെള്ളം വീഞ്ഞാക്കുന്നതുകണ്ട് വിസ്മയങ്ങളില്‍ നീന്തി. അത്തിയെ ശപിക്കുന്നതു കണ്ടു പേടിച്ചു. രോഗികളുടെമേല്‍ അധികാരമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരത്ഭുതം കാണിച്ച് എന്നെ നിത്യദാസനാക്കി. യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ 40 ദിവസത്തെ ഉപവാസത്തിനുശേഷം സ്വന്തം വിശപ്പു മാറ്റുവാനായി അദ്ദേഹം ഒരത്ഭുതവും കാണിച്ചില്ല. അതായിരുന്നു എനിക്ക് ഏറ്റവും വലിയ അത്ഭുതം. ക്രിസ്തു എന്ന വാക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയത്തോടെ ഞാന്‍ പഠിച്ചു.”

ഇന്ന് നമ്മള്‍ വചനത്തില്‍ വായിച്ചുകേട്ട പ്രലോഭനങ്ങള്‍ക്ക് ഒന്നും യേശുവിനെ തകര്‍ക്കാനായില്ല. പകരം അവയെല്ലാം തന്റെ പിതാവിനോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള അവസരങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ക്രിസ്തുശിഷ്യന്റെ ജീവിതത്തിലും ഇതുപോലെ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ താന്‍ ക്രിസ്തുവിന്റെ ശിഷ്യനാണെന്നു വിളിച്ചു പറയുന്നതിനുള്ള അവസരങ്ങളായി മാറ്റിയെടുക്കണം. അതായിരിക്കണം ക്രൈസ്തവന്റെ ജീവിത സാക്ഷ്യം. ജീവിതത്തിലുണ്ടാകുന്ന പരീക്ഷണങ്ങളിലും, പരീക്ഷകളിലും തളര്‍ന്ന് പോകാതെ, പാപത്തിന്റെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ അവയൊക്കെ ധീരതയോടെ നേരിട്ട് വിജയം വരിക്കേണ്ടവരാണ് ക്രൈസ്തവരെന്ന് ഇന്നത്തെ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യചരിത്രം ആരംഭിക്കുന്നതുതന്നെ ഒരു പ്രലോഭന കഥയിലാണ്.

ആദിമാതാപിതാക്കളെ പ്രലോഭിച്ച് സാത്താന്‍ പറുദീസായുടെ വെളിയിലെത്തിക്കുന്നതോടെയാണ് പ്രലോഭന ചരിത്രം തുടങ്ങുന്നത്. ഈ പ്രലോഭനത്തിന്റെ തുടര്‍ച്ച മൂലമാണ് മനുഷ്യജീവിതത്തിന്റെ പറുദീസകള്‍ മരുഭൂമികളായി മാറുന്നത്. ഇസ്രായേല്‍ ജനത്തിന്റെ ജീവിതത്തില്‍ മരുഭൂമി ദൈവാനുഭവങ്ങളെ അനുഭവിച്ചറിയുന്നതും, ഒപ്പം ദൈവത്തെ പരീക്ഷിക്കുന്നതുമായ സ്ഥലമായിരുന്നു. മരൂഭൂമിയില്‍ വെച്ചാണ് വഴിനടത്തുകയും, ഭക്ഷണം നല്‍കി പോറ്റുകയും, ദാഹജലം നല്‍കുകയും ചെയ്ത ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ചറിഞ്ഞത്. മരുഭൂമിയിലെ പ്രലോഭനങ്ങളില്‍ നിരന്തരം ഇടറി വീണ ചരിത്രമായിരുന്നു ഇസ്രായേലിനെങ്കില്‍ പുതിയ ഇസ്രായേലിന്റെ നായകനായ ക്രിസ്തു, ദൈവത്തെ പരീക്ഷിക്കുന്നില്ല, പ്രലോഭനങ്ങളില്‍ തകര്‍ന്നു വീഴുന്നില്ല. പകരം, തന്നെ ഭൂമിയിലേക്ക് അയച്ച പിതാവിനോട് വിശ്വസ്തനായി, താന്‍ ദൈവപുത്രനാണെന്ന് ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ്.

ദൈവം ഭരമേല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നവരെല്ലാം പരീക്ഷണത്തിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നു പോകേണ്ടിവരും എന്നത് വി.ഗ്രന്ഥം നല്‍കുന്ന സാക്ഷ്യമാണ്. വിശ്വാസികളുടെ പിതാവാകാന്‍ നിയമിക്കപ്പെട്ട അബ്രാഹം പുത്രബലിയുടെ തീവ്ര പ്രലോഭനത്തെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ പാപത്തിന് പരിഹാരമനുഷ്ഠിച്ചു കൊണ്ട് ദൈവസന്നിധിയില്‍ മാപ്പിരന്ന് 40 ദിവസം ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും മോശ ജീവിക്കേണ്ടതുണ്ടായിരുന്നു. നീതിമാനായ ജോബിന്റെ സഹനഗാഥ ഉത്തരമില്ലാത്തൊരു പ്രലോഭന ത്തിന്റെ കഥയാണ്.

പ്രലോഭനങ്ങള്‍ പരീക്ഷകളാണ്. അവയിലെ പരാജിതര്‍ പാപികളാണെങ്കില്‍ വിജയികളാകട്ടെ രക്ഷാകര ചരിത്രത്തിലെ നെടുംതൂണുകളും. പ്രലോഭനങ്ങളെ വിജയിച്ച യേശുവും നമുക്കു പറഞ്ഞുതരുന്നതും ഇതാണ്. സാത്താന്‍ കൊണ്ടുവരുന്ന നിറമുള്ള, കൊതിപ്പിക്കുന്ന പ്രതീക്ഷകള്‍ക്കുമപ്പുറം ദൈവത്തിന്റെ ഹിതം ആരായാനുള്ള മനസ്സു കാണിക്കുന്നവനാണ് പ്രലോഭനങ്ങളില്‍ വിജയിക്കുന്നത്. അപ്പോഴാണ് അവന്‍ തന്റെ ദൈവപുത്രസ്ഥാനം ഏറ്റു പറയുക.

ഇസ്രായേല്‍ ജനം മരുഭൂമിയില്‍ അപ്പം കിട്ടാതെ വന്നപ്പോള്‍ ദൈവത്തെ തള്ളിപ്പറയുകയും, ഉപേക്ഷിക്കുകയും ചെയ്തതുപോലെ, പിതാവിനെ തള്ളിപ്പറയാതെ, ആ പിതാവ് നല്‍കുന്ന സംരക്ഷണവും കരുതലും ഏറ്റു പറയുന്ന പുത്രനെയാണ് ആദ്യത്തെ പ്രലോഭനം നേരിടുന്ന യേശുവില്‍ കാണുക. ഈ ഉറപ്പാണ് നമ്മുടെ ജീവിതത്തിലും ഉണ്ടാകേണ്ടത്. എത്ര വലിയ മരുഭൂമി അനുഭവം ഉണ്ടായാലും. എന്റെ പിതാവ് എന്നെ സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യുമെന്നുള്ള വലിയ വിശ്വാസം.

അന്യദേവന്മാരുടെ പുറകെ പോയി, ഇസ്രായേലിന്റെ ദൈവത്തെ പരീക്ഷിച്ച ജനത്തെപ്പോലെ, ദൈവത്തെ പരീക്ഷിക്കുന്ന യേശുവിനെയല്ല നമ്മള്‍ വചനത്തില്‍ വായിക്കുക. ദൈവത്തെ ആരാധിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന എല്ലാറ്റിനെയും തള്ളിക്കളഞ്ഞ് പിതാവിന്റെ ഹിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന യേശുവിനെയാണ്. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തിലും, വസ്തുക്കളെ പരീക്ഷിച്ച് ഗുണമേന്മ തിരിച്ചെടുക്കുന്നതുപോലെ, ദൈവത്തെ നാം പരിശോധിക്കരുത്. ദൈവം തന്റെ ശക്തിയും, സ്‌നേഹവും തെളിയിച്ചെങ്കിലെ ഞാന്‍ വിശ്വസിക്കൂ എന്ന് ശഠിക്കരുത്. മറിച്ച് ദൈവഹിതത്തോട് ചേര്‍ന്നു നില്‍ക്കുക.

ഇന്നത്തെ ലോകത്തില്‍ എല്ലാം കിട്ടണമെന്നും, എല്ലാം കീഴടക്കണമെന്നും, എല്ലാം സ്വന്തമാക്കി വിജയശ്രീലാളിതരാകാനുള്ള ഭൗതിക പ്രലോഭനത്തെ ദൂരയകറ്റാനുള്ള വഴി, മൂന്നാമത്തെ പ്രലോഭനത്തെ പരാജയപ്പെടുത്തുന്നതു വഴി യേശു കാണിച്ചു തരുന്നു. ദൈവത്തെ മാത്രമാണ് ഹൃദയത്തില്‍ പതിക്കേണ്ടതും, ആരാധിക്കേണ്ടതും.
‘ദൈവ മനുഷ്യന്റെ സ്‌നേഹഗീതയില്‍’ ഒരു മനുഷ്യന്‍ യേശുവിന്റെയടുക്കല്‍ വന്ന് ചോദിക്കുന്നുണ്ട്. ”ഗുരോ അങ്ങ് ഒരിക്കലും പാപം ചെയ്തിട്ടില്ലേ?” ”യേശു പറഞ്ഞു, ഇല്ല ഞാന്‍ ഒരിക്കലും പാപം ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് ഒരിക്കലും പാപം ചെയ്തിട്ടുമില്ല.” എല്ലാറ്റിലും ഉപരിയായി പാപം ആഗ്രഹിക്കാത്ത ഒരു മനസ്സ് നമുക്ക് ഉണ്ടായിരിക്കട്ടെ. പാപത്തില്‍ വീഴാതിരിക്കണമെങ്കില്‍ നാം പാപം ആഗ്രഹിക്കാതിരിക്കണം.

പാപം ആഗ്രഹിക്കാത്ത ഒരു ജീവിതം നല്‍കി അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. നോമ്പിന്റെ ദിനങ്ങള്‍ തിരിഞ്ഞുനോട്ടത്തിനുള്ള സമയമാണ്. വന്ന വീഴ്ചകളെ തിരുത്തി പുതിയ മനുഷ്യനാകാനും. ഒപ്പം ജീവിതത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിന്റെയും ദിനങ്ങള്‍ ഓര്‍ക്കുക, ക്രിസ്തു പരീക്ഷിക്കപ്പെട്ടെങ്കിലും ക്രിസ്തു ശിഷ്യനും പരീക്ഷിക്കപ്പെടും. അതിനാല്‍ പരീക്ഷകളില്‍ പരാജയപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥനയും ഉപവാസവും പ്രാശ്ചിത്തവും വഴി ഉറച്ച അടിസ്ഥാനം നേടിയെടുക്കാം.

സോബിന്‍ കദമ്പയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.