ഞായറാഴ്ച പ്രസംഗം ജനുവരി 21: ദൈവീക വെളിപാടുകളെ അറിയുക

ദനഹാക്കാലം മൂന്നാം ഞായര്‍ യോഹ. 129-34

അധികാരത്തിനുവേണ്ടി നെട്ടോട്ടമോടി, അത് നഷ്ടപ്പെടുത്തുന്നതും, നേടിയെടുക്കുന്നതുമായ ഒത്തിരിയേറെ സംഭവികാസങ്ങള്‍ക്ക് ഇന്ന് നമ്മളൊക്കെ സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഇന്നത്തെ ഈ തിരുവചനഭാഗം നമ്മുടെയൊക്കെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളില്‍ വിതയ്ക്കപ്പെടേണ്ടതാണ്. സുവിശേഷഭാഗം കൈയ്യിലെടുത്തു വായിക്കുമ്പോള്‍ മനസ്സിലേക്കു ഓടിവരുന്നത്- ക്രിസ്തുവിനു വേണ്ടി വഴിമാറിക്കൊടുക്കുന്ന യോഹന്നാനെയാണ്. തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി ഇതാ അങ്ങയുടെ ദാസനെ സമാധാനത്തില്‍ വിട്ടയച്ചാലും എന്നു പറഞ്ഞു നടന്നു നീങ്ങുന്ന യോഹന്നാന്‍. തിരുവചനത്തിലെ സ്‌നാപകന്റെ വ്യക്തിത്വത്തെ ഒന്നുകൂടി അടുത്തു നിന്നു വായിക്കുമ്പോള്‍ ലഭിക്കുന്ന നന്മകള്‍ നമ്മുടെ വിശ്വാസ ജീവിതത്തിലേക്കു സ്വീകരിക്കാം.

സഭാത്മക ജീവിതത്തിലും കൗദാശിക ജീവിതത്തിലും അടിസ്ഥാനപ്പെട്ട നമ്മുടെ കത്തോലിക്കാ വിശ്വാസവുമായി ഇന്നത്തെ വചനഭാഗം ചേര്‍ത്തു മനനം ചെയ്യുമ്പോള്‍, വെളിച്ചത്തു വരുന്നതിനെ മൂന്നു ഘടങ്ങളായി തിരിക്കാം.

ഒന്നാമതായി, ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയ തിരുസഭയിലൂടെ വേണം ഞാന്‍ ക്രിസ്തുവിനെ അറിയേണ്ടത്. ദൈവീക വെളിപാടുകളും, അത്ഭുതങ്ങളും അടയാളങ്ങളുമെല്ലാം എന്റെ സഭാവിശ്വാസത്തോടു ചേര്‍ത്തു നിര്‍ത്തി വായിച്ചെടുക്കേണ്ടതാണ്.

സത്യദൈവത്തേക്കുറിച്ചുള്ള വെളിപാടുകള്‍ എന്ന പേരില്‍ ആശയങ്ങളും, വാദഗതികളും പുതിയ സഭാപ്രസ്ഥാനങ്ങളുടെ പേരില്‍ പുറത്തുവരുമ്പോള്‍ ക്രിസ്തു വെളിപ്പെടുത്തിയ ദൈവത്തേക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും തിരുസഭയെ ഭരമേല്‍പ്പിച്ചിരിക്കുന്ന പരിശുദ്ധ കൂദാശകളെയും അംഗീകരിക്കാനും വിശ്വസിക്കാനും സാധിക്കണം. എന്റെ അഭീഷ്ടത്തിനനുസരിച്ചോ, എന്റെ മനസ്സിനിണങ്ങിയതോ ആവണമെന്നില്ല. വി. പാരമ്പര്യത്തിലൂടെയും വി. ലിഖിതങ്ങളിലൂടെയും ഞാന്‍ കാണുന്നത് എനിക്കിഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാതെ, രണ്ടായിരം വര്‍ഷത്തോളമായി സഭയെ നയിക്കുന്ന. പരിശുദ്ധാത്മപ്രവര്‍ത്തനത്തെ തിരിച്ചറിഞ്ഞ് വിശ്വസിക്കാന്‍ സാധിക്കണം.

രണ്ടാമതായി, ഒരോ ദിവസവും ഏറ്റുപറയുന്ന വിശ്വാസപ്രമാണം എന്റെ ജീവിത്തിന്റെ ഭാഗമാകുമ്പോള്‍ വി. കുര്‍ബാനയിലൂടെയും, കൂദാശകളിലൂടെയുമൊക്കെ ഞാനും ഈശോയെ കണ്ടുമുട്ടുകയും, തിരിച്ചറിയുകയും ചെയ്യും. ഇതിനു വിപരീതമായാണ് ഞാന്‍ എന്റെ വിശ്വാസം ക്രമപ്പെടുത്തുന്നതെങ്കില്‍ വി. കുര്‍ബാനയിലും, കൂദാശകളിലും ഈശോയുടെ സാന്നിധ്യം തിരിച്ചറിയാനാവില്ല. അവയൊക്കെ വെറും പ്രഹസനങ്ങളായി മാത്രം മാറും. ക്രിസ്തുവിന്റെ ആശീര്‍വാദം സ്വീകരിക്കുന്ന വിവാഹത്തിന്റെ വിശുദ്ധി ചോദ്യം ചെയ്യപ്പെടും. എന്നെയും, ലോകത്തേയും പ്രകൃതിയേയും ഒരു മടിയും കൂടാതെ നശിപ്പിക്കും. സത്യത്തെ തിരിച്ചറിയുമ്പോള്‍ എന്റെ നേട്ടങ്ങളെയും സ്വാര്‍ത്ഥതയെയും മാറ്റിവച്ച് ദൈവഹിതത്തിനു മുന്നില്‍ എന്നെത്തന്നെ വിട്ടുകൊടുക്കാന്‍ സാധിക്കും. ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്ന് വസിച്ച ക്രിസ്തുവാണ് പരിശുദ്ധാത്മാവുകൊണ്ട് സ്‌നാനം നല്‍കുന്നവന്‍. അതുകൊണ്ട് പരിശുദ്ധാത്മാവുകൊണ്ട് സ്‌നാനം നല്‍കുന്ന ദൈവത്തെ സഭയിലൂടെ തിരിച്ചറിയാന്‍ കഴിയണം.

മൂന്നാമതായി, ഈ തിരിച്ചറിയല്‍ സംഭവിക്കുമ്പോഴേ സ്‌നാപകനേപ്പോലെ ദൈവത്തെ കാണിച്ചുകൊടുക്കാന്‍ സാധിക്കൂ. ദൈവശാസ്ത്രപാണ്ഡിത്യമൊന്നുമില്ലാത്ത നമ്മുടെയൊക്കെ മതാപിതാക്കന്മാര്‍, പരിശുദ്ധമായ കത്തോലിക്കാ സഭയിലും, വേദവാക്യങ്ങളിലും വിശ്വസിച്ച് മക്കളെ ചേര്‍ത്തു നിര്‍ത്തി സക്രാരിയിലേക്കു ചൂണ്ടിക്കൊണ്ട് പറയും ”അവിടെ ഈശോ ഉണ്ട്.” ഇന്നത്തെ തിരുവചനം മാംസളമാകുന്നത് ഇങ്ങനെയുള്ള വി. കുടുംബത്തില്‍ കൂടിയാണ്. സത്യദൈവത്തേ തിരിച്ചറിയാത്ത തലമുറയോട് മുതിര്‍ന്ന തലമുറയ്ക്ക് ഇതാണു വഴി എന്നു പറഞ്ഞുകൊടുക്കാന്‍ ഈ തിരിച്ചറിവില്‍ നടക്കണം. നമ്മളെയൊക്കെ നോക്കി സ്‌നാപകന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും അതുതന്നെയാണ്. നിനക്കു ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ടോ?

നമുക്കു ഓര്‍ത്തിരിക്കാം, കാലത്തിന്റെ ഓട്ടത്തിനിടയില്‍ നമ്മളും മറക്കപ്പെടേണ്ടവരാണ്. എന്റെ പിറകേ വരുന്നവനും ഞാന്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തിന്റെ ചൂടു പകര്‍ന്നുകൊടുക്കണമെങ്കില്‍ ഇന്ന് ഇവിടെനിന്നത് നേടിയെടുക്കണം. കണ്ണുതുറന്ന് ക്രിസ്തുവിനേക്കാണാനുള്ള, കാഴ്ചയ്ക്കായി അജ്ഞനം ഈ വി. ബലിയില്‍ നിന്നും നേടിയെടുക്കാം. സ്‌നാപകന്റെ ജീവിതം ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ നിഴലിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ ജീവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.