ഞായറാഴ്ച പ്രസംഗം ജൂണ്‍ 11: ശ്ലീഹാക്കാലം രണ്ടാം ഞായര്‍/ പാപമോചനത്തിനനുസൃതമായ സ്‌നേഹം

ദൈവപുത്രനായ ഈശോമിശിഹാ മനുഷ്യനായത് പാപികളെ രക്ഷിക്കാനാണ്. അനുതപിക്കുന്ന പാപികള്‍ക്കുവേണ്ടി തന്റെ കരുണയുടെ വറ്റാത്ത നീരുറവ ഒഴുക്കുന്നവനാണ് അവിടുന്ന്. പരസ്യപാപികളെന്നു സമൂഹം മുദ്രകുത്തിയിരുന്നവരെപ്പോലും ശിഷ്യഗണത്തില്‍ ചേര്‍ക്കുകയും അവരുടെ ഭവനത്തില്‍ അതിഥിയായി പോവുകയും അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവനാണ് ഈശോ. അതുകൊണ്ടാണല്ലോ, ഫരിസേയരും നിയമജ്ഞരും അവിടുത്തെ ‘ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍’ എന്നു വിശേഷിപ്പിച്ചിരുന്നതു തന്നെ. ഈശോയ്ക്കു പാപികളോടുള്ള നിസ്സീമമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മികവുറ്റ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷഭാഗത്തുള്ളത് (ലൂക്കാ 7,36-50).

കര്‍ത്താവിന്റെ കരുണയ്ക്കു പാത്രീഭൂതയാകുന്ന വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും സുവിശേഷകനായ ലൂക്കാ നല്കുന്നില്ല. ‘പട്ടണത്തിലെ ഒരു പാപിനിയായ സ്ത്രീ’ എന്നു മാത്രമേ പറയുന്നുള്ളു. അവളുടെ അഭിമാനം സംരക്ഷിക്കാനുള്ള ആഗ്രഹം കൊണ്ടാകണം പട്ടണത്തിന്റെയോ അവളുടെയോ പേരു നല്കാത്തത്. അവള്‍ പ്രത്യക്ഷപ്പെടുന്നതു പട്ടണത്തിലെ തന്നെ ഒരു ഫരിസേയന്റെ ഭവനത്തിലാണ്. ഫരിസേയര്‍ പൊതുവേ, നീതിമാന്മാരാണ് എന്നു കരുതിയിരുന്നവരാണ്. വള്ളിപുള്ളി ഉപേക്ഷിക്കാതുള്ള നിയമാനുഷ്ഠാനത്തിലൂടെ ദൈവതിരുമുമ്പില്‍ തങ്ങള്‍ നീതിമത്ക്കരിക്കപ്പെടുമെന്നാ യിരുന്നു അവരുടെ ചിന്ത. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് അനുതാപമോ പാപമോചനമോ ആവശ്യമുണ്ടെന്ന് അവര്‍ ചിന്തിച്ചിരുന്നുമില്ല. സുവിശേഷത്തിലെ ഫരിസേയന്‍ തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ ഈശോയെ ക്ഷണിക്കുന്നത് എന്തെങ്കിലും അനുഗ്രഹം ഈശോയില്‍നിന്നു പ്രാപിക്കാന്‍ വേണ്ടിയായിരുന്നില്ല. അവിടുന്നു ദൈവപുത്രനും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുമാണ് എന്ന് അംഗീകരിക്കാത്തവരുമായിരുന്നല്ലോ ഫരിസേയര്‍. സമൂഹത്തില്‍ ഈശോയ്ക്കണ്ടായിരുന്ന പേരും പ്രശസ്തിയുമൊക്കെ തിരിച്ചറിഞ്ഞ ഫരിസേയന്‍, അവിടുത്തോടുള്ള സൗഹൃദപ്രകടനംവഴി മറ്റുള്ളവരുടെ മുമ്പില്‍ കേമനായി ചമയുന്നതിനുള്ള അത്യാഗ്രഹമായിരുന്നിരിക്കാം സ്വഭവനത്തിലേക്ക് ഈശോയെ ക്ഷണിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. മാത്രവുമല്ല, ഈശോയോടു പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ആതിഥ്യമര്യാദകളൊന്നും ഈ ഫരിസേയന്‍ കാണിക്കുന്നുമില്ലല്ലോ.

ഫരിസേയന്റെ വീട്ടില്‍ ഈശോ അതിഥിയായുണ്ടെന്നറിഞ്ഞ പാപനിയായ ആ സ്ത്രീ വെണ്‍കല്‍ ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെയെത്തി. ഈശോയുടെ പാദാന്തികത്തില്‍ നിന്നവള്‍ കരഞ്ഞുകൊണ്ടിരുന്നു. അവള്‍ അവിടുത്തെ പാദങ്ങള്‍ കണ്ണീരുകൊണ്ടു നനയ്ക്കുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തു. അനന്തരം അവള്‍ അവിടുത്തെ പാദങ്ങള്‍ ചുംബിക്കുകയും താന്‍ കൊണ്ടുവന്ന സുഗന്ധതൈലം അവിടുത്തെ പാദങ്ങളില്‍ പൂശുകയും ചെയ്തു. അവള്‍ ഈ ചെയ്തതെല്ലാം ഈശോയോട് അവള്‍ക്കുണ്ടായിരുന്ന സ്‌നേഹത്തിന്റെയും കൃതജ്ഞതയുടെയും അടയാളങ്ങളായി കാണേണ്ടതാണ്. മുമ്പ് ഒരവസരത്തില്‍ ഈശോയില്‍നിന്ന് പാപമോചനം സിദ്ധിച്ചവളാകണം അവള്‍. പാപം മോചിക്കപ്പെട്ടതിലുള്ള നന്ദിയും സ്‌നേഹവുമാണ് അവള്‍ പരസ്യമായി പ്രകടിപ്പിച്ചത്. ഈ സ്‌നേഹപ്രകടനങ്ങള്‍ സാധാരണയായി ഒരുവന്‍ തന്റെ അതിഥിയോടു കാണിക്കുന്നവയാണല്ലോ. 47 -ാം വാക്യത്തിലെ ഈശോയുടെ പ്രസ്താവനയും ഈ ദിശയില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. ‘ആരോട് അല്പം ക്ഷമിക്കുന്നുവോ അവന്‍ അല്പം മാത്രം സ്‌നേഹിക്കുന്നു’ എന്നാണ് അവിടുന്ന് അരുളിച്ചെയ്തത്. നിരവധിയായ തന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതിലുള്ള നന്ദിയാണവള്‍ ഈ സ്‌നേഹപ്രകടനങ്ങളിലൂടെ പ്രകാശിപ്പിച്ചത്.

ഈ സന്ദര്‍ഭത്തില്‍ ഈശോ ഫരിസേയനോട് അരുളിച്ചെയ്ത ഉപമയും ഈ ദിശിയില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. പണം വായ്പ നല്കുന്നവനില്‍നിന്ന് ഒരുവന്‍ അഞ്ഞൂറും മറ്റൊരുവന്‍ അമ്പതും ദനാറ കടം വാങ്ങി. രണ്ടും വലിയ തുകകള്‍ തന്നെയാണ്; ഒരു ദിവസത്തെ പണിക്കൂലിയാണ് ഒരു ദനാറ. അമ്പതു ദനാറ കൊടുത്തുവീട്ടാന്‍ രണ്ടു മാസത്തോളം ജോലി ചെയ്യേണ്ടിവരുമായിരുന്നു. വായ്പ തിരികെ നല്കാന്‍ അവര്‍ക്കു കഴിവില്ലാതെ വന്നപ്പോള്‍ അയാള്‍ ഇരുവര്‍ക്കും ഇളവുചെയ്തുകൊടുത്തു. ഈ ഇരുവരില്‍ ആരാണ് അയാളെ കൂടുതല്‍ സ്‌നേഹിക്കുക എന്നതു സുവ്യക്തമായി സംഗതിയാണ്. അതു കൂടുതല്‍ കടം ഇളവു ചെയ്തു ലഭിച്ചവന്‍ തന്നെയായിരിക്കും. ഈ പശ്ചാത്തലത്തില്‍ വേണം ആ സ്ത്രീയുടെ സ്‌നേഹപ്രകടനങ്ങള്‍ മനസ്സിലാക്കാന്‍.

ഈശോ ഏറ്റവുമധികം വെറുത്തിരുന്നത് ഫരിസേയമനോഭാവമാണ്. മനുഷ്യരുടെ പ്രശംസ ലക്ഷ്യംവച്ച് അവരെ കാണിക്കാന്‍വേണ്ടി കപടനാട്യം കാണിച്ചിരുന്നവര്‍ക്കെതിരെ അവിടുന്നു തുറന്നടിക്കുന്നത് നമ്മള്‍ ഗിരിപ്രഭാഷണത്തില്‍ ശ്രവിക്കുന്നുണ്ടല്ലോ (മത്താ 6,1-18). മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടി തങ്ങളുടെ നെറ്റിപ്പട്ടങ്ങളുടെ വീതിയും കുപ്പായത്തൊങ്ങലുകളുടെ നീളവും കൂട്ടുന്ന ഫരിസേയരെ ഈശോ തന്നെ വിമര്‍ശിക്കുന്നുണ്ട് (മത്താ 23,5). തുളസി, ചതുകുപ്പ, ജീരകം എന്നിവയുടെ ദശാംശം കൊടുക്കുന്ന അവര്‍ക്ക് നീതിയും കരുണയും വിശ്വാസവും അവഗണിക്കാന്‍ യാതൊരു മടിയുമില്ല (മത്താ 23,23). വെള്ള പൂശിയ ശവക്കല്ലറകളോടാണല്ലോ അവിടുന്ന് അവരെ ഉപമിക്കുന്നത് (മത്താ 23,27). ഇന്നത്തെ സുവിശേഷത്തിലെ ഫരിസേയനും ഈശോയെ വിരുന്നിനു ക്ഷണിച്ചെങ്കിലും അവിടുന്നില്‍ വിശ്വാസമില്ലായിരുന്നു എന്നതിനു തെളിവാണ് അയാളുടെ അന്തര്‍ഗതം: ‘ഇവന്‍ ഒരു പ്രവാചകന്‍ ആണെങ്കില്‍, ഈ സ്ത്രീ ആരെന്നും ഏതു തരക്കാരി ആണെന്നും മനസ്സിലാക്കുമായിരുന്നു. അവനെ സ്പര്‍ശിച്ച അവള്‍ ഒരു പാപിനിയാണല്ലോ’ (ലൂക്കാ 7,39). ഈശോയെ ദൈവപുത്രന്‍ എന്നല്ല, പ്രവാചകന്‍ ആയിപ്പോലും അംഗീകരിക്കാന്‍ ആ പ്രീശന്‍ തയ്യാറായിരുന്നില്ല എന്നു സാരം. ആ സ്ത്രീ ഏതു തരക്കാരിയാണ് എന്നതു മാത്രമല്ല, ഫരിസേയന്റെ ഉള്ളിലിരിപ്പ് എന്താണെന്നതു പോലും അവിടുത്തേക്ക് അറിയാം എന്നു വ്യക്തമാക്കുന്നതായിരുന്നു ഈശോയുടെ മറുപടി.

സുവിശേഷം കണ്ണാടിയാണല്ലോ. വായിക്കുന്ന നമ്മള്‍ ഏതു തരക്കാരാണ് എന്നു സുവിശേഷം വെളിവാക്കിത്തരും. ഇന്നത്തെ സുവിശേഷ വെളിച്ചത്തില്‍, നമ്മള്‍ ആരെപ്പോലെയാണ്? ഫരിസേയനെ പ്പോലെയോ പാപിനിയെപ്പോലെയോ? ഫരിസേയ മനോഭാവമാണു നമ്മള്‍ വച്ചുപുലര്‍ത്തുന്നതെങ്കില്‍ പാപമോചനമോ രക്ഷയോ നമുക്കു ലഭിക്കില്ല; പകരം കഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക. ദൈവം നമ്മോട് എത്രയോ അഗധമായ ക്ഷമയാണു പ്രദര്‍ശിപ്പിക്കുന്നത്! ഇത്രയധികം പാപമോചനം കര്‍ത്താവില്‍നിന്നും ദിനംപ്രതി പ്രാപിക്കുന്ന നമ്മള്‍ എത്രയോ അധികമായി അവിടുത്തെ സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു? അവിടുത്തെ ദൈവമായി അംഗീകരിച്ചേറ്റു പറയുവാനും അവിടുത്തേക്കു ശുശ്രൂഷ ചെയ്യുവാനും നമുക്കു പരിശ്രമിക്കാം. നമ്മുടെ തെറ്റുകളും കുറവുകളുമോര്‍ത്തു നമുക്കും കണ്ണീരൊഴുക്കാം; അവിടുത്തെ പാദങ്ങള്‍ കഴുകാം. അവിടുന്നു നമ്മുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കുന്നതിനുള്ള കൃതജ്ഞത സ്‌നേഹപ്രവൃത്തികളിലൂടെ നമുക്കു പ്രകടമാക്കാം. മര്‍ത്തായുടെ സഹോദരി മറിയത്തെപ്പോലെ, അവിടുത്തെ പാദാന്തികത്തിലിരുന്ന് അവിടുത്തെ ശ്രവിക്കുന്നതു തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ സ്‌നേഹപ്രകടനം.

അനുരജ്ഞനകൂദാശയിലൂടെ നമ്മുടെ പാപങ്ങള്‍ പൂര്‍ണമായി ക്ഷമിക്കപ്പെടുന്നുവെങ്കിലും അതു രക്ഷാകരമായി ഭവിക്കുന്നത് തുടര്‍ന്ന് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവൃത്തികളില്‍ നമ്മള്‍ മുഴുകുമ്പോഴാണ്. ‘നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു’ എന്നതിനോടൊപ്പം, ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു’ എന്നുകൂടി അവിടുന്ന് അരുളിച്ചെയ്യുന്നുണ്ടല്ലോ. അവള്‍ ചെയ്ത വിശ്വാസത്തിന്റെ പ്രവൃത്തികളാണ് അവളെ രക്ഷയിലേക്കു നയിച്ചത്. ഫരിസേയന് ഇല്ലാതെ പോയത് ഈ വിശ്വാസമാണ്. അതുകൊണ്ടുതന്നെയാണ് ‘അയാളുടെ ഭവനത്തിലെത്തിയ രക്ഷ’ (സക്കേവൂസിന്റെ വീട്ടില്‍ ഈശോ എത്തിയതിനെക്കുറിച്ച് അവിടുന്നു പറയുന്നത്, ‘ഇന്ന് ഈ ഭവനത്തില്‍ രക്ഷ വന്നിരിക്കുന്നു’ (ലൂക്കാ 19,10) എന്നാണല്ലോ) കയ്യില്‍നിന്നു വഴുതിപ്പോയതും. ആ ഫരിസേയന്‍ ദൈവരാജ്യത്തില്‍നിന്നും അകലെയല്ലായിരുന്നു. പക്ഷേ, ഉള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പോയി.

ഇന്നത്തെ ലേഖനത്തില്‍ പൗലോസ്ശ്ലീഹാ നമ്മെക്കുറിച്ചു പ്രകടിപ്പിക്കുന്ന സംശയവും ഇതുമായി ബന്ധപ്പെട്ടതാണ്. ‘ദുഷ്ടര്‍ ദൈവരാജ്യം കൈവശപ്പെടുത്തുകയില്ലെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?’ (1 കോറി 6,9) എന്ന് ശ്ലീഹാ ചോദിക്കുന്നത് ഈയര്‍ത്ഥത്തിലാണ്. ശ്ലീഹാ തുടരുന്നു: ‘നിങ്ങള്‍ വഞ്ചിതരാകരുത്, അസന്മാര്‍ഗികളോ വിഗ്രഹാരാധകരോ വ്യഭിചാരികളോ പരദൂഷകരോ സ്വവര്‍ഗഭോഗികളോ അത്യാഗ്രഹികളോ മോഷ്ടാക്കളോ മദ്യപരോ കവര്‍ച്ചക്കാരോ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും നിങ്ങള്‍ കഴുകി പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു’ (1 കോറി 610-11). ഈശോയുടെ (പരിശുദ്ധ ത്രിത്വത്തിന്റെ) നാമത്തില്‍ മാമ്മോദീസാ മുങ്ങിയ നമ്മള്‍ അവിടുത്തെ റൂഹായാല്‍ കഴുകി ശുദ്ധരാക്കപ്പെട്ടവരാണ് എന്ന ബോദ്ധ്യത്തോടെ വിശ്വാസത്തില്‍ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാന്‍ (പരിശുദ്ധ കുര്‍ബാനയാണല്ലോ ഏറ്റവും ഉത്തമമായ ദൈവശുശ്രൂഷ) ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.